ആശ്വാസകിരണം: 24,857 ഗുണഭോക്താക്കൾക്ക് 3400 രൂപ വീതം വിതരണം ചെയ്തു
സംസ്ഥാന സർക്കാരിന്റെ ആശ്വാസകിരണം പദ്ധതിക്ക് കീഴിൽ 24,857 ഗുണഭോക്താക്കൾക്കായി 3400 രൂപ വീതം ധനസഹായം വിതരണം ചെയ്തു. പദ്ധതിയുടെ 2026- 2027 സാമ്പത്തിക വർഷത്തെ നടത്തിപ്പിനായി ആദ്യഗഡുവായി അനുവദിച്ച 10 കോടി രൂപ ഉപയോഗിച്ചാണ് ഈ തുക നൽകിയത്. 8,43,46,400 രൂപ ചെലവഴിച്ചിട്ടുണ്ട്. ഇതിന് പുറമെ, കഴിഞ്ഞ സാമ്പത്തിക വർഷത്തെ കുടിശ്ശികയും വിതരണം ചെയ്തു.
നടപ്പുവർഷത്തെ ബഡ്ജറ്റ് വിഹിതമായ 50 കോടി രൂപയിൽ നിന്നാണ് ഇതിനുള്ള ഭരണാനുമതി നൽകിയത്. ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിച്ച 24,536 പേർക്കും പുതുതായി അപേക്ഷിച്ച 321 പേർക്കുമാണ് ഈ ആനുകൂല്യം ലഭിച്ചത്. ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള മാസങ്ങളിലെ 600 രൂപ നിരക്കിലുള്ള സഹായവും ആഗസ്റ്റ് മാസത്തെ പുതുക്കിയ 1000 രൂപയും ചേർത്താണ് ഒരാൾക്ക് 3400 രൂപ നൽകിയത്. അർഹരായ മുഴുവൻ ആളുകളിലേക്കും പദ്ധതി മുഖേന സഹായം എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സാമൂഹ്യ നീതി വകുപ്പ് മന്ത്രി വി.ഇ അബ്ദുൽ ഗഫൂറിന്റെ ഓഫീസ് അറിയിച്ചു.
പി.എൻ.എക്‌സ്. 3423/2026
- Log in to post comments