റോഡ് സുരക്ഷാ ബോധവത്കരണ സെമിനാറും ക്വിസ് മത്സരവും സംഘടിപ്പിച്ചു
മോട്ടോർ വാഹന വകുപ്പിന്റെ ആഭിമുഖ്യത്തിൽ റോഡ് സുരക്ഷാ നിയമങ്ങളെക്കുറിച്ച് ബോധവത്കരണ സെമിനാറും ക്വിസ് മത്സരവും സംഘടിപ്പിച്ചു.
പരിപാടിയുടെ ഉദ്ഘാടനം കേരള ഹൈക്കോടതി അഡ്വ. ജനറൽ അഡ്വ. കെ. ജജു ബാബു നിർവഹിച്ചു. എറണാകുളം റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസും ആർ.ടി.ഒ. എൻഫോഴ്സ്മെന്റ് വിഭാഗവും സംയുക്തമായി കാക്കനാട് ചിറ്റിലപ്പിള്ളി ഓപ്പൺ സ്ക്വയറിലാണ് പരിപാടി സംഘടിപ്പിച്ചത്.
യുവാക്കൾക്കിടയിൽ വാഹനാപകടങ്ങളും മരണങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തെക്കുറിച്ച് അദ്ദേഹം ആശങ്ക പങ്കുവെച്ചു.
എണ്ണൂറോളം പേർ പങ്കെടുത്ത ചടങ്ങിൽ ഡ്രൈവിങ് ലൈസൻസ് എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, റോഡ് നിയമങ്ങൾ, സുരക്ഷിതമായ ഡ്രൈവിങ് രീതികൾ, മോട്ടോർ വാഹന വകുപ്പിന്റെ വിവിധ ഓൺലൈൻ സേവനങ്ങൾ എന്നീ വിഷയങ്ങളെക്കുറിച്ച് എറണാകുളം എം.വി.ഐ. എൻ. വിനോദ് കുമാർ റോഡ് സുരക്ഷാ ക്ലാസ് നയിച്ചു.
തുടർന്ന് നടന്ന റോഡ് സുരക്ഷാ ക്വിസ് മത്സരത്തിൽ വിജയികളായ എം. നിവേദ് , കെ. ഫാസില എന്നിവർക്ക് സമ്മാനമായി ഹെൽമെറ്റുകൾ വിതരണം ചെയ്തു. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ വി. കശ്യപ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ചടങ്ങിൽ സെൻട്രൽ സോൺ ഡി.ടി.സി. സജി പ്രസാദ് അധ്യക്ഷത വഹിച്ചു. എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. ബിജു ഐസക്, ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ സോഷ്യൽ ഇനിട്ഷേറ്റീവ് ഡയറക്ടർ എസ്.എം വിനോദ് , എ.എം.വി.ഐ. ഡി. എസ് ജയകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments