ഓണം നല്ല നാളുകളുടെ ഓർമ പുതുക്കാനുള്ള അവസരം -മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി
ജില്ലാതല ഓണാഘോഷം മന്ത്രി ഉദ്ഘാടനം ചെയ്തു
ഓണം നല്ല നാളുകളുടെ ഓർമ പുതുക്കുന്ന അവസരമാണെന്നും എല്ലാ പ്രശ്നങ്ങളും മറികടന്ന് ഒരുമയുടെ നല്ല നാളുകൾ വരട്ടെ എന്നതാണ് ഓണത്തിന്റെ സന്ദേശമെന്നും മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി. സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ഡി.ടി.പി.സി, കോഴിക്കോട് ജില്ലാ ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ജില്ലാതല ഓണാഘോഷത്തിന്റെ ഉദ്ഘാടനം കോഴിക്കോട് ബീച്ച് ഫ്രീഡം സ്‌ക്വയറിലെ വേദിയില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ഒരുമയുടെ കഥകൾ പറയുന്ന നിരവധി ചരിത്രം നമുക്കുണ്ട്. അതിൽ അഭിമാനം കൊള്ളുന്നവരാണ് നമ്മൾ. മനുഷ്യർ തമ്മിലുള്ള ജാതി-മത വ്യത്യാസങ്ങൾ മറന്ന് ഓണം ഒരുമയോടെ ആഘോഷിക്കുകയാണ്. എല്ലാവർക്കും നല്ല നാളുകൾ വരാനുള്ള പ്രതിജ്ഞയെടുക്കുകയാണ് ഇതിലൂടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംഘാടക സമിതി ചെയര്‍മാന്‍ അഡ്വ. കെ ജയന്ത് എം.എല്‍.എ അധ്യക്ഷനായി. എം.കെ രാഘവന്‍ എം.പി മുഖ്യാതിഥിയായി. എം.എല്‍.എമാരായ അഡ്വ. കെ പ്രവീണ്‍ കുമാര്‍, എം.എ റസാഖ് മാസ്റ്റര്‍, അഡ്വ. ഫൈസല്‍ ബാബു, പാറക്കല്‍ അബ്ദുള്ള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, കോര്‍പറേഷന്‍ കൗസിലര്‍മാരായ സഫറി വെള്ളയില്‍, എന്‍.പി സൗഫിയ, സിറ്റി പോലീസ് കമീഷണർ എ.പി ഷൗക്കത്തലി, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അഡ്വ. പി.എം നിയാസ് എന്നിവര്‍ സംസാരിച്ചു. ജില്ലാ കലക്ടര്‍ എം.എസ് മാധവിക്കുട്ടി സ്വാഗതവും ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പ്രദീപ് ചന്ദ്രന്‍ നന്ദിയും പറഞ്ഞു. സംഘാടക സമിതി ഭാരവാഹികൾ, കലാ-സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ പ്രവർത്തകർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. ഉദ്ഘാടന സമ്മേളനത്തോടനുബന്ധിച്ച് മാതാ പേരാമ്പ്രയുടെ ദൃശ്യ-ശ്രവ്യാവിഷ്‌കാരവും തൈക്കുടം ബ്രിഡ്ജ് ബാന്‍ഡിന്റെ സംഗീത പരിപാടിയും അരങ്ങേറി.
ജില്ലയുടെ സാംസ്‌കാരിക തനിമയും കലാപെരുമയുമെല്ലാം കോര്‍ത്തിണക്കിയാണ് ഇത്തവണത്തെ ഓണാഘോഷ പരിപാടികള്‍. കോഴിക്കോട് നഗരത്തില്‍ കോഴിക്കോട് ബീച്ച് (ഓഗസ്റ്റ് 24-30), ടൗണ്‍ ഹാള്‍ (ഓഗസ്റ്റ് 25-29), ബട്ട് റോഡ് (ഓഗസ്റ്റ് 25-29), മാനാഞ്ചിറ (ഓഗസ്റ്റ് 25-27) കുറ്റിച്ചിറ (ഓഗസ്റ്റ് 25-27), തളി (ഓഗസ്റ്റ് 25-27) എന്നീ കേന്ദ്രങ്ങളാണ് വേദിയാവുക. നഗരത്തിന് പുറത്ത് 25ന് കോരപ്പുഴയില്‍ ജലോത്സവം, 26ന് അകലാപ്പുഴയിലും 27ന് കാപ്പാട് ബീച്ചിലും ഘോഷയാത്ര, സാംസ്‌കാരിക സദസ്സ്, കലാവിരുന്ന് എന്നിവയും 29ന് ഉള്ളൂര്‍ കടവില്‍ കയാക്കിങ് ഫെസ്റ്റും നടക്കും.
