Skip to main content

'ഭൂരഹിതരില്ലാത്ത കേരളം': ജില്ലയിൽ 2305 പേർക്ക് ഭൂമിയുടെ അവകാശം ലഭിച്ചു

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടികളുടെ ഭാഗമായി 'ഭൂരഹിതരില്ലാത്ത കേരളം' എന്ന ലക്ഷ്യത്തിലൂന്നി മഞ്ചേരിയിൽ സംഘടിപ്പിച്ച ജില്ലാതല പട്ടയമേളയിൽ 2305 പേർക്ക് ഭൂമിയുടെ അവകാശം കൈമാറി. മഞ്ചേരി മുനിസിപ്പൽ ടൗൺഹാളിൽ നടന്ന ചടങ്ങിൽ റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽകുമാർ പട്ടയമേളയുടെ  ഉദ്ഘാടനം നിർവഹിച്ചു.
എടവണ്ണ പെരകമണ്ണ വില്ലേജിൽ കല്ലീടുമ്പ് സ്വദേശി ലീലയ്ക്ക്, പെരകമണ്ണ വില്ലേജിൽ ഉൾപ്പെട്ട നാല് സെൻ്റ് ഭൂമിയുടെ അവകാശരേഖ കൈമാറിക്കൊണ്ടാണ് മന്ത്രി പട്ടയ വിതരണത്തിന് തുടക്കം കുറിച്ചത്.
ജില്ലയിലെ വിവിധ ലാൻഡ് ട്രിബ്യൂണലുകൾ വഴിയാണ് 2305 കൈവശക്കാർക്ക് പട്ടയം വിതരണം ചെയ്തത്. ഇതിൽ ഏറ്റവും കൂടുതൽ പട്ടയങ്ങൾ വിതരണം ചെയ്തത് മഞ്ചേരി ലാൻഡ് ട്രിബ്യൂണലിൽ നിന്നാണ് - 937 എണ്ണം. തിരൂർ ലാൻഡ് ട്രിബ്യൂണൽ വഴി 728 പേർക്കും, തിരൂരങ്ങാടി ലാൻഡ് ട്രിബ്യൂണൽ വഴി 565 പേർക്കും പട്ടയങ്ങൾ നൽകി. കൂടാതെ, മലപ്പുറം ദേവസ്വം വഴി 69 പേർക്കും, എൽ.എ പട്ടയമായി 5 പേർക്കും, ഒരു ഓ.എൽ.എച്ച്.എസ് പട്ടയവും ചടങ്ങിൽ വിതരണം ചെയ്തു.
മഞ്ചേരി ലാൻഡ് ട്രിബ്യൂണലിനോട് അറ്റാച്ച് ചെയ്തിട്ടുള്ള 27 ലാൻഡ് ട്രിബ്യൂണൽ ഡിവിഷനുകളിലെ ഏകദേശം 10 ലക്ഷം പട്ടയ ഫയലുകൾ ശാസ്ത്രീയമായി തരംതിരിച്ച് ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിയുടെ പ്രഖ്യാപനവും മന്ത്രി ചടങ്ങിൽ നിർവഹിച്ചു.

date