*ദേശീയപാത 66, 544 നവീകരണവും സുരക്ഷയും: അവലോകന യോഗം ചേർന്നു; നടപടികൾ ശക്തമാക്കും*
ജില്ലയിലെ ദേശീയപാത 66, ദേശീയപാത 544 നിർമാണപുരോഗതിയും പരിപാലനവും നവീകരണവും സുരക്ഷാക്രമീകരണങ്ങളും വിലയിരുത്തുവാൻ ജില്ലയുടെ ചുമതലയുള്ള യുവജനക്ഷേമ, കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷിന്റെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. ദേശീയപാത നിർമ്മാണത്തിലെ സുരക്ഷാ പ്രശ്നങ്ങൾ, വെള്ളക്കെട്ട്, കാൽനടയാത്രക്കാരുടെ ദുരിതം എന്നിവ യോഗത്തിൽ ചർച്ചയായി.
കൈപ്പമംഗലം അപകടത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ മുഴുവൻ ദേശീയപാത സ്ട്രെച്ചുകളിലും പോലീസും മോട്ടോർ വാഹന വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും എൻ.എച്ച്.എ.ഐ പ്രതിനിധികളും നടത്തിയ സംയുക്ത പരിശോധനാ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ച പോരായ്മകൾ ഒരു മാസത്തിനകം പൂർത്തിയാക്കാൻ നിർദ്ദേശം നൽകി. ഇവ ഒരു മാസത്തിനകം പൂർത്തിയാക്കുമെന്ന് ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടർമാർ യോഗത്തിൽ ഉറപ്പ് നൽകി.
പാലിയേക്കര ടോൾ പ്ലാസയിൽ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെടുന്നതിനെക്കുറിച്ചുള്ള പരാതിയിൽ പോലീസ്, എൻ.എച്ച്.എ.ഐ പ്രതിനിധി, കളക്ടറുടെ പ്രതിനിധി, കരാറുകാരുടെ പ്രതിനിധി എന്നിവരടങ്ങുന്ന സംഘം നേരിട്ടെത്തി പരിശോധന നടത്തും.
കൂടാതെ, ദേശീയപാതയിലെ ഡ്രെയിനേജ്, വെള്ളക്കെട്ട് പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ, അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ, അസിസ്റ്റന്റ് എൻജിനീയർമാർ, ദേശീയപാത അതോറിറ്റി പ്രതിനിധികൾ, പി.ഡബ്ല്യു.ഡി (റോഡ്സ്) ഉദ്യോഗസ്ഥർ എന്നിവർ സംയുക്തമായി സ്ഥലം പരിശോധിച്ച്, ആവശ്യമായ എസ്റ്റിമേറ്റ് തയ്യാറാക്കണം. തുടർന്ന്, ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എൻജിനീയർ ഈ എസ്റ്റിമേറ്റ് പരിശോധിച്ച് ഉറപ്പുവരുത്തി ജില്ലാ ഭരണകൂടത്തിന് സമർപ്പിക്കാനും നിർദ്ദേശിച്ചു.
നിർമാണം നടക്കുന്നതും ഗതാഗതം വഴിതിരിച്ചുവിടുന്നതുമായ സ്ഥലങ്ങളിൽ അടിയന്തരമായി ലൈറ്റിംഗ് സംവിധാനവും മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിക്കാൻ യോഗത്തിൽ നിർദേശം നൽകി. രാത്രികാല യാത്രികരുടെ സുരക്ഷയ്ക്കായി സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ട്. ഇവ രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥാപിക്കുമെന്ന് എൻ.എച്ച്.എ.ഐ വ്യക്തമാക്കി. കൂടാതെ, വഴിതിരിച്ചുവിട്ടിരിക്കുന്ന ഭാഗങ്ങളിൽ ഡ്രൈവർമാർക്ക് ദൂരെനിന്നുതന്നെ കാണാൻ പാകത്തിൽ വാണിംഗ് സിഗ്നലുകൾ ഉണ്ടാകണം. ഇതിനായി ഉയർന്ന ഗുണനിലവാരമുള്ള (ഹൈ ഗ്രേഡ് ഇന്റൻസിറ്റി) സ്റ്റിക്കറുകൾക്ക് പകരം, നിലവിൽ കുറഞ്ഞ ഗുണനിലവാരമുള്ളവയാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് പോലീസ് യോഗത്തിൽ ചൂണ്ടിക്കാട്ടി. പ്രാദേശിക സ്ഥലപ്പേരുകൾ രേഖപ്പെടുത്തിയ സൈൻ ബോർഡുകൾ സ്ഥാപിക്കാനും നിർദ്ദേശം ഉയർന്നു.
