Skip to main content

പൂരക്കളിയോടെ തിരുവരങ്ങ് ഉണരും

#തിരുവരങ്ങ് വേദിയിൽ ഇന്ന് (ആഗസ്റ്റ് 25) പൂരക്കളി, പടയണി, വിൽപാട്ട് എന്നിവ അരങ്ങേറും#

ഓണം ടൂറിസം വാരാഘോഷത്തിൻ്റെ പ്രധാന കലാവേദികളിലൊന്നായ തിരുവരങ്ങ് ഉണരുന്നത് പൂരക്കളിയോടെ. ഇന്ന് (ആഗസ്റ്റ് 25) വൈകിട്ട് 7 ന് കാസർകോട് ചെറുവത്തൂർ നെല്ലിക്കാതുരുത്തി കഴകമാണ് പൂരക്കളി അവതരിപ്പിക്കുന്നത്. 20 പേരടങ്ങുന്ന പുരുഷ സംഘമാണ് അരങ്ങിലെത്തുക. രാമായണം, ഭാരതം തുടങ്ങിയ പുരാണകഥകളെ ആസ്പദമാക്കിയുള്ള പാട്ടുകളാണ് പ്രധാനമായും ഉപയോഗിക്കുന്നത്.

ഉത്തരകേരളത്തിലെ, പ്രത്യേകിച്ച് കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ കാവുകളിലും ക്ഷേത്രങ്ങളിലും മീനമാസത്തിലെ പൂരം നാളുകളിൽ അവതരിപ്പിക്കുന്ന അനുഷ്ഠാന കലാരൂപമാണ് പൂരക്കളി. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് നിലവിളക്കിന് ചുറ്റും വട്ടത്തിൽ നിന്ന് കൈകൊട്ടിയും ചുവടുവെച്ചും പാട്ടുപാടിയുമാണ് ഇത് കളിക്കുന്നത്.  വ്രതാനുഷ്ഠാനങ്ങളോടെ നടത്തുന്ന പൂരക്കളിയിൽ ശാരീരിക അഭ്യാസവും താളബോധവും ഒരുപോലെ പ്രധാനമാണ്.

രാത്രി 7 മണി മുതൽ തിരുവരങ്ങ് വേദിയിൽ ഓതറ പടയണിയും ഭൈരവിയും പക്ഷിക്കോലങ്ങളും എത്തും. ആലപ്പുഴ ചെങ്ങന്നൂർ നാടൻ കലാക്ഷേത്രത്തിലെ 10 അംഗ സംഘമാണ് ഇന്ന്  (ആഗസ്‌റ്റ് 25) പടയണി അവതരിപ്പിക്കുന്നത്. തിരുവല്ലയ്ക്കടുത്തുള്ള ഓതറ പുതുക്കുളങ്ങര ദേവിക്ഷേത്രത്തിൽ വർഷംതോറും നടന്നുവരുന്ന അനുഷ്ഠാന കലാരൂപമാണ് ഓതറ പടയണി. 
കവുങ്ങിൻ പാളകളിൽ സ്വാഭാവിക വർണ്ണങ്ങൾ ഉപയോഗിച്ച് എഴുതിയുണ്ടാക്കുന്ന ഭീമാകാരമായ കോലങ്ങൾ ധരിച്ച് തപ്പുമേളത്തിന്റെ താളത്തിനൊത്ത് തുള്ളുന്നതാണ് ഇതിന്റെ രീതി. ഭൈരവി, യക്ഷി, മറുത, കാലൻ തുടങ്ങിയ പ്രകൃത്യാതീത ശക്തികളുടെ കോലങ്ങളാണ് പടയണിയിൽ കെട്ടിയാടിക്കുന്നത്. 28 പാളകൾ മുതൽ നൂറിലധികം പാളകൾ വരെ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഭൈരവി കോലങ്ങൾ ഓതറ പടയണിയുടെ സവിശേഷതയാണ്.
ഇന്ന് തിരുവരങ്ങിൽ 36 പാളകൾ കൊണ്ടുള്ള ഒരു ഭൈരവിയും രണ്ട് പാളകൾ വീതമുള്ള പക്ഷിക്കോലവുമാണ് അരങ്ങേറുന്നത്.

തുടർന്ന് തിരുവരങ്ങ് വേദിയിൽ 8 മണിക്ക് നെയ്യാറ്റിൻകര സാൻ്റ് ജോൺസ് കലാവേദി അവതരിപ്പിക്കുന്ന വിൽപ്പാട്ട് 'കള്ളിയങ്കാട്ട് നീലി' യും അരങ്ങേറും.

date