Skip to main content

അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനാചരണം; സെപ്റ്റംബർ 19ന് മാരാരിക്കുളം ബീച്ചിൽ മെഗാ ക്ലീനിംഗ് ഡ്രൈവ്

 

അന്താരാഷ്ട്ര തീരദേശ ശുചീകരണ ദിനാചരണത്തിന്റെ ഭാഗമായി സെപ്റ്റംബർ 19-ന് മാരാരിക്കുളം ബീച്ചിൽ വിപുലമായ 'മെഗാ ക്ലീനിംഗ് ഡ്രൈവ്' സംഘടിപ്പിക്കുന്നു. 'മാലിന്യമുക്ത ബീച്ച്' എന്ന ലക്ഷ്യത്തോടെ കേന്ദ്ര വനം-പരിസ്ഥിതി കാലാവസ്ഥ മാറ്റം മന്ത്രാലയം, ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ വകുപ്പ്, ജില്ലാ ശുചിത്വ മിഷൻ, ഡി.ടി.പി.സി, മലിനീകരണ നിയന്ത്രണ ബോർഡ്, എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

തീരദേശവും ബീച്ച് പരിസരവും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങളിൽ നിന്ന് പൂർണ്ണമായി തീരം മുക്തമാക്കുക, വിനോദസഞ്ചാരികളിലും പ്രദേശവാസികളിലും പരിസ്ഥിതി സംരക്ഷണ അവബോധം വളർത്തുക എന്നിവയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.

ജില്ലാ ശുചിത്വ മിഷന്റെ  ഏകോപനത്തിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ ജനപ്രതിനിധികൾ, ഹരിതകർമസേന, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ എന്നിവരും വിവിധ സന്നദ്ധ സംഘടനകളും പ്രദേശവാസികളും സജീവമായി പങ്കാളികളാകും.ശുചീകരണത്തിനെത്തുന്ന പങ്കാളികളെ വിവിധ ടീമുകളായി തിരിച്ച് ബീച്ചിന്റെ വ്യത്യസ്ത ഭാഗങ്ങൾ വീതിച്ചു നൽകിയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. പങ്കാളികൾക്കുള്ള ഗ്ലൗസുകൾ, ചാക്കുകൾ തുടങ്ങിയ ശുചീകരണ സാമഗ്രികൾ ശുചിത്വ മിഷന്റെ മേൽനോട്ടത്തിൽ ലഭ്യമാക്കും. ബീച്ചിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്, ബോട്ടിലുകൾ, മറ്റ് അജൈവ മാലിന്യങ്ങൾ എന്നിവ കൃത്യമായി വേർതിരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിനായി മാറ്റും.

വിവിധ വകുപ്പുകളുടെയും പൊതുജനങ്ങളുടെയും കൂട്ടായ പ്രവർത്തനത്തിലൂടെ മാരാരിക്കുളം ബീച്ചിനെ പൂർണ്ണമായും വൃത്തിയുള്ള വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാനും ശക്തമായ പ്ലാസ്റ്റിക് വിരുദ്ധ സന്ദേശം സമൂഹത്തിലേക്ക് എത്തിക്കാനും സാധിക്കുമെന്ന് ഡെപ്യൂട്ടി ഡയറക്ടർ & ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ പി. എ. ജെസ്റ്റിൻ അറിയിച്ചു.

date