*കേര പദ്ധതി: റബ്ബര്‍ കര്‍ഷകര്‍ക്ക് പരിശീലനം നടത്തി*
കൃഷി വകുപ്പ് ലോക ബാങ്കിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ആഭിമുഖ്യത്തില്‍ റബ്ബര്‍ പുനര്‍ നടീലിനായുള്ള കര്‍ഷകര്‍ക്ക് പരിശീലനവും രജിസ്ട്രേഷന് പരിപാടിയും സംഘടിപ്പിച്ചു. രാമവര്‍മ്മപുരം റബ്ബര്‍ ബോര്‍ഡ് റീജ്യണല്‍ ഓഫീസില്‍ നടത്തിയ പരിപാടി തൃശ്ശൂര്‍ കോര്പ്പറേഷന് ഡെപ്യൂട്ടി മേയര്‍ എ. പ്രസാദ് ഉദ്ഘാടനം ചെയ്തു. കാര്‍ഷിക മേഖലയ്ക്ക് ഉണര്‍വ്വ് പകരുന്നതിനും കര്‍ഷകര്‍ക്ക് സമാശ്വാസമാവുന്നതിനും കേര പദ്ധതി പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമായ വഴികാട്ടിയാവുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തൃശ്ശൂര്‍ നഗരസഭാ കൗണ്‍സിലര്‍ ടി.ആര്. ഹിരണ്‍ അധ്യക്ഷത വഹിച്ചു. കേര പദ്ധതിയെക്കുറിച്ച് റീജ്യണല്‍ പ്രോജക്ട് ഡയറക്ടര്‍ പി. ഉണ്ണിരാജനും പുനര്‍ നടീല്‍ ഗ്രാന്റ് പദ്ധതിയെക്കുറിച്ച് കേര സംസ്ഥാന പ്ലാന്റ്റേഷന്‍ സ്പെഷ്യലിസ്റ്റ് ആര്.എസ്. അഞ്ജിത്തും വിശദീകരിച്ചു. വള്ളത്തോള്‍ റബ്ബേഴ്സ് മാനേജിങ് ഡയറക്ടര്‍ കെ.വി. ജയന് സംസാരിച്ചു. റബ്ബര്‍ ബോര്‍ഡ് ഡെവലപ്മെന്റ് ഓഫീസര്‍ കെ.എം. ഷാജി പുനര്‍ നടീലിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു. ചടങ്ങിന് റബ്ബര്‍ ബോര്‍ഡ് ഡെപ്യൂട്ടി റബ്ബര്‍ പ്രൊഡക്ഷന്‍ കമ്മീഷണര്‍ കെ.കെ. കമലാക്ഷി സ്വാഗതവും കേര ഡെപ്യൂട്ടി റീജ്യണല്‍ പ്രോജക്ട് ഡയറക്ടര്‍ ജോസഫ് ജോണ്‍ തേറാട്ടില്‍ നന്ദിയും പറഞ്ഞു.
കാലാവസ്ഥാനുസൃത റബ്ബര്‍ തൈകള്‍ വെച്ച് പിടിപ്പിക്കുന്നതിനായാണ് കേര പദ്ധതിയിലൂടെ കര്‍ഷകര്‍ക്ക് ഹെക്ടറിന് എഴുപത്തയ്യായിരം രൂപ അനുവദിക്കുന്നത്. ഒരു കര്ഷകന് പരമാവധി രണ്ടു ഹെക്ടര്‍ വരെ ധനസഹായം അനുവദിക്കും. തൊണ്ണൂറോളം കര്‍ഷകര്‍ പരിശീലനത്തില്‍ പങ്കെടുക്കുകയും പുനര്‍ നടീലിനായുള്ള രെജിസ്ട്രേഷന് പൂര്‍ത്തിയാക്കുകയും ചെയ്തതായി കേര പദ്ധതി അധികൃതര്‍ അറിയിച്ചു.
- Log in to post comments