കാക്കാരിശ്ശി നാടകവേദിയിൽ കൈയടി നേടി 11കാരൻ സൈന്ധവ്
കാക്കാരിശ്ശി നാടകവേദിയിൽ വേറിട്ട പ്രകടനവുമായി കാണികളുടെ കൈയടി നേടി 11 വയസുകാരൻ സൈന്ധവ്. ഓണം വാരാഘോഷത്തിന്റെ ഭാഗമായി സോപാനം വേദിയിൽ അരങ്ങേറിയ കാക്കാരിശ്ശി നാടകത്തിലാണ് ചെങ്ങന്നൂർ സ്വദേശിയായ സൈന്ധവ് ‘കാക്കാൻ’ എന്ന പ്രധാന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചത്. കാക്കാരിശ്ശി നാടകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരനെന്ന നിലയിൽ ഗിന്നസ് വേൾഡ് റെക്കോർഡിനായി സൈന്ധവ് അപേക്ഷയും നൽകിയിട്ടുണ്ട്.
കൊല്ലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘നാട്ടരങ്ങ്’ നാടക സംഘമാണ് പാരമ്പര്യ നാടോടി കലാരൂപമായ കാക്കാരിശ്ശി നാടകം ഓണവേദിയിലെത്തിച്ചത്. ശിവൻ, ഗംഗ, പാർവതി എന്നീ കഥാപാത്രങ്ങളെ ആസ്പദമാക്കി ലോകരക്ഷയ്ക്കായി ഭഗവാൻ കാക്കാന്റെ വേഷത്തിൽ ഭൂമിയിലെത്തുന്ന പുരാണ പശ്ചാത്തലമാണ് നാടകത്തിൽ അവതരിപ്പിച്ചത്. ഒരു മണിക്കൂർ ദൈർഘ്യമുള്ള അവതരണത്തിൽ കാക്കാൻ, രണ്ട് കാക്കാത്തിമാർ, തമ്പുരാൻ, വേടൻ തുടങ്ങിയ കഥാപാത്രങ്ങളാണ് അണിനിരന്നത്. അമ്മ സിന്ധുവും പ്ലസ് വൺ വിദ്യാർഥിനിയായ ചേച്ചി വൈഗയും സൈന്ധവിനൊപ്പം കാക്കാത്തിമാരായി വേഷമിട്ടിരുന്നു.
പെണ്ണുക്കര ഗവ യു.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയായ സൈന്ധവിന് കാക്കാരിശ്ശി നാടകം കുടുംബത്തിൽ നിന്നുതന്നെയാണ് പരിചിതമായത്. അമ്മ സിന്ധു സനീഷ് വീടിനടുത്ത് കാക്കാരിശ്ശി നാടക ക്ലാസ് നടത്തിവരികയാണ്. അമ്മയുടെ പരിശീലനം കണ്ടുപഠിച്ച സൈന്ധവിനെ അച്ഛൻ സനീഷ് വേദിയിൽ കളിക്കാൻ പ്രോത്സാഹിപ്പിക്കുകയായിരുന്നു. ഇതിനോടകം ആറ് വേദികളിൽ സൈന്ധവ് പ്രകടനം നടത്തി. അമ്മയുടെ അച്ഛൻ കാക്കാരിശ്ശി ആശാനായിരുന്നു. അച്ഛൻ സനീഷും കലാരംഗത്ത് സജീവമാണ്.
കാക്കാരിശ്ശിയിൽ മാത്രം ഒതുങ്ങുന്നതല്ല സൈന്ധവിന്റെ കലാപ്രവർത്തനം. സ്കൂൾതലത്തിൽ മോണോആക്ട്, സ്കിറ്റ്, കോമഡി മെഗാഷോ തുടങ്ങിയവയിലും സജീവമാണ്. സിനിമയിലും ബാലതാരമായി സൈന്ധവ് സാന്നിധ്യമറിയിച്ചിട്ടുണ്ട്. ജഗദീഷിന്റെയും ഉർവശിയുടെയും മകനായി ‘റൂം നമ്പർ 9’ എന്ന ചിത്രത്തിൽ അഭിനയിച്ചു. ‘ഓട്ടംതുള്ളൽ’ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ടെങ്കിലും ചിത്രം ഇതുവരെ റിലീസ് ചെയ്തിട്ടില്ല. സംവിധായകൻ ശങ്കറിന്റെ പേരിടാത്ത പുതിയ ചിത്രത്തിലും സൈന്ധവ് അഭിനയിക്കുന്നുണ്ട്.
- Log in to post comments