മാധ്യമ ശേഷി വികസന ശിൽപശാല സെപ്തംബർ 17ന്, മന്ത്രി സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും
കേരള സംസ്ഥാന ജൈവ വൈവിധ്യബോർഡും ദേശീയ ജൈവവൈവിധ്യ അതോറിറ്റിയും സംയുക്തമായി 'മാധ്യമ ശേഷി വികസന ശിൽപശാല' സംഘടിപ്പിക്കുന്നു. ആനയറ സ്റ്റേറ്റ് അഗ്രികൾച്ചറൽ മാനേജ്‌മെന്റ് & എക്സ്റ്റൻഷൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് സമേതിയിൽ നടക്കുന്ന മൂന്ന് ദിവസത്തെ ശിൽപശാല' പരിസ്ഥിതി വകുപ്പ് മന്ത്രി സണ്ണി ജോസഫ് സെപ്റ്റംബർ 17 രാവിലെ 9.30ന് ഉദ്ഘാടനം ചെയ്യും. സെപ്റ്റംബർ 19 വരെയാണ് ശിൽപശാല സംഘടിപ്പിച്ചിട്ടുള്ളത്. സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് ചെയർമാൻ ഡോ. എൻ.അനിൽകുമാർ അധ്യക്ഷത വഹിക്കും. മോംഗബേ ഇന്ത്യ എഡിറ്റോറിയൽ ഡയറക്ടർ ഗോപികൃഷ്ണ വാരിയർ മുഖ്യപ്രഭാഷണം നടത്തും.
കാലാവസ്ഥാ പ്രതിരോധം, കാർഷിക ജൈവവൈവിധ്യം, സമുദ്ര-തീരദേശ ആവാസവ്യവസ്ഥ, നഗരജൈവവൈവിധ്യം, മനുഷ്യ-വന്യജീവി സംഘർഷം തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകൾ നടക്കും. രണ്ടാം ദിവസം വിവിധങ്ങളായ ആവാസ വ്യവസ്ഥകൾ ഉൾക്കൊള്ളുന്ന ജൈവവൈവിധ്യ പരിപാലന സമിതികളിലൂടെ ഫീൽഡ് സന്ദർശനങ്ങൾ സംഘടിപ്പിക്കും. ഫീൽഡ് തലത്തിലും അല്ലാതെയും ചർച്ച ചെയ്ത വിഷയങ്ങൾ മാധ്യമങ്ങളിലൂടെ അവതരിപ്പിക്കുന്നതിനുള്ള പരിശീലന പരിപാടി മൂന്നാം ദിവസം നടക്കും. 19ന് ഉച്ചയ്ക്ക് 12.30 ന് നടക്കുന്ന സമാപന സമ്മേളനം മുൻ ചീഫ് സെക്രട്ടറി ഡോ. എസ്.എം വിജയാനന്ദ് ഉദ്ഘാടനം ചെയ്യും.
ജൈവവൈവിധ്യ സംരക്ഷണവും കാലാവസ്ഥാ അനുകൂലനവും സംബന്ധിച്ച മാധ്യമ ശിൽപശാലയിൽ വിവിധ മാധ്യമങ്ങളെ പ്രതിനിധീകരിച്ച് മാധ്യമ പ്രവർത്തകർ, ജൈവവൈവിധ്യ സംരക്ഷണ മേഖലയിലെ വിഷയ വിദഗ്ധർ, ഗവേഷകർ, സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ചെയർമാൻ, ബോർഡ് അംഗങ്ങൾ, ബോർഡ് മുൻ ചെയർമാൻമാർ, വിവിധ സർവകലാശാലകളിലെ വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments