Skip to main content

ഓണം വാരാഘോഷത്തിന് മണ്ണിൻ്റെ മണം പകരാൻ ഊരാളിക്കൂത്ത്

# സോപാനം വേദിയിൽ ഇന്ന്( ആഗസ്റ്റ് 25) എത്തുന്നത് ഊരാളിക്കൂത്ത്, വേലകളി, വിൽപ്പാട്ട് #

ഓണം ടൂറിസം വാരാഘോഷത്തിന് നിറച്ചാർത്തേകാൻ ഊരാളിക്കൂത്തുമായി ഇടുക്കിയിൽ നിന്നും മണ്ണിൻ്റെ മക്കളെത്തുന്നു. ഇടുക്കി വണ്ണപ്പുറം പട്ടയക്കുടിയിൽ നിന്നും ബാലൻ ആശാൻ്റെ നേതൃത്വത്തിൽ ആദിവാസി കലാസംഘത്തിലെ 13 അംഗ ടീമാണ് ഇന്ന് (ആഗസ്റ്റ് 25) വൈകിട്ട് 6 മണിക്ക് കനകക്കുന്നിലെ സോപാനം വേദിയിൽ ഊരാളിക്കൂത്ത് അവതരിപ്പിക്കുന്നത്.

ഇടുക്കി, പാലക്കാട് പ്രദേശങ്ങളിലെ ആദിവാസി വിഭാഗമായ ഊരാളി സമുദായക്കാർ അവതരിപ്പിച്ചുപോരുന്ന നാടോടി കലാരൂപമാണിത്. പ്രധാനമായും വിളവെടുപ്പ്, വിവാഹം, അടിയന്തിരം ഉത്സവങ്ങളോടും ആരാധനകളോടും അനുബന്ധിച്ചാണ് ഇത് നടക്കുന്നത്. പരമ്പരാഗത വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഊരാളി സമുദായ അംഗങ്ങൾ തന്നത് വേഷഭൂഷാദികൾ അണിഞ്ഞ് വട്ടത്തിൽ ചുവടുവെച്ച് ആടുന്നു. കോവിലകൻ്റെയും കണ്ണകിയുടെയും കഥയാണ് പ്രധാന ഇതിവൃത്തം. സമുദായത്തിന്റെ അനുഷ്ഠാനങ്ങളും ദൈനംദിന ജീവിതാനുഭവങ്ങളും ഇതിൽ പ്രതിഫലിക്കുന്നു.

തുടർന്ന്, 7 മണി മുതൽ 8 മണി വരെ സോപാനം വേദിയിൽ പണയിൽ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള വേലകളിയും അരങ്ങേറും. പടയാളികളുടെ വേഷമണിഞ്ഞ് വാളും പരിചയുമേന്തി മേളത്തിനൊത്ത് തുള്ളിപ്പായുന്ന ഈ കലാരൂപം യുദ്ധവീര്യവും ചടുലമായ ചുവടുകളും കൊണ്ട് ശ്രദ്ധേയമാണ്. ദേവാസുരയുദ്ധത്തെ അനുസ്മരിപ്പിക്കുന്ന ശൈലിയിലാണ് ഇത് അവതരിപ്പിക്കുന്നത്.

 രാത്രി 8 മുതൽ 9 മണി വരെ നന്ദുണി കലാഗ്രാമം അവതരിപ്പിക്കുന്ന വിൽപ്പാട്ട് അരങ്ങിലെത്തും. പ്രധാന വാദ്യമായി വില്ല് ഉപയോഗിക്കുന്നതിനാലാണ് ഇതിന് വിൽപ്പാട്ട് എന്ന് പേരുവന്നത്. വില്ലിൽ ഘടിപ്പിച്ചിട്ടുള്ള മണികളിൽ തടി കൊണ്ടുള്ള വടികൾ കൊണ്ട് തട്ടി താളംപിടിച്ചാണ് പാട്ട് പാടുന്നത്. രാമായണം, മഹാഭാരതം, മറ്റ് പുരാണ കഥകൾ എന്നിവ ലളിതമായ കഥയും പാട്ടും കലർത്തി അവതരിപ്പിക്കുന്നു.  തോന്നയ്ക്കൽ സ്വദേശി  ഷാജി ശ്രീരംഗത്തിൻ്റെ നേതൃത്വത്തിൽ 12 കലാകാരൻമാരാണ് അരങ്ങിലെത്തുന്നത്.

date