കാർഷിക ഫാമുകളെ ഫാം-അഗ്രി ടൂറിസം മാതൃകയിൽ ബന്ധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കും:മന്ത്രി ടി. സിദ്ദിഖ്
#പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ 'നിറവ് 2026' കാർഷിക മേളയ്ക്ക് തുടക്കമായി#
കേരളത്തിലെ കാർഷിക ഫാമുകളെ ഫാം -അഗ്രി ടൂറിസം മാതൃകയിൽ ബന്ധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് കാർഷികവികസന കർഷക ക്ഷേമവകുപ്പ് മന്ത്രി ടി. സിദ്ദിഖ്.
തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും കൃഷി വികസന കർഷക ക്ഷേമ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ പെരിങ്ങമ്മല ജില്ലാ കൃഷിത്തോട്ടത്തിൽ സംഘടിപ്പിച്ച ജില്ലാ കാർഷിക മേള ‘ഫാം ഫെസ്റ്റ് നിറവ് 2026’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കർഷകരുടെ സംരക്ഷണം ഉറപ്പാക്കുന്ന വിവിധ പദ്ധതികളാണ് സർക്കാരും കൃഷിവകുപ്പും ആവിഷ്കരിച്ചിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം അധിഷ്ഠിതമായിട്ടുള്ള കാർഷിക മേഖല വാർത്തെടുക്കുവാനുള്ള പ്രതിജ്ഞാബദ്ധത കാർഷികവകുപ്പിനും പൊതുസമൂഹത്തിനും സർക്കാരിനും ഉണ്ട്. കർഷകരെയും അവരുടെ വിളകളെയും സംരക്ഷിക്കാനും കരുതാനുമുള്ള പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മേളയുടെ ഭാഗമായുള്ള പ്രദർശന വിപണന സ്റ്റാളുടെ ഉദ്ഘാടനവും മന്ത്രി അഡ്വ. ടി. സിദ്ധിഖ് നിർവഹിച്ചു. സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളുടെയും കർഷക ഗ്രൂപ്പുകളുടേയുമായി 22 പ്രദർശന വിപണന സ്റ്റാളുകളാണ് മേളയിൽ ഒരുക്കിയിരിക്കുന്നത്. ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് പ്രിയദർശിനി വി.അധ്യക്ഷത വഹിച്ചു. സുധീർഷ പാലോട് എം.എൽ.എ. മുഖ്യാതിഥി ആയിരുന്നു. കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഷീന എസ്. എൽ പദ്ധതി വിശദീകരിച്ചു.
സെപ്റ്റംബർ 15 വരെ നടക്കുന്ന കാർഷികോത്സവത്തിൽ കാർഷിക സെമിനാറുകൾ, കാർഷികോത്പന്ന വിപണന മേള, പ്രദർശന സ്റ്റാളുകൾ, നാടൻ ഭക്ഷ്യമേള, കലാപരിപാടികൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്. കൃഷി അധിഷ്ഠിത വിജ്ഞാന-വിനോദ മത്സരങ്ങളും മേളയിൽ സംഘടിപ്പിച്ചിട്ടുണ്ട്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബി. പി. മുരളി, ജില്ലാപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺമാരായ ശോഭന.ബി, ഡോ. കെ. ആർ. ഷൈജു, ആർ.പ്രീത, എൽ. പി. മായദേവി, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് രഘുനാഥൻ നായർ. ഡി , പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി. എൻ. അരുൺകുമാർ, തിരുവനന്തപുരം പ്രിൻസിപ്പൽ കൃഷി ഓഫീസർ ദീപ. വി, ആത്മ പ്രോജക്ട് ഡയറക്ടർ ഷക്കീല. പി, ത്രിതല പഞ്ചായത്തംഗങ്ങൾ, ഫാം സൂപ്രണ്ട് അഞ്ചു ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments