മത്സ്യത്തൊഴിലാളി ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷാ തീയതി നീട്ടി
ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന ഭവന പുനരുദ്ധാരണ പദ്ധതിയിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി സെപ്തംബര്‍ 15 വരെ നീട്ടി. വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ഒരു വീടിന് പരമാവധി ഒരു ലക്ഷം രൂപ വരെയാണ് ഈ പദ്ധതിയിലൂടെ ധനസഹായമായി ലഭിക്കുക. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത് ഫിംസ് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ലഭിച്ചിട്ടുള്ള മറൈന്‍, ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കും പെന്‍ഷണര്‍മാര്‍ക്കും ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാം. എന്നാല്‍ ലൈഫ് ഭവന പദ്ധതി മുഖേനയോ സര്‍ക്കാരിന്റെ മറ്റേതെങ്കിലും ഭവന പുനരുദ്ധാരണ പദ്ധതികള്‍ വഴിയോ കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ ആനുകൂല്യം ലഭിച്ചവര്‍ക്ക് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ല. കൂടാതെ അപേക്ഷിക്കുന്ന വീടുകള്‍ക്ക് കുറഞ്ഞത് എട്ടു വര്‍ഷത്തെ കാലപ്പഴക്കമുണ്ടായിരിക്കണമെന്നും നിഷ്കര്‍ഷിച്ചിട്ടുണ്ട്. താത്പര്യമുള്ളവര്‍ വീടിന്റെ ഉടമസ്ഥാവകാശം വ്യക്തമാക്കുന്ന രേഖകളും മറ്റ് അനുബന്ധ രേഖകളും സഹിതം തയ്യാറാക്കിയ അപേക്ഷകള്‍ സെപ്തംബര്‍ 15-ന് വൈകുന്നേരം അഞ്ചിനകം ബന്ധപ്പെട്ട മത്സ്യഭവനുകളില്‍ ലഭ്യമാക്കണം. പൊന്നാനി, പുറത്തൂര്‍, വെട്ടം, താനൂര്‍, പരപ്പനങ്ങാടി തുടങ്ങിയ മത്സ്യഭവനുകളിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ ഫോമിനും പദ്ധതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കുമായി ഈ പ്രാദേശിക ഓഫീസുകളിലോ 0494-2666428 എന്ന ടെലിഫോണ്‍ നമ്പറിലോ ബന്ധപ്പെടണം.
- Log in to post comments