ആഘോഷത്തിരക്കിലും കരുതലായി ആരോഗ്യസംഘം
ഓണാഘോഷം ആസ്വദിക്കാനെത്തുന്നവരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കാൻ ആഘോഷവേദികളിൽ വിപുലമായ ആരോഗ്യസംവിധാനങ്ങളാണ് ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുള്ളത്. കനകക്കുന്നിൽ പ്രവർത്തിക്കുന്ന ഹെൽത്ത് സെന്ററിൽ ഡോക്ടറും നഴ്സുമാരും ആംബുലൻസ് ഡ്രൈവറും ഉൾപ്പെടെയുള്ള സംഘമാണ് ഇവിടെ സേവനമനുഷ്ഠിക്കുന്നത്.
രാവിലെ 10 മുതൽ വൈകിട്ട് നാലുവരെയും വൈകിട്ട് നാലുമുതൽ പരിപാടികൾ അവസാനിക്കുന്നതുവരെയുമാണ് ആരോഗ്യസംഘത്തിന്റെ സേവനം ക്രമീകരിച്ചിരിക്കുന്നത്. ജനറൽ ആശുപത്രി, ഫോർട്ട് ആശുപത്രി , തൈക്കാട് ആശുപത്രി, പൂന്തുറ ആരോഗ്യകേന്ദ്രം, സി.എസ്.എച്ച്. വലിയതുറ, പുലയനാർകോട്ട, വേളി കുടുംബാരോഗ്യ കേന്ദ്രം, വിഴിഞ്ഞം സാമൂഹിക ആരോഗ്യകേന്ദ്രം, നേമം താലൂക്ക് ആശുപത്രി, പേരൂർക്കട ജില്ലാ ആശുപത്രി, പുത്തൻതോപ്പ്, ഐരാണിമുട്ടം, കടകംപള്ളി, പൂന്തുറ എന്നീ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നുള്ള ആരോഗ്യപ്രവർത്തകരുമാണ് സേവനത്തിനായി നിയോഗിക്കപ്പെട്ടിട്ടുള്ളത്.
വെയിലും മഴയും വലിയ ജനത്തിരക്കും ഉൾപ്പെടെയുള്ള സാഹചര്യങ്ങളിൽ ആഘോഷത്തിനെത്തുന്നവർക്ക് തലകറക്കം, ക്ഷീണം, നിർജലീകരണം, രക്തസമ്മർദത്തിലെ വ്യതിയാനം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ പ്രാഥമിക പരിശോധനയും ആവശ്യമായ ചികിത്സയും ഹെൽത്ത് സെന്ററിൽ ലഭ്യമാക്കുന്നുണ്ട്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.
- Log in to post comments