Skip to main content

*തൃശ്ശൂർ ജില്ലയിൽ ഓറഞ്ച് അലർട്ട്: അതിശക്തമായ മഴ മുന്നറിയിപ്പ്

തൃശ്ശൂർ ജില്ലയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അതിശക്തമായ മഴ മുന്നറിയിപ്പായ (24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ) ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, 2026-ലെ 'ഓറഞ്ച് ബുക്ക്' മാർഗ്ഗരേഖ പ്രകാരം അടിയന്തര മുന്നൊരുക്ക നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പ് മേധാവികൾക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സണായ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു.

മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം എന്നിവയ്ക്ക് സാധ്യതയുള്ള മലയോര-വന മേഖലകൾ, പുഴയോരങ്ങൾ, താഴ്ന്ന പ്രദേശങ്ങൾ, ലയങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവരെയും ദുർബലവിഭാഗത്തിൽപ്പെട്ടവരെയും അടിയന്തരമായി ക്യാമ്പുകളിലേക്കോ ബന്ധുവീടുകളിലേക്കോ മാറ്റിപ്പാർപ്പിക്കണം. പട്ടികവർഗ്ഗ വിഭാഗങ്ങൾക്കായി പ്രത്യേക മുൻകരുതലുകൾ സ്വീകരിക്കാനും ആദിവാസി ഊരുകളിൽ ആവശ്യമായ മാറ്റിപ്പാർപ്പിക്കൽ നടത്താനും ജില്ലാ പട്ടികവർഗ്ഗവികസന ഓഫീസറെ ചുമതലപ്പെടുത്തി. നഗരങ്ങളിലെയും റോഡുകളിലെയും വെള്ളക്കെട്ടുകൾ പരിഹരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ ആക്ഷൻ പ്ലാനുകൾ നടപ്പിലാക്കണം. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന റോഡുകളിലും കുഴികളുള്ള ഇടങ്ങളിലും യാത്രക്കാരുടെ സുരക്ഷയ്ക്കായി അടിയന്തരമായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കേണ്ടതാണ്. അപകടാവസ്ഥയിലുള്ള മരങ്ങൾ, മരച്ചില്ലകൾ, ഹോർഡിംഗുകൾ, ഇലക്ട്രിക് പോസ്റ്റുകൾ എന്നിവ ഉടനടി നീക്കം ചെയ്യാനും കെ.എസ്.ഇ.ബി ലൈനുകളുടെയും ട്രാൻസ്ഫോർമറുകളുടെയും പരിശോധന അടിയന്തരമായി പൂർത്തിയാക്കാനും നിർദ്ദേശമുണ്ട്.

താലൂക്ക്, തദ്ദേശ സ്ഥാപനങ്ങൾ, കെ.എസ്.ഇ.ബി  എന്നിവയുടെ കൺട്രോൾ റൂമുകൾ 24*7 മണിക്കൂറും ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കണം. ഡാമുകളിലെയും പുഴകളിലെയും ജലനിരപ്പ് ഓരോ മണിക്കൂറിലും നിരീക്ഷിച്ച് കൺട്രോൾ റൂമിൽ റിപ്പോർട്ട് ചെയ്യാനും, ഡാമുകൾ തുറക്കേണ്ടി വന്നാൽ പകൽ സമയം തന്നെ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അനുമതിയോടെ അത് ചെയ്യാനും ഇറിഗേഷൻ-കെ.എസ്.ഇ.ബി  വകുപ്പുകൾക്ക് കളക്ടർ നിർദ്ദേശം നൽകി. രാത്രികാലങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള റോഡുകളിൽ ആവശ്യമെങ്കിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്താം. ടൂറിസ്റ്റുകൾക്കായി ജാഗ്രതാ നിർദ്ദേശങ്ങളും അടിയന്തര ഫോൺ നമ്പറുകളും പ്രചരിപ്പിക്കണം. ഖനന പ്രവർത്തനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയാൽ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് അതോറിറ്റിയെ വിവരം അറിയിക്കണം.

 ജില്ലാ-താലൂക്ക് തലങ്ങളിലെ ഇൻസിഡന്റ് റെസ്പോൺസ് സിസ്റ്റം പൂർണ്ണമായും സജീവമാക്കിയിട്ടുണ്ട്. ഈ ഉത്തരവുകൾ കർശനമായി പാലിക്കണമെന്നും, വീഴ്ച വരുത്തുന്നവർക്കെതിരെ ദുരന്തനിവാരണ നിയമം 2005 (ചാപ്റ്റർ X) പ്രകാരം കർശന ശിക്ഷാനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

 

date