പോബ്സ് എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ധാരണ: മന്ത്രി ബിന്ദു കൃഷ്ണ
ഇടുക്കി വണ്ടിപ്പെരിയാറിലെ പോബ്സ് തേയില എസ്റ്റേറ്റ് തുറന്ന് പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കാൻ ധാരണയായി. തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ എസ്റ്റേറ്റ് മാനേജ്‌മെന്റുമായും തൊഴിലാളി യൂണിയൻ നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനമായത്.
ഒരു വർഷമായി എസ്റ്റേറ്റ് പ്രവർത്തനമില്ലാതെ പൂട്ടിക്കിടക്കുകയും, തൊഴിലാളികൾക്ക് ശമ്പളം ലഭിക്കാത്ത സാഹചര്യത്തിലുമാണ് തൊഴിൽമന്ത്രി യോഗം വിളിച്ചു ചേർത്തത്. തൊഴിലാളികളുടെ വേതന കുടിശ്ശിക ഘട്ടം ഘട്ടമായി നൽകാനും ധാരണയായി. തൊഴിലാളികളുടെയും മാനേജ്‌മെന്റിന്റെയും സഹകരണത്തിലൂടെ തോട്ടം തുറന്ന് പ്രവർത്തിക്കുന്നതിനുള നടപടികൾ പൂർത്തീകരിക്കാൻ മന്ത്രി ബിന്ദു കൃഷ്ണ നിർദേശിച്ചു.
തൊഴിലാളികളുടെ പ്രോവിഡന്റ് ഫണ്ട് (പി.എഫ്) വിഹിതം അടയ്ക്കാത്തതുമായി ബന്ധപ്പെട്ട പ്രശ്‌നവും പരിഹരിക്കും. കുടിശ്ശിക തീർപ്പാക്കുന്നതിനുള്ള സമയക്രമവും വ്യവസ്ഥകളും നിശ്ചയിക്കാൻ യോഗം വിളിച്ചുചേർക്കുന്നതിന് ലേബർ കമ്മീഷണറെ ചുമതലപ്പെടുത്തി.
പീരുമേട് എം.എൽ.എ സിറിയക് തോമസ്, ലേബർ കമ്മീഷണർ സഫ്‌ന നസറുദ്ദീൻ, അഡീഷണൽ ലേബർ കമ്മീഷണർ ബീന മോൾ വർഗീസ്, എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ ഡി സുരേഷ് കുമാർ, ചീഫ് ഇൻസ്‌പെക്ടർ ഓഫ് പ്ലാന്റേഷൻസ് ശങ്കർ പി ആർ ,യൂണിയൻ പ്രതിധികളായ ആർ. തിലകൻ, പി.കെ. രാജൻ, ഷാജി പൈനാടത്ത്, പി ആർ അയ്യപ്പൻ, അഡ്വ. സോബിൻ സോമൻ, എന്നിവരും മാനേജ്‌മെന്റ് പ്രതിനിധികളായ തോമസ് ജേക്കബ്, പ്രദീപ് കുമാർ എ.കെ, സുരേഷ് പി വർഗീസ്, ഷോൺ എബ്രഹാം എന്നിവരും യോഗത്തിൽ പങ്കെടുത്തു.
പി.എൻ.എക്‌സ്. 3520/2026
- Log in to post comments