ദേശീയപാത 66-ൽ പത്ത് ഫുട്ട് ഓവർ ബ്രിഡ്ജുകൾക്കാണ് അംഗീകാരമുള്ളതെന്ന് എൻ.എച്ച്.എ.ഐ അറിയിച്ചു. ഇതിൽ വടനാപ്പള്ളി, തളിക്കുളം എന്നിവിടങ്ങളിൽ നിർമാണം പൂർത്തിയായിട്ടുണ്ട്. വലപ്പാട്, ഏങ്ങണ്ടിയൂർ, എടക്കഴിയൂർ എന്നിവിടങ്ങളിൽ നിർമാണം നടന്നുവരികയാണ്. ബാക്കി അഞ്ചെണ്ണത്തിന്റെ നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും, എന്നാൽ നിർമാണം തുടങ്ങിയവ ഒക്ടോബർ 15-നകം പൂർത്തിയാക്കുമെന്നും എൻ.എച്ച്.എ.ഐ യോഗത്തിൽ വ്യക്തമാക്കി.
ദേശീയപാതകളിൽ ലോറികളും ട്രക്കുകളും ഉൾപ്പെടെയുള്ള ഹെവി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് അനുയോജ്യമായ സ്ഥലം കണ്ടെത്തുന്നതിനായി പോലീസ്, മോട്ടോർ വാഹന വകുപ്പ്, റവന്യൂ വകുപ്പ്, എൻ.എച്ച്.എ.ഐ പ്രതിനിധികൾ എന്നിവരടങ്ങുന്ന സംഘം സംയുക്ത പരിശോധന നടത്താൻ യോഗത്തിൽ തീരുമാനമായി. ഒരാഴ്ചയ്ക്കുള്ളിൽ പരിശോധന പൂർത്തിയാക്കാനാണ് തീരുമാനം. ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്ന് മന്ത്രി യോഗത്തിൽ പൊലീസിനും ആർ.ടി.ഒയ്ക്കും നിർദ്ദേശം നൽകി. പദ്ധതികളുടെ നിർമ്മാണം സംബന്ധിച്ച് കൃത്യമായ സമയക്രമം ഉൾപ്പെടുത്തിയ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിക്കണമെന്ന് മന്ത്രി എൻ.എച്ച്.എ.ഐയോട് നിർദ്ദേശിച്ചിട്ടുണ്ട്.
കളക്ടറേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ നടന്ന യോഗത്തിൽ ബെന്നി ബെഹന്നാൻ എം.പി, എം.എൽ.എമാരായ സി. രവീന്ദ്രനാഥ്, കെ. കെ. വത്സരാജ്, ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ, സിറ്റി പോലീസ് കമ്മീഷണർ നകുൽ ദേശ്മുഖ്, റൂറൽ പോലീസ് എസ്.പി. മുഹമ്മദ് നദീം, അസിസ്റ്റന്റ് കളക്ടർ എ.സി. പ്രീതി, ഡെപ്യൂട്ടി കളക്ടർ ബിന്ദു, എൻ.എച്ച്.എ.ഐ പ്രൊജക്ട് ഡയറക്ടർമാർ, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments