Skip to main content

ഗിഫ്റ്റിൽ ദേശീയ സെമിനാർ ഇന്നും നാളെയും (2026 സെപ്റ്റംബർ 7, 8)

രാജ്യത്തെ ചരക്ക് സേവന നികുതി (GST) സംവിധാനത്തിലെ രണ്ടാം തലമുറ പരിഷ്‌കാരങ്ങളും അവ സംസ്ഥാനങ്ങളുടെ സാമ്പത്തിക സ്ഥിതിയിലും ധനനയത്തിലും ചെലുത്തുന്ന സ്വാധീനവും ചർച്ച ചെയ്യുന്നതിനായി ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (GIFT) ദേശീയ സെമിനാർ സംഘടിപ്പിക്കുന്നു. ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച്- ന്റെ (ICSSR) സഹകരണത്തോടെ തിരുവനന്തപുരം ഗിഫ്റ്റ് കാമ്പസിൽ സെപ്റ്റംബർ 7, 8 തീയതികളിലാണ് സെമിനാർ നടക്കുന്നത്.

സെപ്റ്റംബർ 8-ന് മുഖ്യമന്ത്രിയും, ധനകാര്യ മന്ത്രിയും ഗിഫ്റ്റ് ചെയർമാനുമായ വി. ഡി. സതീശൻ സെമിനാർ ഉദ്ഘാടനം ചെയ്യും. സാമ്പത്തിക വിദഗ്ധൻ പ്രൊഫ. എം. എ. ഉമ്മനെ ചടങ്ങിൽ ആദരിക്കും. ഗിഫ്റ്റിന്റെ പുതിയ പ്രസിദ്ധീകരണമായ 'ഇക്കോണമി ആൻഡ് ഫിസ്‌കൽ വാച്ച്' (Economy and Fiscal Watch - EFW) മുഖ്യമന്ത്രി പ്രകാശനം ചെയ്യും.

മുൻ ധനമന്ത്രിമാരായ ഡോ. ടി. എം. തോമസ് ഐസക്, കെ. എൻ. ബാലഗോപാൽ, ജമ്മുകശ്മീർ മുൻ ധന മന്ത്രി ഡോ. ഹസീബ് എ. ദ്രാബു എന്നിവർ ജി.എസ്.ടി.യുടെ ഇന്നലെകളെയും ഇന്നിനെയും നാളെയെയും കുറിച്ചുള്ള പ്രത്യേക സംവാദത്തിൽ പങ്കെടുക്കും. 7ന് രാവിലെ 10 മണിക്ക് എൻഐപിഎഫ്പി ഡയറക്ടർ പ്രൊഫ. കവിത റാവു ഉദ്ഘാടന സെഷനിൽ സംസാരിക്കും. തുടർന്ന് ടെക്‌നിക്കൽ സെഷനുകളും പ്ലീനറി സെഷനും ചർച്ചകളും നടക്കും.

ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ, മുൻ സംസ്ഥാന പ്ലാനിംഗ് ബോർഡ് വൈസ് ചെയർമാൻ കെ. എം. ചന്ദ്രശേഖർ, ഫൈനാൻസ് ആൻഡ് ടാക്‌സസ് എസിഎസ് കെ. ആർ. ജ്യോതിലാൽ, പ്രൊഫ. ബി. എ. പ്രകാശ്, പ്രൊഫ. സെബാസ്റ്റ്യൻ മോരീസ്, പ്രൊഫ.മേരി ജോർജ്, അരവിന്ദ് മോഡി, ബാലകൃഷ്ണൻ കൃഷ്ണമൂർത്തി, ഡോ. സഞ്ജയ് കുമാർ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിക്കും.

രാജ്യത്തെ പ്രമുഖ സാമ്പത്തിക വിദഗ്ധർ, നികുതി ഭരണാധികാരികൾ, നയരൂപീകരണ വിദഗ്ധർ, അക്കാദമിക് രംഗത്തെ പ്രമുഖർ എന്നിവർ സെമിനാറിൽ അണിനിരക്കും. ജിഎസ്ടി വരുമാന പ്രകടനം, ഫിസ്‌കൽ ഫെഡറലിസം, നികുതി നിരക്കുകളിലെ മാറ്റങ്ങൾ, എംഎസ്എംഇ മേഖലയിലെ സ്വാധീനം തുടങ്ങിയ നിർണായക വിഷയങ്ങൾ സെമിനാറിൽ വിശദമായി ചർച്ച ചെയ്യും.

സെമിനാറിന്റെ ഭാഗമായി മൂന്ന് പ്ലീനറി സെഷനുകളും രണ്ട് ടെക്‌നിക്കൽ സെഷനുകളുമാണ് സംഘടിപ്പിക്കുക. ജിഎസ്ടി 1.0 & 2.0 പരിഷ്‌കാരങ്ങളുടെ വിവിധ വശങ്ങളും അവ സംസ്ഥാനങ്ങളുടെ ധനകാര്യത്തിലും സാമ്പത്തിക നയങ്ങളിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും സംബന്ധിച്ച ഉന്നതതല ചർച്ചകൾക്ക് സെമിനാർ വേദിയാകും. ഒരു പ്ലീനറി സെഷനിൽ ജി എസ് ടി പ്രാക്ടീഷണർമാരുടെ കാഴ്ചപ്പാടുകളും ഉൾപ്പെടുത്തിയിട്ടുണ്ട്. 25ൽ പരം പ്രബന്ധങ്ങൾ സെമിനാറിലെ ടെക്‌നിക്കൽ സെഷനുകളിൽ അവതരിപ്പിക്കും.

പി.എൻ.എക്‌സ്. 3604/2026

date