ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിൽ സിസിടിവി സംവിധാനം പ്രവർത്തനസജ്ജമാക്കി
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളുടെ നവീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം, കരുനാഗപ്പള്ളി, കണ്ണനല്ലൂർ, കായംകുളം, ആലപ്പുഴ എന്നീ അഞ്ച് പരിശീലന കേന്ദ്രങ്ങളിൽ സ്ഥാപിച്ച സിസിടിവി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.
ന്യൂനപക്ഷ യുവജനങ്ങളുടെ വിദ്യാഭ്യാസ-തൊഴിൽ ശാക്തീകരണത്തിന് പ്രത്യേക പ്രാധാന്യം നൽകുന്ന സംസ്ഥാന സർക്കാരിന്റെ ഇടപെടലുകളുടെ ഭാഗമായാണ് പരിശീലന കേന്ദ്രങ്ങളുടെ ആധുനികവൽക്കരണ നടപടികൾ നടപ്പാക്കുന്നത്. ഇതിലൂടെ പരിശീലന കേന്ദ്രങ്ങളുടെ സുരക്ഷയും നിരീക്ഷണ സംവിധാനവും ശക്തിപ്പെടുത്തുന്നതോടൊപ്പം, പരിശീലന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമായി മേൽനോട്ടം വഹിക്കുന്നതിനും സിസിടിവി സംവിധാനം ഉപകരിക്കുമെന്നും, പരിശീലന കേന്ദ്രങ്ങളിൽ പഠിക്കുന്ന ഉദ്യോഗാർഥികൾക്ക് സുരക്ഷിതവും ഉത്തരവാദിത്വപരവുമായ പഠനാന്തരീക്ഷം ഉറപ്പാക്കുന്ന സംവിധാനം സഹായകരമാകുമെന്നും മന്ത്രി പറഞ്ഞു.
സർക്കാരിന്റെ വിഷൻ-2031 ലക്ഷ്യങ്ങളുടെ ഭാഗമായി സംസ്ഥാന/കേന്ദ്ര സർക്കാർ സർവീസുകളിൽ അഭ്യസ്തവിദ്യരായ ന്യൂനപക്ഷ യുവജനങ്ങളുടെ പ്രാതിനിധ്യം വർധിപ്പിക്കുന്നതിനായി പതിമൂന്ന് പുതിയ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളും ഏഴ് ഉപകേന്ദ്രങ്ങളും ആരംഭിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നു. നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ഇടവ, താനൂർ, ഗുരുവായൂർ, വെള്ളമുണ്ട, ചങ്ങനാശ്ശേരി എന്നിവിടങ്ങളിൽ അഞ്ച് പുതിയ പരിശീലനകേന്ദ്രങ്ങൾ ആരംഭിക്കുന്നതിനും നടപടികൾ പൂർത്തീകരിച്ചു വരുന്നതായും മന്ത്രി അറിയിച്ചു.
ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ അധ്യക്ഷത വഹിച്ച ചടങ്ങിൽ ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഡോ. ഡി. സജിത് ബാബു, ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടർ എൻ. ദേവദാസ് എന്നിവരും സന്നിഹിതരായിരുന്നു.
പി.എൻ.എക്‌സ്. 3811/2026
- Log in to post comments