Skip to main content

മലപ്പുറം ജില്ലാതല ഓണാഘോഷം 26ന് തുടങ്ങും

വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്യും

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ഓണാഘോഷം 2026' വിപുലമായി പരിപാടികളോടെ നടക്കും. ആഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഓഗസ്റ്റ് 26-ന് വൈകീട്ട് ആറിന് കോട്ടക്കുന്ന് ടൂറിസം പാര്‍ക്ക് ഓപ്പണ്‍ സ്റ്റേജില്‍ വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി നിര്‍വഹിക്കും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. കെ. ബഷീര്‍ അധ്യക്ഷത വഹിക്കും. മന്ത്രിമാരായ  എ. പി. അനില്‍കുമാര്‍, കെ. എം. ഷാജി, ഇ. ടി. മുഹമ്മദ് ബഷീര്‍ എം.പി എന്നിവര്‍ മുഖ്യാതിഥികളാവും. ജില്ലയിലെ എം.എല്‍.എ.മാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും.

ഓഗസ്റ്റ് 26 മുതല്‍ 30 വരെ വൈവിധ്യമാര്‍ന്ന കലാ-സാംസ്‌കാരിക പരിപാടികളാണ് കോട്ടക്കുന്നില്‍ അരങ്ങേറുന്നത്. ഉദ്ഘാടന ദിവസമായ  26-ന് രാത്രി ഏഴിന് പ്രശസ്ത ചലച്ചിത്ര താരങ്ങളായ ഹരീഷ് കണാരനും നിര്‍മ്മല്‍ പാലാഴിയും നയിക്കുന്ന 'കണാരന്‍ ഷോ'യും ഫാസില ബാനുവും സംഘവും അവതരിപ്പിക്കുന്ന ഗാനമേളയും നടക്കും. 27-ന് വൈകീട്ട് 6.30ന് കലാമണ്ഡലം വിവേക് അവതരിപ്പിക്കുന്ന ചാക്യാര്‍കൂത്തും 7.30-ന് ചലച്ചിത്ര പിന്നണി ഗായകന്‍ അന്‍വര്‍ സാദത്തും സംഘവും നയിക്കുന്ന ലൈവ് മ്യൂസിക്കല്‍ നൈറ്റും ഉണ്ടായിരിക്കും. ആഗസ്റ്റ് 28-ന്  എടരിക്കോട് സംഘത്തിന്റെ ഒപ്പന, കോല്‍ക്കളി,  പാലക്കാട് നിഴല്‍ ഫോക് ബാന്‍ഡ് അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകളും തെയ്യം, തിറ, കാളി വേഷങ്ങള്‍ ഉള്‍പ്പെടുന്ന പരമ്പരാഗത ദൃശ്യവിരുന്നും അരങ്ങേറും. 29-ന് വൈകീട്ട് 6.30-ന് ഷൊര്‍ണൂര്‍ കെ. വിശ്വനാഥ പുലവര്‍ സംഘത്തിന്റെ തോല്‍പാവക്കൂത്തും ഏഴിന്  സമീര്‍ ബിന്‍സിയും സംഘവും അവതരിപ്പിക്കുന്ന സൂഫി ഖവ്വാലി നൈറ്റും നടക്കും. സമാപന ദിവസമായ 30-ന് വൈകീട്ട് 6.30-ന് ശിവഗംഗ വളാഞ്ചേരിയുടെ തിരുവാതിരയും ഏഴിന് പ്രശസ്ത പിന്നണി ഗായകന്‍ അഫ്സല്‍ നയിക്കുന്ന 'സ്മൃതിഗീതം' മ്യൂസിക് ഷോയും അരങ്ങേറും.

date