25ന് വൈകീട്ട് ആറിന് ബീച്ച് ഫ്രീഡം സ്‌ക്വയറിലെ പ്രധാന വേദിയില്‍ നര്‍ത്തകിയും നടിയുമായ ലക്ഷ്മി ഗോപാലസ്വാമിയും സംഘവും ഒരുക്കുന്ന നൃത്തപരിപാടിയും ഹരീഷ് കണാരനും നിര്‍മല്‍ പാലാഴിയും അവതരിപ്പിക്കുന്ന കോമഡി ഷോയും അരങ്ങേറും. ഭട്ട് റോഡ് ബീച്ചിലെ വേദിയില്‍ വൈകീട്ട് ആറിന് നടക്കുന്ന ചടങ്ങ് കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദീഖ് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് മ്യൂസിക് ആര്‍ട്ടിസ്റ്റ് അസോസിയേഷന്റെ ഗാനമേള നടക്കും. മാനാഞ്ചിറയിലെ വേദിയില്‍ വൈകീട്ട് അഞ്ചിന് കളരിപ്പയറ്റ്, ആറിന് തെയ്യം, ഏഴിന് കഥകളി, എട്ടിന് ലിയാന സലീമിന്റെ വയലിന്‍ ഫ്യൂഷന്‍ എന്നിവയും ടൗണ്‍ഹാള്‍ വേദിയില്‍ വൈകീട്ട് ആറിന് നാടകോത്സവത്തില്‍ മണ്‍സൂണ്‍ തിയേറ്റേഴ്‌സിന്റെ 'മരിച്ചവരെ കുളിപ്പിച്ചൊരുക്കേണ്ട വിധം', പൂക്കാട് കലാലയത്തിന്റെ ഗുരുപഥം എന്നിവയും അരങ്ങിലെത്തും. കുറ്റിച്ചിറയിലെ വേദിയില്‍ വൈകീട്ട് 6.30ന് ബാപ്പു വെള്ളിപ്പറമ്പിന്റെയും സംഘത്തിന്റെയും ഗാനമേളയും കോല്‍ക്കളിയും തളിയിലെ വേദിയില്‍ വൈകീട്ട് ആറിന് അനില്‍ ദാസിന്റെ ഹിന്ദുസ്ഥാനി ഗസലും ഏഴുമണിക്ക് അശ്വതി ശ്രീകാന്തിന്റെ ഭരതനാട്യവും നടക്കും.
26ന് വൈകീട്ട് ആറിന് ബീച്ച് ഫ്രീഡം സ്‌ക്വയറിലെ വേദിയില്‍ നരേഷ് അയ്യര്‍, സുനില്‍കുമാര്‍ എന്നിവരുടെ സംഗീത പരിപാടി, ധ്വനിതരംഗ് കൊച്ചിയുടെ ഡാന്‍സ് മാനിയ എന്നിവയും ഭട്ട് റോഡ് ബീച്ച് വേദിയില്‍ വൈകീട്ട് ആറിന് എം സ്വാതികയുടെ കുച്ചിപ്പുടി, മുഹമ്മദ് അസ്‌ലമിന്റെ ബോളിവുഡ് ഹിറ്റ്‌സ് സംഗീത പരിപാടി എന്നിവയും ടൗണ്‍ഹാള്‍ വേദിയിലെ നാടകോത്സവത്തില്‍ വൈകീട്ട് 6.30ന് കോഴിക്കോട് രംഗഭാഷയുടെ 'ഒരുക്കം' നാടകോത്സവവും മാനാഞ്ചിറ സ്‌ക്വയറിലെ വേദിയില്‍ വൈകീട്ട് അഞ്ചിന് യോഗ, ആറിന് മെഗാ തിരുവാതിര, 6.30ന് പാവനാടകം, 7.30ന് തുടികൊട്ടും പാട്ട്, എട്ടിന് ദഫ്മുട്ട്, 8.30ന് ഡ്രംസ് ഡിയോ എന്നിവയും കുറ്റിച്ചിറയിലെ വേദിയില്‍ വൈകീട്ട് 6.30ന് റാസ ആന്‍ഡ് ടീമിന്റെ ഗസലും തളിയിലെ വേദിയില്‍ വൈകീട്ട് ആറിന് അജിത്ത് സുബ്രഹ്്മണ്യന്റെ ഹിന്ദുസ്ഥാനി ക്ലാസിക്കലും ഏഴിന് സീത ശശിധരന്റെ ഭരതനാട്യവും അരങ്ങേറും.
