Skip to main content

ചരിത്രത്തിലാദ്യമായി ഓണം എത്തും മുന്നേ ഹോണറേറിയവും ഉത്സവബത്തയും ആശമാരുടെ അക്കൗണ്ടിൽ : മന്ത്രി  കെ. മുരളീധരൻ

ആശമാർക്ക് കുടിശികയില്ലാത്ത ഓണം

ആശാ പ്രവർത്തകർക്കുള്ള ഹോണറേറിയവും ഉത്സവബത്തയും ഓണത്തിന് മുൻപേ നൽകിയതായി ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ആഗസ്റ്റ് മാസത്തെ ഹോണറേറിയമായി 12,000 രൂപയും ഉത്സവബത്ത ഇനത്തിൽ 1,450 രൂപയുമാണ് നൽകിയത്. സംസ്ഥാനത്തെ  ആശമാർക്കായി ഹോണറേറിയം ഇനത്തിൽ ആകെ 29 കോടി 93 ലക്ഷം രൂപയും ഉത്സവബത്തയായി 3 കോടി 61 ലക്ഷം രൂപയുമാണ് സർക്കാർ അനുവദിച്ചത്.

മുൻവർഷങ്ങളിൽ ഓണത്തിന് ഇവർക്ക് ലഭിച്ചിരുന്നത് അതിനു മുൻമാസങ്ങളിലെ ഹോണറേറിയമായിരുന്നു. എന്നാൽ ഇത്തവണ ആഗസ്റ്റ് മാസം അവസാനിക്കും മുന്നേ ഓണം എത്തിയെങ്കിലും ഉപാധികളില്ലാതെ ഹോണറേറിയം മുഴുവനായും സർക്കാർ നൽകി. ഇതോടെ ഇതാദ്യമായി ആശമാർക്ക് ഒരു രൂപ പോലും കുടിശികയില്ലാത്ത ഓണക്കാലം ഉറപ്പാക്കാനായി. ആശമാരടക്കമുള്ള മുൻനിര ആരോഗ്യ പ്രവർത്തകരുടെ പ്രശ്‌നങ്ങൾ പഠിച്ച്ഹോണറേറിയവും മറ്റ് ആനുകൂല്യങ്ങളും യഥാസമയം അനുവദിക്കുന്നതിലെ തടസങ്ങൾ പരിഹരിക്കുന്നതിന് സർക്കാർ പ്രഥമ പരിഗണന നൽകിയിരുന്നു. എല്ലാവരെയും ചേർത്തുപിടിക്കുന്ന കരുതലിന്റെ ഭാഗമാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.

പി.എൻ.എക്‌സ്. 3424/2026

date