കേരളത്തെ ആഗോള ടൂറിസം-വിജ്ഞാന-ആരോഗ്യ ഹബ്ബാക്കും; മുഖ്യമന്ത്രി വി. ഡി. സതീശൻ
*അറബ് നിക്ഷേപകരെയും സഞ്ചാരികളെയും സ്വാഗതം ചെയ്ത് മുഖ്യമന്ത്രി
കേരളവും അറബ് രാജ്യങ്ങളും തമ്മിലുള്ള നൂറ്റാണ്ടുകളുടെ ചരിത്രപരമായ ബന്ധം കൂടുതൽ ദൃഢമാക്കാനും, സംസ്ഥാനത്തെ ആഗോള തലത്തിലുള്ള ടൂറിസം, വിജ്ഞാന, ആരോഗ്യ ഹബ്ബായി ഉയർത്താനും ലക്ഷ്യമിട്ട് വൻ വികസന പദ്ധതികൾ നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി . ഡി. സതീശൻ പറഞ്ഞു.
കൊച്ചിയിൽ നടന്ന ഇന്തോ-അറബ് കണക്ട് 2026 ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറബ് രാജ്യങ്ങളിലെ ജനങ്ങളും കേരളീയരും തമ്മിൽ സഹോദരതുല്യമായ ആഴത്തിലുള്ള ബന്ധമാണുള്ളത്. അറബ് ലോകത്തുനിന്നും കൂടുതൽ സഞ്ചാരികളെയും നിക്ഷേപകരെയും കേരളത്തിലേക്ക് ആകർഷിക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യം.'മിഷൻ സമുദ്ര'യും വാട്ടർ വേയ്സ് വികസനവും സർക്കാരിന്റെ പ്രധാന പദ്ധതിയായ മിഷൻ സമുദ്ര'യിലൂടെ കേരളത്തിന്റെ തീരദേശത്തെയും തുറമുഖങ്ങളെയും ബന്ധിപ്പിച്ച് സംസ്ഥാനത്തെ സമ്പൂർണ്ണ പോർട്ട് സിറ്റി'യാക്കി മാറ്റുകയാണ് ലക്ഷ്യം. കേരളത്തിലെ അന്താരാഷ്ട്ര തുറമുഖങ്ങൾ, കണ്ടെയ്നർ ടെർമിനൽ, മിനി പോർട്ടുകൾ എന്നിവയെ പദ്ധതിയിലൂടെ സംയോജിപ്പിക്കും.
രണ്ടാം ഘട്ടത്തിൽ 44 നദികളെയും പ്രധാന കായലുകളെയും ഇതിന്റെ ഭാഗമാക്കും. കൊച്ചിയിൽ നിന്ന് ഗൾഫ് രാജ്യങ്ങളിലേക്കും ഗോവയിലേക്കും, കാസർകോട് മുതൽ തിരുവനന്തപുരം വരെയും ക്രൂയിസ് സർവീസുകൾ ആരംഭിക്കും. റോഡുകളിലെ വാഹനപ്പെരുപ്പം കുറയ്ക്കാനായി ചരക്കുനീക്കത്തിന്റെ 50 മുതൽ 60 ശതമാനം വരെ ജലപാതകളിലേക്ക് മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര വിമാനത്താവളങ്ങളുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി സംസ്ഥാനത്തെ ഒരു 'അവിയേഷൻ ഹബ്ബ്' ആക്കും. പൈലറ്റ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, എം.ആർ.ഒ (MRO) സൗകര്യങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി ഒരുക്കും. കൊച്ചി വിമാനത്താവളത്തിന് സമീപം അത്യാധുനിക അന്താരാഷ്ട്ര ഗ്ലോബൽ കൺവെൻഷൻ സെന്റർ സ്ഥാപിക്കുമെന്നും അദ്ദേഹംവ്യക്തമാക്കി.
കൊച്ചിയിൽ ഇന്ത്യയിലെ ആദ്യത്തെ ഓഷ്യനേറിയം (Oceanarium) നിർമ്മിക്കുന്നതിനായി 30 ഏക്കർ ഭൂമി വിട്ടുനൽകാൻ സർക്കാർ തയ്യാറാണ്. കൂടാതെ, കേരളത്തിന്റെ 2000 വർഷത്തിലേറെ പഴക്കമുള്ള സമുദ്രവ്യാപാരി പാരമ്പര്യം വിളിച്ചോതുന്ന അന്താരാഷ്ട്ര മാരിടൈം മ്യൂസിയവും സ്ഥാപിക്കും.
31 രാജ്യങ്ങളുമായി കേരളത്തിനുണ്ടായിരുന്ന പുരാതന വാണിജ്യബന്ധത്തിന്റെ തെളിവുകൾ മുസിരിസ് ഖനനത്തിലൂടെ കണ്ടെത്തിയിട്ടുണ്ട്. ഈ പൈതൃകം നിലനിർത്തി ടൂറിസം വിപുലീകരിക്കും. കോഴിക്കോട്ട് എം. ടി. വാസുദേവൻ നായരുടെ പേരിൽ അത്യാധുനിക സാംസ്കാരിക പാർക്ക് സ്ഥാപിക്കും. തിരുവനന്തപുരം, തൃശൂർ തുടങ്ങിയ നഗരങ്ങളിലും പുതിയ ടൂറിസം കേന്ദ്രങ്ങൾ വരും.
കേരളത്തെ ആഗോള വിജ്ഞാന-ആരോഗ്യ കേന്ദ്രമാക്കാൻ ലക്ഷ്യമിട്ട് 'നോളജ് വാലി' പദ്ധതി നടപ്പിലാക്കും. പ്രമുഖ അന്താരാഷ്ട്ര യൂണിവേഴ്സിറ്റികളെ കേരളത്തിലേക്ക് ക്ഷണിക്കും.യൂറോപ്യൻ മാതൃകയിൽ ആയുർവേദവും അലോപ്പതിയും സംയോജിപ്പിച്ചുള്ള സമഗ്ര പുനരധിവാസ കേന്ദ്രങ്ങൾ ആരംഭിക്കും. യുകെ, ജർമ്മനി, ഓസ്ട്രേലിയൻ സിലബസ് മാതൃകയിൽ കെയർ ഗിവർ (Caregivers) കോഴ്സുകളും ജെറിയാട്രിക് കെയർ സെന്ററുകളും മെഡിക്കൽ/നഴ്സിംഗ് കോളേജുകളിൽ ആരംഭിക്കും. 'റിട്ടയർ ഇൻ കേരള' എന്ന സ്ലോഗൻ മുൻനിർത്തി പ്രായമായവർക്കും വിദേശികൾക്കും വിശ്രമ ജീവിതം നയിക്കാൻ അനുയോജ്യമായ എല്ലാ സൗകര്യങ്ങളും സംസ്ഥാനത്ത് ഒരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് അധ്യക്ഷത വഹിച്ചു. ദീപക് ജോയ് എം എൽ എ, മരട് നഗരസഭാ ചെയർ പേഴ്സൺ അജിത നന്ദകുമാർ, മറ്റു ജനപ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
- Log in to post comments