27ന് വൈകീട്ട് ആറിന് ബീച്ച് ഫ്രീഡം സ്‌ക്വയര്‍ വേദിയില്‍ ഹരിശങ്കര്‍ ആന്‍ഡ് ടീമിന്റെ ഓര്‍ക്കസ്ട്ര, ബിജുല ബാലകൃഷ്ണന്റെ കുച്ചിപ്പുടി എന്നിവയും ഭട്ട് റോഡ് ബീച്ച് വേദിയില്‍ വൈകീട്ട് ആറിന് എം.എസ് ബാബുരാജ് മെഹ്ഫിലും നാട്ടുവെളിച്ചം ഗാനമേളയും കുറ്റിച്ചിറയിലെ വേദിയില്‍ വൈകീട്ട് 6.30ന് സിബല്ല സദാനന്ദന്‍ ആന്‍ഡ് ടീമിന്റെ വനിതാ ഓര്‍ക്കസ്ട്രയും തളി വേദിയില്‍ വൈകീട്ട് ആറിന് ഡോ. സുധ രഞ്ജിത്തിന്റെ കര്‍ണാട്ടിക് ക്ലാസിക്കല്‍ കച്ചേരിയും ഏഴിന് കലാമണ്ഡലം ശ്രീരേഖ ജി. നായരുടെ മോഹിനിയാട്ടവും ടൗഹാള്‍ വേദിയില്‍ വൈകീട്ട് 6.30ന് നാടകോത്സവത്തില്‍ കോഴിക്കോട് അഭിനയ തിയറ്റേഴ്‌സിന്റെ 'മിത്രന്‍ പട്ടേരി' നാടകവും മാനാഞ്ചിറ സ്‌ക്വയര്‍ വേദിയില്‍ വൈകീട്ട് അഞ്ചിന് ജിംനാസ്റ്റിക്, ആറിന് നാടന്‍ പാട്ട്, ഏഴിന് ഒപ്പന, 7.30ന് ചാക്യാര്‍കൂത്ത്, എട്ടിന് മ്യൂസിക് ബാന്‍ഡ് എന്നിവയും ഉണ്ടാകും.
28ന് വൈകീട്ട് 5.30ന് ബീച്ചിലെ ഫ്രീഡം സ്‌ക്വയര്‍ വേദിയില്‍ കേരള സര്‍ക്കാറിന്റെ സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനും സൗത്ത് സോണ്‍ കള്‍ച്ചറല്‍ സെന്ററും ചേര്‍ന്നൊരുക്കുന്ന 'ഇന്ത്യന്‍ വസന്തോത്സവം 2026' പരിപാടിയും ഏഴിന് ഷഹബാസ് അമന്റെ ഗസല്‍ രാത്തും വേദിയുണര്‍ത്തും. ഭട്ട് റോഡ് ബീച്ച് വേദിയില്‍ ആറിന് മലബാര്‍ മെഹന്ദി സൂഫി ഡാന്‍സ്, ഏഴിന് ഗാനമേള എന്നിവയും ടൗണ്‍ഹാള്‍ വേദിയിലെ നാടകോത്സവത്തില്‍ വൈകീട്ട് 6.30ന് ആപ്ത പയ്യൂരിന്റെ 'മീന്‍ പാടും പാട്ട്', തിരുവമ്പാടി ജനചേതനയുടെ 'വിപരീതം' എന്നിവയും അരങ്ങിലെത്തും.
29ന് ബീച്ച് ഫ്രീഡം സ്‌ക്വയര്‍ വേദിയില്‍ വൈകീട്ട് ആറിന് സൗഷ്ഠവ കോഴിക്കോടിന്റെ നൃത്ത നൃത്യങ്ങളും ഏഴിന് മധു ബാലകൃഷ്ണന്‍ ആന്‍ഡ് ടീമിന്റെ ഓര്‍ക്കസ്ട്രയും നടക്കും. ഭട്ട് റോഡ് ബീച്ച് വേദിയില്‍ വൈകീട്ട് ഏഴിന് കോഴിക്കോട് ബ്രഹ്‌മ കലാക്ഷേത്രയുടെ പാട്ടും ചിരിയും, ടൗണ്‍ഹാള്‍ വേദിയിലെ നാടകോത്സവത്തില്‍ വൈകീട്ട് 6.30ന് വടകര അകം തിയറ്റര്‍ ഗ്രൂപ്പിന്റെ 'ക്ണാപ്പന്‍', നടുവട്ടം ഉറവ് സാംസ്‌കാരിക വേദിയുടെ 'മുച്ചീട്ടുകളിക്കാരന്റെ മകള്‍' എന്നിവയും അരങ്ങേറും.
ഓഗസ്റ്റ് 30ന് സമാപന സമ്മേളനം റവന്യു വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് സ്റ്റീഫന്‍ ദേവസ്സിയുടെ ഫ്യൂഷന്‍ മ്യൂസികും ഉണ്ടാകും. വിനോദസഞ്ചാരവകുപ്പ് അനുവദിച്ച 40 ലക്ഷം രൂപക്ക് പുറമെ വിവിധ വ്യാപാര സ്ഥാപങ്ങളുടെയും സംഘടനകളുടെയും സഹകരണത്തോടെയാണ് ജില്ലാതല ഓണാഘോഷ പരിപാടി സംഘടിപ്പിക്കുന്നത്.
- Log in to post comments