Skip to main content

ഗർഭാശയഗള കാൻസർ പ്രതിരോധമരുന്നിന് വിപണിവില ₹4,000 വരെ 14 തൊട്ട് 15 വയസ് വരെയുള്ള പെൺകുട്ടികൾക്ക് ആഗസ്റ്റ് 31 വരെ സൗജന്യം

 

കൊല്ലം ജില്ലയിൽ 86.64% വാക്സിനേഷൻ പൂർത്തിയായി

കൊല്ലം: ഗർഭാശയഗള ക്യാൻസറിനെ പ്രതിരോധിക്കുന്നതിനായി 14 വയസ്സ് പൂർത്തിയായി 15 വയസ്സ് വരെയുള്ള പെൺകുട്ടികൾക്ക് സർക്കാർ സൗജന്യമായി നൽകുന്ന HPV വാക്സിൻ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷീജ എ. എൽ. അറിയിച്ചു.

സ്വകാര്യ മേഖലയിൽ ഏകദേശം ₹4,000 വരെ വിലവരുന്ന HPV വാക്സിൻ സൗജന്യമായി ലഭിക്കുന്ന അവസരം ആഗസ്റ്റ് 31 വരെ മാത്രമാണ്. അതിനാൽ ഇതുവരെ വാക്സിൻ സ്വീകരിച്ചിട്ടില്ലാത്ത അർഹരായ പെൺകുട്ടികളുടെ മാതാപിതാക്കൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി വാക്സിനേഷൻ ഉറപ്പാക്കണം.

2026 ആഗസ്റ്റ് 25 വരെയുള്ള U-WIN റിപ്പോർട്ട് പ്രകാരം, കൊല്ലം ജില്ലയിൽ 16,787പെൺകുട്ടികൾക്ക്ആശുപത്രികളിലും സ്കൂളുകളിലുമായി HPV വാക്സിൻ നൽകി. ഇതോടെ ജില്ലയിൽ 86.64 ശതമാനം വാക്സിനേഷൻ പൂർത്തിയായി. ശേഷിക്കുന്ന അർഹരായ പെൺകുട്ടികൾക്കും വാക്സിൻ ലഭ്യമാക്കി വാക്സിനേഷൻ ലക്ഷ്യം പൂർണമായി കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ ഊർജിതമായി തുടരുകയാണ്.

HPV അണുബാധയാണ് ഗർഭാശയഗള ക്യാൻസറിന്റെ പ്രധാന കാരണങ്ങളിലൊന്ന്. കൃത്യമായ പ്രായത്തിൽ HPV വാക്സിൻ സ്വീകരിക്കുന്നത് ഭാവിയിൽ HPV മൂലമുണ്ടാകുന്ന രോഗങ്ങളും ഗർഭാശയഗള ക്യാൻസറും തടയുന്നതിനുള്ള പ്രധാന പ്രതിരോധ നടപടിയാണ്. കൗമാരപ്രായത്തിൽ തന്നെ വാക്സിൻ നൽകുന്നതിലൂടെ ഭാവിയിൽ ഉണ്ടാകാവുന്ന ആരോഗ്യപ്രശ്നങ്ങളിൽ നിന്ന് പെൺകുട്ടികൾക്ക് മികച്ച സംരക്ഷണം ഉറപ്പാക്കാൻ കഴിയും.

“പണം ചെലവാക്കാതെ ലഭിക്കുന്ന ഈ അവസരം നമ്മുടെ പെൺമക്കളുടെ ഭാവി ആരോഗ്യത്തിനുള്ള സുരക്ഷാകവചമായി കാണണം. ‘പിന്നീട് എടുക്കാം’ എന്ന് മാറ്റിവയ്ക്കാതെ ആഗസ്റ്റ് 31-ന് മുമ്പ് തന്നെ വാക്സിനേഷൻ ഉറപ്പാക്കണം. ഒരു പെൺകുട്ടി പോലും ഈ അവസരത്തിൽ നിന്ന് വിട്ടുപോകരുത്,”

ആഗസ്റ്റ് 31 വരെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും HPV വാക്സിൻ ലഭ്യമാണ്. അർഹരായ പെൺകുട്ടികളുടെ മാതാപിതാക്കൾ സമീപത്തെ സർക്കാർ ആശുപത്രിയുമായോ കുടുംബാരോഗ്യ കേന്ദ്രവുമായോ ആരോഗ്യപ്രവർത്തകരുമായോ ബന്ധപ്പെട്ട് വാക്സിനേഷൻ സംബന്ധിച്ച വിവരങ്ങൾ മനസ്സിലാക്കി വാക്സിൻ സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
 

date