Skip to main content

ബിനാനി സിങ്ക് തൊഴിലാളികളുടെ  വേതന കുടിശ്ശിക അടിയന്തരമായി നൽകും: മന്ത്രി ബിന്ദു കൃഷ്ണ

 ആലുവ എടയാർ ബിനാനി സിങ്ക് കമ്പനിയിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക  മുൻധാരണാപത്രത്തിലെ വ്യവസ്ഥകൾ പ്രകാരം നൽകാൻ തീരുമാനമായി. തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ മന്ത്രിയുടെ ചേംബറിൽ ചേർന്ന യോഗത്തിലാണ് ധാരണയായത്. ഫിഷറീസ് വകുപ്പ് മന്ത്രി വി. ഇ അബ്ദുൾ ഗഫൂറും യോഗത്തിന് നേതൃത്വം നൽകി.

ഈ വർഷം നവംബറിൽ ആറ് കോടി രൂപയും അടുത്ത മാർച്ചിനുള്ളിൽ ശേഷിക്കുന്ന മുഴുവൻ തുകയും നൽകുമെന്ന് കമ്പനി മാനേജ്‌മെന്റ് യോഗത്തിൽ അറിയിച്ചു. മുൻ ധാരണാപത്രമനുസരിച്ചാണ് പുതിയ കാലാവധി നിശ്ചയിച്ചിട്ടുള്ളത്. തൊഴിലാളി, തൊഴിലുടമ സഹകരണം ഉറപ്പാക്കുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി യോഗത്തിൽ പറഞ്ഞു. വേതന കുടിശ്ശിക  സമയബന്ധിതമായി വിതരണം ചെയ്യുന്നതിന് സംസ്ഥാന സർക്കാർ ആവശ്യമായ പിന്തുണ നൽകുമെന്ന് മന്ത്രി വ്യക്തമാക്കി. യോഗത്തിൽ  ലേബർ കമ്മീഷണർ സഫ്‌ന നസറുദ്ദീൻ, അഡീഷണൽ ലേബർ കമ്മീഷണർ ബീന മോൾ വർഗീസ്, എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ ഡി സുരേഷ് കുമാർ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, കമ്പനി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.

പി.എൻ.എക്‌സ്. 3532/2026

date