Skip to main content
ആറളത്തെ ആശ്രമം സ്‌കൂളും പ്രീമെട്രിക് ഹോസ്റ്റലും സന്ദര്‍ശിച്ച് ജില്ലാ കലക്ടര്‍

ആറളത്തെ ആശ്രമം സ്‌കൂളും പ്രീമെട്രിക് ഹോസ്റ്റലും സന്ദര്‍ശിച്ച് ജില്ലാ കലക്ടര്‍

 

ആറളത്തെ മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളും പ്രീമെട്രിക് ഹോസ്റ്റലും സന്ദര്‍ശിച്ച് ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ്. ആറളത്ത് പ്രവര്‍ത്തിക്കുന്ന തിരുനെല്ലി ഗവ. ആശ്രമം സ്‌കൂളാണ് കലക്ടര്‍ ആദ്യം സന്ദര്‍ശിച്ചത്. സ്‌കൂളിലെത്തിയ അദ്ദേഹത്തെ, സ്റ്റുഡന്‍സ് പോലിസ് കേഡറ്റുകള്‍ ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി സ്വീകരിച്ചു. കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച ജില്ലാ കലക്ടര്‍, അവരുടെ പഠന കാര്യങ്ങളും താമസ സൗകര്യങ്ങളും ആരാഞ്ഞു. 

ജീവിതത്തില്‍ ലഭിക്കുന്ന ഏറ്റവും വലിയ സൗഭാഗ്യം മികച്ച വിദ്യാഭ്യാസം നേടുകയെന്നതാണെന്ന് കുട്ടികളുമായി സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഇതിനായുള്ള സൗകര്യങ്ങളെല്ലാം പരമാവധി വിനിയോഗിക്കണം. കഠിന പ്രയത്‌നത്തിലൂടെ ഉയരങ്ങള്‍ കീഴടക്കാനാവുമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സ്‌കൂളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പുനല്‍കി. വിദ്യാര്‍ഥികള്‍ തങ്ങളുടെ ഭാവി സ്വപ്‌നങ്ങള്‍ കലക്ടറുമായി പങ്കുവച്ചു. 

സ്‌കൂളിലെ ക്ലാസ്സ് മുറികള്‍, കളിസ്ഥലങ്ങള്‍, ഹോസ്റ്റല്‍ മുറികള്‍, മെസ് ഹൗസ്് തുടങ്ങിയവ സന്ദര്‍ശിച്ച ജില്ലാ കലക്ടര്‍ സൗകര്യങ്ങള്‍ വിലയിരുത്തി. സ്‌കൂളിലേക്കുള്ള മണ്‍പാത ടാര്‍ ചെയ്യുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ പഞ്ചായത്ത് അധികൃതര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. 

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴിലുള്ള വയനാട് ജില്ലയിലെ തിരുനെല്ലി ആശ്രമം സ്‌കൂളാണ് കെട്ടിടങ്ങളുടെ ശോച്യാവസ്ഥ കാരണം 2025 നവംബറില്‍ ആറളത്തേക്ക് മാറ്റിയത്. ഗവ.ആശ്രമം സ്‌കൂള്‍ തിരുനെല്ലി (ആറളം) എന്ന പേരിലാണ് സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്. ജില്ലാ കലക്ടറുടെ സന്ദര്‍ശനം സ്‌കൂള്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും മറ്റു ജീവനക്കാര്‍ക്കും വലിയ ആവേശമായി.

ജില്ലാ കളക്ടര്‍ക്കൊപ്പം അസിസ്റ്റന്റ് കളക്ടര്‍ എസ് സ്വാതി, ഐ.റ്റി.ഡി.പി പ്രൊജക്ട് ഓഫീസര്‍ എസ് എസ് സുധീര്‍, സ്‌കൂള്‍ പ്രധാനാധ്യാപിക പി പി രേഷ്മ, സീനിയര്‍ സൂപ്രണ്ട് ജി സന്തോഷ് കുമാര്‍, ആറളം സൈറ്റ് മാനേജര്‍ ടി.ഷൈജു, അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ കെ.മൃദുല, സ്‌കൂള്‍ മാനേജര്‍ ഒ.നൗഷാദ് തുടങ്ങിയവരും ഉണ്ടായിരുന്നു. ആറളത്തെ പ്രീമെട്രിക് ഹോസ്റ്റലും ജില്ലാ കലക്ടറും സംഘവും സന്ദര്‍ശിച്ചു.

date