ജാനകിയമ്മയ്ക്ക് സംഗീതാർച്ചന
അന്തരിച്ച പിന്നണി ഗായിക എസ്. ജാനകിയുടെ ഓർമ്മകൾക്ക് മുന്നിൽ സ്മരണാഞ്ജലിയുമായി നിശാഗന്ധി വേദിയിൽ പ്രശസ്ത സംഗീത സംവിധായകൻ ശരത് നേതൃത്വം നൽകിയ 'രാഗേന്ദു' മ്യൂസിക്കൽ ഷോ അരങ്ങേറി. ജാനകിയമ്മയുടെ അനശ്വര ഗാനങ്ങളും ഓണം വൈബ് പാട്ടുകളും കോർത്തിണക്കിയ സംഗീതസന്ധ്യ കാണികൾക്ക് അപൂർവ്വ ദൃശ്യശ്രവ്യാനുഭവമായി.
'തളിരിട്ട കിനാക്കൾതൻ താമരമാല വാങ്ങാൻ...' എന്ന ഗാനവുമായി ശ്രുതി ശിവദാസും, 'ആ നിമിഷത്തിന്റെ നിർവൃതിയിൽ...' എന്ന ഗാനവുമായി ആൻ ബെൻസണും ചേർന്ന് സംഗീതനിശയ്ക്ക് തുടക്കമേകി. തുടർന്ന് അപൂർവ്വ സംഗീത വാദ്യോപകരണമായ ചന്ദ്രവീണയിൽ ശ്രുതിമീട്ടി ഉത്തരയും തിളങ്ങി. പ്രശസ്ത ഗായകൻ മഹാരാജപുരം രാമു ആലപിച്ച 'മലരേ മൗനമാ...' എന്ന ഗാനവും, തെന്നിന്ത്യൻ പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയഗാനമായ 'കൺമണി അൻപൊട് കാതലൻ...' തുടങ്ങിയ നിരവധിയായ പ്രശസ്ത ഗാനങ്ങളും നിശാഗന്ധിയെ സംഗീതസാന്ദ്രമാക്കി.
സംഗീതത്തോടൊപ്പം കാണികൾക്കായി ഒരുക്കിയ പ്രത്യേക സമ്മാന മത്സരങ്ങളും പരിപാടിയെ വേറിട്ടതാക്കി. ടൂറിസം, സാംസ്‌കാരികം സിനിമ വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ്, എം വിൻസൻ്റ് എം എൽ എ ഉൾപ്പെടെയുള്ളവർ കലാപരിപാടികൾ ആസ്വദിക്കാനെത്തിയിരുന്നു.
- Log in to post comments