സ്വാതന്ത്ര്യദിനാഘോഷ വിഡിയോ വൈറലായി; പ്രതീക്ഷാഭവന്റെ തണലില്‍നിന്ന് പതിറ്റാണ്ടിന് ശേഷം യസിന്‍ നാട്ടിലേക്ക് മടങ്ങുന്നു
പത്ത് വര്‍ഷം പൂനൂര്‍ കാരുണ്യതീരം പ്രതീക്ഷാ ഭവന്റെ തണലില്‍ കഴിഞ്ഞ ഝാര്‍ഖണ്ഡ് സ്വദേശി യസിന്‍ ഷെയ്ഖ് എന്ന റഷീദ് ഒടുവില്‍ നാട്ടിലേക്ക് മടങ്ങുന്നു. സ്വാതന്ത്ര്യദിനം കൂട്ടുകാര്‍ക്കൊപ്പം ആഘോഷിക്കുന്ന വിഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും കുടുംബത്തിന്റെ ശ്രദ്ധയില്‍പ്പെടുകയും ചെയ്തതോടെയാണ് യസിന് നാട്ടിലേക്കുള്ള വഴിതുറന്നത്.
ഝാര്‍ഖണ്ഡിലെ സാഹേബ്ഗഞ്ച് ജില്ലയിലെ നാരായണ്‍പൂര്‍ സ്വദേശിയായ യസിനെ 17ാം വയസ്സിലാണ് കാണാതാവുന്നത്. കുടുംബത്തില്‍നിന്ന് വേര്‍പ്പെട്ട യസിന്‍ കോഴിക്കോട് ചെറുവാടിയിലെത്തി. സംസാര വൈകല്യമുള്ള കുട്ടി അലഞ്ഞു തിരിയുന്നത് കണ്ട നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പിന്നീട് ചൈല്‍ഡ് ലൈന്‍ മുഖേനെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് കൈമാറുകയും കോഴിക്കോട് വെള്ളിമാടുകുന്നിലെ പുണ്യഭവനിലേക്ക് മാറ്റുകയും ചെയ്തു. ആറുവര്‍ഷത്തോളം അവിടെ താമസിച്ച യസിനെ 2023 സെപ്റ്റംബറിലാണ് സാമൂഹികനീതി വകുപ്പിന്റെ സഹകരണത്തോടെ പൂനൂര്‍ കാരുണ്യതീരം ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന പ്രതീക്ഷാഭവനിലേക്ക് മാറ്റിയത്. ഇവിടെയെത്തിയതോടെ യസിന്‍ എല്ലാവര്‍ക്കും റഷീദ് ആയി.
കഴിഞ്ഞ ആഗസ്റ്റ് 15ന് ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷനും റോട്ടറി ക്ലബ് കാലിക്കറ്റ് സൈബര്‍ സിറ്റിയും സംയുക്തമായി സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിക്കിടെ മധുരം വിതരണം ചെയ്യുന്നതിനായി 'മുളകുപെട്ടി' സ്റ്റാര്‍ട്ടപ്പിന്റെ ടീം അംഗങ്ങളും കാരുണ്യതീരം ക്യാമ്പസിലെത്തിയിരുന്നു. ആഘോഷത്തിനിടെ യസിനും കൂട്ടുകാരനും പുഞ്ചിരിച്ച് നടന്നുനീങ്ങുന്ന വീഡിയോ ഇവര്‍ പകര്‍ത്തുകയും 'സ്വാതന്ത്ര്യത്തിന്റെ ചിരി' എന്ന കുറിപ്പോടെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തതോടെ വ്യാപകമായി പ്രചരിച്ചു. വിഡിയോ കണ്ട യസിന്റെ ബന്ധുവിന് സംശയം തോന്നുകയും കമന്റിടുകയും ചെയ്തു. തുടര്‍ന്ന് ലഭിച്ച ഫോണ്‍ നമ്പറിലൂടെ സ്ഥാപനവുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് കുടുംബം തിരിച്ചറിയല്‍ രേഖകള്‍ സ്ഥാപനത്തിന് കൈമാറി. പഴയ രേഖകളിലെ വിവരങ്ങളും കുടുംബം നല്‍കിയ വിവരങ്ങളും പരിശോധിച്ചതോടെ പ്രതീക്ഷാഭവനിലെ റഷീദ് തന്നെയാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് കാണാതായ യസിന്‍ ഷെയ്ഖ് എന്ന് ഉറപ്പാക്കുകയായിരുന്നു.
യസിനെ കാണാതായതിനെ തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയും വര്‍ഷങ്ങളോളം തിരച്ചില്‍ നടത്തുകയും ചെയ്‌തെങ്കിലും കണ്ടെത്താനായിരുന്നില്ല. മകനെ കണ്ടെത്താനാകാത്തതിന്റെ വേദനയില്‍ കഴിഞ്ഞ മാതാവ് നൂര്‍ഫുള്‍ ദീദി 2023ല്‍ മരണപ്പെടുകയും ചെയ്തു. തിരിച്ചറിഞ്ഞ ശേഷം വീഡിയോ കോളിലൂടെ പിതാവ് സൊഹ്റബ് ഷെയ്ഖുമായും സഹോദരങ്ങളുമായും യസിന്‍ സംസാരിക്കുകയും കുടുംബം കേരളത്തിലേക്ക് തിരിക്കുകയും ചെയ്തു. വ്യാഴാഴ്ച (സെപ്റ്റംബര്‍ 3) കാരുണ്യതീരം ക്യാമ്പസില്‍ നടക്കുന്ന യാത്രയപ്പ് സംഗമത്തിനുശേഷം യസിന്‍ നാട്ടിലേക്ക് തിരിക്കും.
പ്രതീക്ഷാഭവനിലെ ദിനചര്യകളിലും ആഘോഷങ്ങളിലുമെല്ലാം സജീവ സാന്നിധ്യമായിരുന്നു യസിന്‍. സാമൂഹികനീതി വകുപ്പ് സംഘടിപ്പിച്ച 'ഉണര്‍വ് 2023' ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ യസിന്‍ അഭിനയിച്ച 'വണ്‍ സ്‌മൈല്‍'എന്ന ഹ്രസ്വചിത്രത്തിന് സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു.
ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ ചീഫ് പാട്രണ്‍ ഷുക്കൂര്‍ കിനാലൂര്‍, പ്രസിഡന്റ് ഡോ. ബഷീര്‍ പൂനൂര്‍, ജനറല്‍ സെക്രട്ടറി സി.കെ.എ ഷമീര്‍ ബാവ, പ്രതീക്ഷാഭവന്‍ ചെയര്‍മാന്‍ ടി.എം അബ്ദുല്‍ ഹക്കീം, ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന്‍ സി.ഒ.ഒ ഐ.പി നവാസ്, സൂപ്രണ്ട് പാര്‍വതി ഭായ്, ആര്‍.എം.ഒ ഫര്‍സിന്‍ അഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് നാട്ടിലേക്കയക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്.
- Log in to post comments