കൃത്യമായ രീതിയിൽ ഫണ്ട് വിനിയോഗിക്കണം: മന്ത്രി കെ എം ഷാജി
തദ്ദേശ സ്ഥാപനങ്ങൾക്ക് അനുവദിക്കുന്ന ഫണ്ടുകൾ കാര്യക്ഷമമായും കൃത്യമായും വിനിയോഗിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ എം ഷാജി. 16-ാം കേന്ദ്ര ധനകാര്യ കമ്മീഷൻ ഗ്രാന്റുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ, മുനിസിപ്പാലിറ്റി അധ്യക്ഷർക്കും സെക്രട്ടറിമാർക്കും തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്ഥാപനങ്ങൾ ഗുണനിലവാരമുള്ള പദ്ധതികൾ സമർപ്പിച്ച് ഫണ്ട് വിനിയോഗം കൃത്യമാക്കണം. സംസ്ഥാനത്തെ ഭൂപ്രകൃതി അനുസരിച്ച് ഓരോ പഞ്ചായത്തുകളിലും വികസന സാധ്യത വ്യത്യസ്തമായിരിക്കും. തങ്ങൾ നടപ്പിലാക്കുന്ന വികസനങ്ങളെക്കുറിച്ചുള്ള കൃത്യമായ അവബോധം വേണം. ഇതിനായി മികച്ച മാതൃകകൾ ഉണ്ടാക്കണം. ഫണ്ട് വിനിയോഗം കാര്യക്ഷമമാക്കാനും ഫലപ്രദമാക്കാനും മാതൃകകൾ സൃഷ്ടിക്കേണ്ടത് ആവശ്യമാണെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി വി രാജേഷ് അധ്യക്ഷനായി. കൊച്ചി കോർപ്പറേഷൻ മേയർ വി കെ മിനിമോൾ, ചേംബർ ഓഫ് മുനിസിപ്പൽ ചെയർപേഴ്സൺ എം പി ജാക്സൺ, തദ്ദേശ സ്വയംഭരണ അർബൺ വിഭാഗം ഡയറക്ടർ സൂഫിയാൻ അഹമ്മദ്, നഗരസഭ അധ്യക്ഷർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
പി.എൻ.എക്സ്. 3757/2026
- Log in to post comments