Skip to main content

സഞ്ചരിക്കുന്ന റേഷന്‍ കട പദ്ധതി കൂടുതല്‍ വിപുലീകരിക്കും: മന്ത്രി അനൂപ് ജേക്കബ്

 

യാത്രാസൗകര്യം പരിമിതമായ പ്രദേശങ്ങളില്‍ റേഷന്‍ സാധനങ്ങള്‍ എത്തിക്കുന്ന 'സഞ്ചരിക്കുന്ന റേഷന്‍ കട' പദ്ധതി കൂടുതല്‍ വിപുലീകരിക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. 

സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ്മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോതമംഗലം താലൂക്കില്‍ കുട്ടമ്പുഴ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന താളുകണ്ടം ഉന്നതിയില്‍ സഞ്ചരിക്കുന്ന റേഷന്‍കട ഉദ്ഘാടനവും ഫ്‌ളാഗ് ഓഫും നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സമൂഹത്തില്‍ പിന്നാക്കം നില്‍ക്കുന്ന ഗോത്രവര്‍ഗ വിഭാഗങ്ങള്‍ക്ക് റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ ഉന്നതികളില്‍ കൃത്യസമയത്ത് എത്തിച്ചുനല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.  ഓണക്കാലത്തോടനുബന്ധിച്ച് 1.65 ലക്ഷം മെട്രിക് ടണ്‍ അരി കേരളത്തിലെ പൊതുവിതരണ കേന്ദ്രങ്ങളിലൂടെയും, റേഷന്‍കടകളിലൂടെയും, മാവേലി സ്റ്റോറുകളിലൂടെയും വിതരണം ചെയ്യാന്‍ സാധിച്ചു. ഒ എം എസ് എസ് പദ്ധതിയിലൂടെ അരി വിതരണം ചെയ്തതിന് വലിയസ്വീകാര്യത ലഭിച്ചതിനാല്‍ പദ്ധതി തുടരാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും ഓണക്കാലത്തിനു ശേഷം അതിനായുള്ള ആലോചന സര്‍ക്കാര്‍ തലത്തില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. പദ്ധതി മുന്നോട്ട് പോയാല്‍ അരിയുടെ വിപണിവില നിയന്ത്രിക്കാന്‍ സാധിക്കും. സപ്ലൈകോയുടെ വിറ്റുവരവ് ഓഗസ്റ്റ് 24 ന് വൈകീട്ട് 302 കോടിയിലേക്ക് എത്തി. രണ്ട് ദിവസത്തിനകം വലിയ റെക്കോര്‍ഡ് വില്‍പ്പനയിലേക്ക് എത്തും. 25 ദിവസം കൊണ്ടാണ് ഇതിലേക്ക് എത്തിയത്. കഴിഞ്ഞവര്‍ഷം ഓഗസ്റ്റ് ഒന്നു മുതല്‍ സെപ്റ്റംബര്‍ നാല് വരെ 383 കോടിയായിരുന്നു വില്‍പ്പന. ഇത്തവണ ഓഗസ്റ്റ് ഒന്നു മുതല്‍ 25 വരെ കഴിഞ്ഞ വര്‍ഷത്തിന്റെ കണക്കിലേക്ക് എത്തിച്ചേരും. സെപ്റ്റംബര്‍ നാലാകുമ്പോള്‍ 500 കോടിയുടെ റെക്കോര്‍ഡ് വിറ്റുവരവ് സപ്ലൈകോ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധനങ്ങളുടെ ലഭ്യതയും ഗുണനിലവാരവും ഉറപ്പുവരുത്തി മുമ്പോട്ട് കൊണ്ട് പോകുക എന്നതാണ് സര്‍ക്കാരിന്റെ നയമെന്നും മന്ത്രി പറഞ്ഞു.

വടാട്ടുപാറ മിനി സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ഷിബു തെക്കുംപുറം എം എല്‍ എ അധ്യക്ഷത വഹിച്ചു. ഡീന്‍ കുര്യോക്കോസ് എം പി മുഖ്യാതിഥിയായി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി കുര്യാക്കോസ്,  ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിന്‍സി മോഹന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എല്‍ദോസ് ബേബി, വാര്‍ഡ് അംഗങ്ങളായ എം കെ രാമചന്ദ്രന്‍, ഭാഗ്യലക്ഷ്മി രാജന്‍, സി കെ കവിത, സല്‍മ ഷാനവാസ്, തുണ്ടത്തിൽ റേഞ്ച് ഓഫീസര്‍ നിഖില്‍ ജെറോം, ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ ജോബി വര്‍ഗീസ്, ഇ എം മൈക്കിള്‍, ജോണ്‍സണ്‍ കാച്ചപ്പിള്ളി, കെ എസ് ഔസേപ്പ്, മാത്യു ജോസഫ്, പി എ അനസ്, കെ എ അലി, അരുണ്‍ നെല്ലിമറ്റം, തോമസ് വട്ടപ്പാറ, ജോസ് വര്‍ഗീസ്, വി വി ബേബി, ആന്റണി പാലക്കുഴി, ഒ കെ ശാലോന്‍, താളുകണ്ടം ഉന്നതി മൂപ്പന്‍ സി കെ ബാലകൃഷ്ണന്‍, ജില്ലാ സപ്ലൈ ഓഫീസര്‍ വി ആര്‍ ഷാജി തുടങ്ങിയവര്‍ പങ്കെടുത്തു.

date