ചിറകുകൾ നിർമിച്ച ഉൽപ്പന്നങ്ങൾ വിപണിയിലേക്ക്
ഇ.എം.ഇ.എ. സ്കൂളിന്റെ ‘ചിറകുകൾ’ പദ്ധതിക്ക് പുതിയ ചുവടുവെപ്പ്
ഭിന്നശേഷി വിദ്യാർഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുകയും അവരെ സ്വയം പര്യാപ്തതയിലേക്ക് നയിക്കുന്നതിനുമായി ഇ.എം.ഇ.എ. ഹയർ സെക്കൻഡറി സ്കൂൾ കൊണ്ടോട്ടിയും അമൽ ഇൻസ്പെയേഴ്സും സംയുക്തമായി നടപ്പിലാക്കുന്ന ‘ചിറകുകൾ’ പദ്ധതിയുടെ ഭാഗമായി വിദ്യാർഥികൾ രൂപകൽപ്പന ചെയ്ത് നിർമിച്ച ഉൽപ്പന്നങ്ങൾ വിപണിയിലെത്തി.
മലപ്പുറം ആസൂത്രണ സെക്രട്ടേറിയറ്റിലെ ജില്ലാ വികസന കമ്മീഷണറുടെ ചേംബറിൽ ജില്ലാ വികസന കമ്മീഷണറും തിരൂർ സബ് കളക്ടറുമായ ദിലീപ് കെ. കൈനിക്കര ഐ.എ.എസ്. ഉൽപ്പന്നങ്ങളുടെ പ്രകാശനം നിർവഹിച്ചു. സ്കൂൾ പ്രധാനാധ്യാപിക രോഹിണി കെ.എസ്. ഉൽപ്പന്നങ്ങൾ ഏറ്റുവാങ്ങി.
ഭിന്നശേഷി വിദ്യാർഥികളുടെ കഴിവുകൾ കണ്ടെത്തി പരിപോഷിപ്പിക്കുകയും അവരുടെ ആത്മവിശ്വാസവും സ്വയംപര്യാപ്തതയും വർധിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ‘ചിറകുകൾ’ പദ്ധതി ആരംഭിച്ചത്.
വിദ്യാർഥികളുടെ ആശയങ്ങളും സർഗാത്മക കഴിവുകളും പ്രയോജനപ്പെടുത്തി അവർ തന്നെ രൂപകൽപ്പന ചെയ്ത് നിർമിച്ച ഉൽപ്പന്നങ്ങളാണ് ‘ചിറക്’ എന്ന പേരിൽ വിപണിയിലെത്തിക്കുന്നത്.
നിലവിൽ വിദ്യാർഥികളുടെ നേതൃത്വത്തിൽ ചിറക് അലങ്കാര വസ്തുക്കൾ, ചിറക് പേന, ചിറക് ചവിട്ടി, ചിറക് മുടിയലങ്കാരം, ചിറക് കരുതൽ താക്കോൽക്കൂട്ടി എന്നീ അഞ്ച് ഉൽപ്പന്നങ്ങളാണ് പുറത്തിറക്കിയത്. ഉൽപ്പന്നങ്ങൾ പ്രധാന കടകളിൽ ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്.
ഉൽപ്പന്നങ്ങളുടെ വിൽപ്പനയിലൂടെ ലഭിക്കുന്ന വരുമാനം വിദ്യാർഥികളുടെ ക്ഷേമത്തിനും പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾക്കും വിനിയോഗിക്കും. കഴിവുകൾക്ക് അവസരം ഒരുക്കുന്നതിനൊപ്പം സംരംഭകത്വത്തിലേക്കും സാമൂഹിക പങ്കാളിത്തത്തിലേക്കും വിദ്യാർഥികളെ കൈപിടിച്ചുയർത്തുകയാണ് ‘ചിറകുകൾ’ പദ്ധതിയുടെ ലക്ഷ്യമെന്ന് പദ്ധതി കോർഡിനേറ്റർ കെ.എം. ഇസ്മായിൽ മാസ്റ്റർ പറഞ്ഞു.
സ്കൂളിലെ വിവിധ ക്ലബുകൾ, ഡിവിഷൻ കൗൺസിലർ, കുടുംബശ്രീ, നാട്ടുകാർ എന്നിവരുടെ സഹകരണത്തോടെയാണ് ‘ചിറകുകൾ’ പദ്ധതി നടപ്പാക്കുന്നത്. സ്കൂൾ ഉൾപ്പെടുന്ന ഗ്രാമത്തെ ഭിന്നശേഷി സൗഹൃദമാക്കുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി നടക്കുന്നുണ്ട്.
ചിറക് ബ്രാൻഡ് അംബാസഡർ അമൽ ഇഖ്ബാൽ പദ്ധതി വിശദീകരിച്ചു. ‘ചിറകുകൾ’ മാതൃകയെ ദിലീപ് കെ. കൈനിക്കര ഐ.എ.എസ്. അഭിനന്ദിച്ചു.
സമൂഹത്തിന്റെ പിന്തുണയോടെ കൂടുതൽ ഉൽപ്പന്നങ്ങളും പദ്ധതികളും വികസിപ്പിച്ച് ‘ചിറകുകൾ’ കൂടുതൽ വിപുലമാക്കുമെന്ന് വിദ്യാർഥി ഏകോപക എ. മാളവിക പറഞ്ഞു.
ഡിവിഷൻ കൗൺസിലർ ഫൗസിയ ഇഖ്ബാൽ, വി.കെ. ഖാലിദ്, പ്രധാനാധ്യാപിക രോഹിണി കെ.എസ്., ഗ്രാമതല പദ്ധതി ഏകോപക സാബിറ സി.പി., ജില്ലാ സാമൂഹികനീതി ഓഫീസർ സമീർ മച്ചിങ്ങൽ, സാമൂഹികനീതി എൽ.എൽ.സി. അംഗം അബ്ദുൽ നാസർ, വിനോദ് പാറക്കൽ, സാമൂഹികനീതി എൽ.എൽ.സി. അംഗം താലിസ് സി., അധ്യാപക ഏകോപകരായ കെ.എം. ഇസ്മായിൽ, വസീം അഹ്സൻ പി.കെ., സഞ്ജന കെ., ശ്രാവണ പൗർണമി ഒ., ദേവ്ന എം., അർലെറ്റ് ഡിവിന്ദാസ്, അബ്ഷ കെ., ഫാത്തിമ ഷഹീദ, മെഹ്റിൻ ഫാത്തിമ പി., ഫെല്ല റോസ്, ഇൽഫ സി., സുഭാന കെ.പി., മാളവിക എ. എന്നിവർ നേതൃത്വം നൽകി.
- Log in to post comments