Skip to main content

അനാഥ-അഗതി ദിനം ആചരിച്ചു

ജീവകാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായ മദര്‍ തെരേസയുടെ ജന്മദിനമായ ഓഗസ്റ്റ് 26 കേരള സര്‍ക്കാര്‍ അനാഥ-അഗതി ദിനമായി പ്രഖ്യാപിച്ച് ആചരിച്ചുവരുന്നതിന്റെ ഭാഗമായി തൃശ്ശൂര്‍ ജില്ലാതല അനാഥ-അഗതി ദിനാചരണം സംഘടിപ്പിച്ചു. സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ സഹകരണത്തോടെ തൃശൂര്‍ കിഴക്കേക്കോട്ടയിലെ ഫാമിലി അപ്പോസ്തലേറ്റ് സെന്ററില്‍ മദര്‍ തെരേസയുടെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിക്കൊണ്ട് തുടങ്ങിയ പരിപാടി എം.എല്‍.എ. രാജന്‍ ജെ. പല്ലന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പര്‍ റവ. ഫാ. ലിജോ ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു. തൃശൂര്‍ അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അനുഗ്രഹപ്രഭാഷണം നടത്തി.

ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കെ.ആര്‍ പ്രദീപന്‍, വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രതിനിധി റവ. ഫാ. ലിജോ ചിറ്റിലപ്പിള്ളി, കെ.എസ്.എസ്.എം തൃശൂര്‍ ജില്ലാ കോര്‍ഡിനേറ്റര്‍ കെ.പി. സജീവ്, ഓര്‍ഫനേജ് അസോസിയേഷന്‍ സെക്രട്ടറി ആര്‍. സജീവന്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് സിനോ സേവി തുടങ്ങിയവര്‍ സംസാരിച്ചു. ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മെമ്പര്‍മാര്‍, ജില്ലാ സാമൂഹ്യനീതി ഓഫീസ് പ്രതിനിധികള്‍, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗങ്ങള്‍, വിവിധ ക്ഷേമസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരായി.

ദിനാചരണത്തിന്റെ ഭാഗമായി ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. തുടര്‍ന്ന് സ്‌നേഹവിരുന്നും സംഘടിപ്പിച്ചു. സമൂഹത്തില്‍ കരുതലും സംരക്ഷണവും സ്‌നേഹവും ഏറ്റവും കൂടുതല്‍ ആവശ്യമായ വിഭാഗങ്ങളോടുള്ള ഉത്തരവാദിത്വം ഓര്‍മ്മിപ്പിക്കുന്നതായിരുന്നു പരിപാടി. കേരളത്തിലെ സാമൂഹ്യനീതി വകുപ്പിന്റെയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും നേതൃത്വത്തില്‍ സംരക്ഷണം ആവശ്യമായ കുട്ടികള്‍ക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും സമൂഹത്തിന്റെ കരുതലും പിന്തുണയും ഉറപ്പാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകരുന്നതായി ജില്ലാതല അനാഥ ദിനാചരണം മാറി.

 

date