ഓണനിലാവിൽ തിളങ്ങി തലസ്ഥാനം
ഓണം വാരാഘോഷത്തിന് തിളക്കമേകി തലസ്ഥാനത്ത് വൈദ്യുത ദീപാലങ്കാരങ്ങൾക്ക് തുടക്കമായി. നഗരത്തെ പ്രകാശപൂരിതമാക്കുന്ന വൈദ്യുത ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ നിർവഹിച്ചു.
ഓണാഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുന്നതോടെ ഇനിയുള്ള ഒരാഴ്ച കാലം തലസ്ഥാനത്ത് വിനോദസഞ്ചാരികളുടെയും നാട്ടുകാരുടെയും വൻ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ നഗരത്തിലേക്ക് കൂടുതൽ ആളുകൾ എത്തിച്ചേരുമെന്നും സ്വിച്ച് ഓൺ കർമ്മം നടത്തി മന്ത്രി പറഞ്ഞു. ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് ചടങ്ങിൽ സന്നിഹിതനായിരുന്നു.
കവടിയാർ വിവേകാനന്ദപ്പാർക്ക് മുതൽ അട്ടക്കുളങ്ങര വരെയും വെള്ളയമ്പലം ജംഗ്ഷൻ മുതൽ ശാസ്തമംഗലം വരെയുമാണ് ദീപാലങ്കാരം ഒരുക്കിയിരിക്കുന്നത്.
കനകക്കുന്ന് കൊട്ടാര വളപ്പിൽ നടന്ന ചടങ്ങിൽ സി. കെ ഹരീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. എം ആർ ബൈജു എം എൽ എ, ടൂറിസം വകുപ്പ് ഡയറക്ടർ അഞ്ജന എം, അഡിഷണൽ ഡയറക്ടർ ശ്രീധന്യാ സുരേഷ്, മര്യാപുരം ശ്രീകുമാർ, എം എ വാഹിദ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments