Skip to main content

'കേരളം ഈസ് അമേസിങ്'; ചീഫ് മിനിസ്റ്റർ സിംപിൾ' - കേരളത്തെ വാഴ്ത്തി വിദേശ വ്ലോഗർമാർ

കേരളത്തിന്റെ പച്ചപ്പിനെയും പ്രകൃതി സൗന്ദര്യത്തെയും സംസ്‌കാരത്തെയും ഭക്ഷണ വൈവിധ്യത്തെയും ഊഷ്മളമായ ആതിഥേയത്വത്തെയും വാഴ്ത്തി വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ വ്ലോഗർമാരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും. കേരളം സന്ദർശിക്കാനെത്തിയ 19 രാജ്യങ്ങളിൽ നിന്നുള്ള 35 അംഗ സംഘം മുഖ്യമന്ത്രി വി ഡി സതീശനുമായി ക്ലിഫ് ഹൗസിൽ കൂടിക്കാഴ്ച നടത്തി. മുഖ്യമന്ത്രിയുടെ ആതിഥേയത്വത്തിന് നന്ദി അറിയിച്ച സംഘം കേരളത്തിൽ വീണ്ടും എത്താനുള്ള ആഗ്രഹവും പ്രകടിപ്പിച്ചു.

ചൈനയിൽ നിന്നുള്ള വ്ലോഗർ ചെൻ യോങ്‌സി കേരളത്തിന്റെ സംസ്‌കാരവും ഭക്ഷണവും പച്ചപ്പും ജനങ്ങളുടെ ഊഷ്മളമായ സ്വീകരണവും പ്രശംസിച്ചു. 32 വിഭവങ്ങളടങ്ങിയ ഇലസദ്യയാണ് ഇന്ത്യയിലെ മൂന്ന് വർഷത്തെ താമസത്തിനിടെ ലഭിച്ച മികച്ച ഭക്ഷണാനുഭവമെന്നും അവർ പറഞ്ഞു. റഷ്യൻ വ്ലോഗർ എലിന പെർവേസിവ കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും പ്രകൃതിയോടിണങ്ങിയ ജീവിതരീതിയും ആകർഷകമാണെന്ന് അഭിപ്രായപ്പെട്ടു.

സൗദി അറേബ്യൻ വ്ലോഗർ ഇമാൻ മുഹമ്മദ് സമീർ മുഖ്യമന്ത്രിയുടെ ക്ഷണത്തിനും ആതിഥേയത്വത്തിനും നന്ദി അറിയിച്ചു. ഇന്ത്യയിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട സംസ്ഥാനമാണ് കേരളമെന്നും അവർ പറഞ്ഞു. യു.എ.ഇയിൽ നിന്നുള്ള നൂറ അബ്ദുള്ള അൽഹെലാലി കേരളത്തിന്റെ സംസ്‌കാരവും ആതിഥേയത്വവും പാരമ്പര്യവും ആധുനികതയും സമന്വയിപ്പിക്കുന്ന രീതിയും പ്രശംസിച്ചു. സോഷ്യൽ മീഡിയയിൽ കണ്ടതിനെക്കാൾ മനോഹരമാണ് നേരിൽ കണ്ട കേരളമെന്നും ജനങ്ങളുടെ സഹായമനോഭാവം ഏറെ ആകർഷിച്ചെന്നും യു.എ.ഇയിൽ നിന്നുള്ള ഇൻഫ്ലുവൻസർ അഹമ്മദ് മൗസ്തഫ എൽവദി പറഞ്ഞു.

എത്യോപ്പിയൻ വ്ലോഗർ കസിം മേക്ക സിനിമകളിലും വീഡിയോകളിലും കണ്ട കേരളത്തിന്റെ പ്രകൃതിഭംഗി ഗ്രാഫിക്‌സാണെന്നാണ് ആദ്യം കരുതിയതെന്നും നേരിൽ കണ്ടപ്പോഴാണ് അത് യാഥാർഥ്യമാണെന്ന് ബോധ്യമായതെന്നും പറഞ്ഞു. ഈജിപ്തിൽ നിന്നുള്ള ഫാത്തിമ എൽസഹ്‌റയും മറിയ അബ്ദുള്ള മുഹമ്മദും കേരളത്തിന്റെ വൃത്തിയും വികസനവും ക്രാഫ്റ്റ് ബസാറുകളും വിനോദസഞ്ചാര സാധ്യതകളും പ്രശംസിച്ചു.

ഉഗാണ്ടയിൽ നിന്നുള്ള ഡെറിക്ക് സന്യോനി മുഖ്യമന്ത്രിയെ നേരിൽ കാണാനായതിലെ സന്തോഷം പങ്കുവെച്ചപ്പോൾ, മലേഷ്യൻ വ്ലോഗർ മിഷേൽ യോങ് വാൻലി കേരളത്തിന്റെ പ്രകൃതി, സംസ്‌കാരം, ഭക്ഷണം, ജനങ്ങളുടെ സൗഹൃദപരമായ സമീപനം എന്നിവ മികച്ച യാത്രാനുഭവം നൽകിയെന്ന് പറഞ്ഞു. 'നമസ്‌തേ കേരളം', 'കേരളം ഈസ് അമേസിങ്' എന്ന വാക്കുകളിലൂടെ കേരളത്തോടുള്ള സ്‌നേഹവും സന്തോഷവും പങ്കുവെച്ച വ്ലോഗർമാർ, ഒരു മണിക്കൂറോളം ക്ലിഫ് ഹൗസിൽ ചെലവഴിച്ച് റീലുകളും വീഡിയോകളും പകർത്തിയ ശേഷമാണ് കുമരകത്തേക്ക് യാത്രതിരിച്ചത്.

പി.എൻ.എക്‌സ്. 3735/2026

date