Skip to main content

ഒരു നെല്ലും ഒരു മീനും': പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് ഡപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ

 

അടുത്തവർഷം മുതൽ  പാടശേഖരങ്ങളിൽ ഒരു നെല്ലും ഒരു മീനും പദ്ധതി നടപ്പാക്കാൻ പുതിയ രൂപരേഖ തയ്യാറാക്കുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ. 
അരൂർ നിയോജകമണ്ഡല പരിധിയിലെ വിവിധ വികസന വിഷയങ്ങൾ വിലയിരുത്താൻ കളക്ടറേറ്റിൽ ചേർന്ന  യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ. അരൂർ നിയോജകമണ്ടല പരിധിയിലെ തുറവൂർ, കോടംതുരുത്ത്, കുത്തിയതോട് എഴുപുന്ന, ഗ്രാമപഞ്ചായത്തുകളിലായി സ്ഥിതി ചെയുന്ന പൊക്കാളി പാടശേഖരങ്ങളിൽ ഒരു നെല്ലും ഒരു മീനും പദ്ധതി നടപ്പിലാക്കുന്നതിനും അതുവഴി  വെള്ളം നിയന്ത്രിച്ച് ഈ പ്രദേശങ്ങളിൽ പച്ചക്കറി കൃഷി വിപുലീകരിക്കുന്നതിനും വെള്ളം കയറി കെട്ടിടങ്ങൾക്ക് നാശം സംഭവിക്കുന്നത് ഒഴിവാക്കുന്നതിനും ശാശ്വത പരിഹാരം ഉണ്ടാകും. പാടശേഖരങ്ങളിലെ മത്സ്യകൃഷി മൂലം വീടുകളിൽ വെള്ളം കയറുന്നത് തടയാൻ  നടപടികൾ സ്വീകരിക്കും. പദ്ധതിയുടെ രൂപരേഖ തയ്യാറാക്കാൻ ഫിഷറീസ്, ജലസേചനം വകുപ്പുകൾക്ക് നിർദേശം നൽകി. 

ചന്തിരൂർ തോടിന്റെ ആഴം വർദ്ധിപ്പിച്ച് നീരൊഴുക്ക് സുഖമാക്കി മാലിന്യ പ്രശ്നം പരിഹരിക്കുന്നതിന് എസ്റ്റിമേറ്റിൽ ആവശ്യമായ ഭേദഗതികൾ വരുത്തി നിർവഹണം പൂർത്തീകരിക്കുന്നതിന് മേജർ ഇറിഗേഷൻ വകുപ്പിനെ ചുമതലപ്പെടുത്തി. സ്കൂൾ കെട്ടിടങ്ങൾ , അംഗനവാടികൾ, കളിസ്ഥലങ്ങൾ, ആശുപത്രി കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണത്തിന് തടസ്സമായി നിൽക്കുന്ന പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്നതിനും, ആവശ്യമായ മരങ്ങൾ മുറിച്ചുമാറ്റി സ്ഥലം കരാറുകാർക്ക് കൈമാറുന്നതിനും പൊതുമരാമത്ത് കെട്ടിട വിഭാഗത്തെയും അതാത് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരെയും ചുമതലപ്പെടുത്തി.

യോഗത്തിൽ ജില്ലാ കളക്ടർ ഷാജി വി നായർ, ജില്ലാതല ഉദ്യോഗസ്ഥർ, മണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ തുടങ്ങിയവർ പങ്കെടുത്തു.

date