സമഗ്ര ഭിന്നശേഷി പുനരധിവാസ ഗ്രാമം നിര്‍മാണോദ്ഘാടനം സെപ്റ്റംബര്‍ ഏഴിന്
മന്ത്രി വി.ഇ.അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടനം ചെയ്യും
സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഭിന്നശേഷി പുനരധിവാസ ഗ്രാമം നിര്‍മാണോദ്ഘാടനം ഫിഷറീസ്-സാമൂഹ്യനീതി വകുപ്പ് മന്ത്രി വി.ഇ.അബ്ദുല്‍ ഗഫൂര്‍ സെപ്റ്റംബര്‍ ഏഴിന് പുത്തനത്താണി ചുങ്കം ഗ്രൗണ്ടില്‍ രാവിലെ 10.30 ന് നിര്‍വഹിക്കും. കുറുക്കോളി മൊയ്തീന് എം.എല്‍.എ.അധ്യക്ഷത വഹിക്കും.
ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ വിവിധ പുനരധിവാസ സേവനങ്ങള്‍ ഒരേ കുടക്കീഴില് ഏകോപിപ്പിച്ച് ലഭ്യമാക്കുന്നതിനും അവരുടെ സ്വയം പര്യാപ്തതയും സാമൂഹ്യ ഉള്‍ച്ചേരലും ഉറപ്പാക്കുന്നതിനുമുള്ള മാതൃകാപരമായ ഒരു സമഗ്ര പുനരധിവാസ സംരംഭം എന്ന നിലയിലാണ് ഈ പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. തിരൂര്‍ താലൂക്കിലെ പുത്തനത്താണി ചുങ്കത്ത് അഞ്ചേക്കര്‍ ഭൂമിയാലാണ് ഭിന്നശേഷി പുനരധിവാസ കേന്ദ്രം യാഥാര്‍ഥ്യമാകുന്നത്.
ഡോ. എം.പി.അബ്ദുസമദ് സമദാനി എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാര്‍ ഹാജി, ജില്ലാ കളക്ടര്‍ ഡോ.വിനയ് ഗോയല്‍, സബ്കളക്ടര്‍ ദിലീപ് കെ.കൈനിക്കര, വിവിധ പഞ്ചായത്ത് ജനപ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംബന്ധിക്കും. സാമൂഹ്യനീതി വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി ബി.അബ്ദുല്‍ നാസര്‍ സ്വാഗതവും സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍ ഡോ.അരുണ്‍ എസ്.നായര്‍ നന്ദിയും പറയും.
- Log in to post comments