Skip to main content

യു.പി. സ്‌കൂളുകളിലേക്കും 'ലിറ്റിൽകൈറ്റ്‌സ് ' പൈലറ്റ് പദ്ധതിക്കായി കൈറ്റ് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ ഹൈസ്‌കൂളുകളിൽ വിജയകരമായി പ്രവർത്തിച്ചുവരുന്ന 'ലിറ്റിൽ കൈറ്റ്‌സ്' ഐ.ടി. ക്ലബ്ബുകളുടെ പ്രവർത്തനം അപ്പർ പ്രൈമറി തലത്തിലേക്ക് കൂടി വ്യാപിപ്പിക്കുന്നു. താല്പര്യമുള്ള വിദ്യാലയങ്ങൾ സെപ്റ്റംബർ 30-നകം സമ്പൂർണ സ്‌കൂൾ ലോഗിൻ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

സ്‌കൂളുകളിലെ ഐ.സി.ടി. ലാബ് സൗകര്യങ്ങൾ, സമ്പൂർണ്ണ പ്ലസ് / സമേതം പോർട്ടലുകളിലെ വിവരങ്ങളുടെ കൃത്യത, സർക്കാരിന്റെ 100 ദിന കർമ്മപരിപാടികളിലെ (ഡിജിറ്റൽ സ്‌ക്വയർ, താരാപഥം, സ്‌കൂൾ വിക്കിത്തോൺ തുടങ്ങിയവ) പങ്കാളിത്തം എന്നിവ വിലയിരുത്തിയാകും പൈലറ്റ് പദ്ധതിയിലേക്ക് സ്‌കൂളുകളെ തെരഞ്ഞെടുക്കുന്നത്. ഏഴാം ക്ലാസിൽ പഠിക്കുന്ന 10 മുതൽ 25 വരെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് യൂണിറ്റ് രൂപീകരിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് സ്‌കൂൾ സമയത്തിന് പുറമെ പ്രതിമാസം കുറഞ്ഞത് രണ്ട് മണിക്കൂർ പ്രത്യേക ഐ.ടി. പരിശീലനം നൽകും. സർക്കുലറും അപേക്ഷാ ഫോറത്തിന്റെ മാതൃകയും www.kite.kerala.gov.in ലഭ്യമാണ്.

പി.എൻ.എക്‌സ്. 3665/2026

date