സിനിമയുടെ നിർമ്മാണം മുതൽ പ്രിവ്യൂ വരെ ഒരിടത്ത്: ജെ.സി. ഡാനിയൽ ഫിലിം സിറ്റി ലോകോത്തര നിലവാരത്തിൽ പൂർത്തിയാക്കും
സിനിമയുടെ നിർമ്മാണം മുതൽ പ്രിവ്യൂ വരെയുള്ള എല്ലാ ഘട്ടങ്ങളും ഒരിടത്ത് പൂർത്തിയാക്കാവുന്ന, വിർച്വൽ പ്രൊഡക്ഷൻ ഉൾപ്പെടെയുള്ള ഭാവിസാങ്കേതികവിദ്യകൾക്ക് പ്രാധാന്യം നൽകുന്ന സമഗ്ര ഫിലിം നിർമ്മാണ കേന്ദ്രമായി ജെ.സി. ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി രൂപകല്പന ചെയ്യും. ടൂറിസം, സാംസ്‌കാരിക സിനിമ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന റൗണ്ട് ടേബിൾ കോൺഫറൻസിലാണ് നിർദേശങ്ങൾ ഉയർന്നത്.
വിപുലമായ സ്ഥിരം ഔട്ട്‌ഡോർ സെറ്റുകൾക്ക് പകരം സൗണ്ട് സ്റ്റേജുകൾ, വിർച്വൽ പ്രൊഡക്ഷൻ, നൂതന പോസ്റ്റ്-പ്രൊഡക്ഷൻ സൗകര്യങ്ങൾ, ഒ.ടി.ടി. പ്ലാറ്റ്ഫോമുകളുമായും പ്രമുഖ നിർമാണ കമ്പനികളുമായുള്ള പങ്കാളിത്തം, പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെയുള്ള നിക്ഷേപം എന്നിവ ഉൾപ്പെടുത്തി സാങ്കേതികവിദ്യാധിഷ്ഠിതമായി ഫിലിം സിറ്റി രൂപപ്പെടുത്തണമെന്ന നിർദേശങ്ങളാണ് ഉയർന്നത്.
ഏക ജാലക അനുമതി സിനിമാ മേഖലയ്ക്ക് വലിയ ഉണർവുണ്ടാക്കുമെന്നും രാജ്യത്തിന് മാതൃകയായി സിനിമയെ വ്യവസായമായി അംഗീകരിക്കാൻ തയ്യാറായ കേരളത്തിന്റെ നിലപാട് കൂടുതൽ നിക്ഷേപകരെ ആകർഷിക്കുമെന്നും മന്ത്രി പി. സി വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. മുമ്പില്ലാത്ത വിധം സിനിമാ ടൂറിസത്തിന്റെ സാധ്യതകളും കേരളത്തിൽ തുറക്കപ്പെടുകയാണ്.
2026-27ലെ പുതുക്കിയ ബജറ്റ് പ്രസംഗത്തിൽ മുഖ്യമന്ത്രി പ്രഖ്യാപിച്ച പദ്ധതിയുടെ ആദ്യഘട്ടമാണ് കൊച്ചിയിൽ വിഭാവനം ചെയ്യുന്ന ജെ.സി. ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി. ആവശ്യമായ ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. പ്രതിവർഷം 200-ലേറെ സിനിമകൾ പുറത്തിറങ്ങുന്ന കേരളത്തിൽ വലിയ സൗണ്ട് സ്റ്റേജുകളുടെയും വിർച്വൽ പ്രൊഡക്ഷൻ സൗകര്യങ്ങളുടെയും അപര്യാപ്തതയുണ്ട്. ഇവ പരിഹരിക്കാനും നൂതന പോസ്റ്റ്-പ്രൊഡക്ഷൻ, സൗണ്ട് ജോലികൾ സംസ്ഥാനത്തു തന്നെ നടത്താനും പദ്ധതി ലക്ഷ്യമിടുന്നു. ചുരുങ്ങിയ വിസ്തൃതിയിൽ ഉയർന്ന സാങ്കേതിക ശേഷിയുള്ള സിനിമാ ഇക്കോസിസ്റ്റമായി ഫിലിം സിറ്റി വികസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
വിർച്വൽ പ്രൊഡക്ഷൻ സ്റ്റേജും കണ്ടന്റ് ലൈബ്രറിയും, ഒരേസമയം നിരവധി സിനിമകൾക്ക് ഉപയോഗിക്കാവുന്ന സൗണ്ട് സ്റ്റേജുകളും മോഡുലാർ, താത്കാലിക ഫ്‌ളോറുകളും സ്ഥിരം സെറ്റുകളും, ഡോൾബി അറ്റ്‌മോസ് സൗണ്ട്, ഫൈനൽ മിക്‌സ്, ഡിജിറ്റൽ ഇന്റർമീഡിയറ്റ് ഗ്രേഡിംഗ്, റിവ്യൂ തിയേറ്റർ, എഡിറ്റിംഗ്, ഡബ്ബിംഗ്, വി.എഫ്.എക്‌സ്., ആനിമേഷൻ സൗകര്യങ്ങൾ എന്നിവയ്‌ക്കെല്ലാം മുൻഗണന നൽകും.
സംസ്ഥാനത്തെ കടൽത്തീരങ്ങൾ, കായലുകൾ, പൈതൃക കേന്ദ്രങ്ങൾ, മലനിരകൾ, നഗര-ഗ്രാമീണ ദൃശ്യങ്ങൾ, ഐ.ടി. പാർക്കുകൾ തുടങ്ങിയ വൈവിധ്യമാർന്ന ലൊക്കേഷനുകൾ 30 മുതൽ 60 കിലോമീറ്റർ പരിധിയിൽ ലഭ്യമാണെന്ന പ്രത്യേകത പ്രയോജനപ്പെടുത്തി, ഏകീകൃത ലൊക്കേഷൻ മാനേജ്‌മെന്റ് സംവിധാനത്തിലൂടെ കേരളത്തെ തന്നെ വലിയൊരു ഫിലിം ലൊക്കേഷനാക്കി മാറ്റണമെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.
ചിത്രാഞ്ജലി സ്റ്റുഡിയോയും പുതിയ ഫിലിം സിറ്റിയും പരസ്പരം പൂരകമായി വികസിപ്പിക്കേണ്ടതിന്റെ ആവശ്യകതയും ചർച്ചയായി. സാങ്കേതിക മാറ്റങ്ങൾക്കനുസരിച്ച് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നവീകരണം ആവശ്യമാണെന്നും നിർദേശം ഉയർന്നു. സംസ്‌കാരികം, ടൂറിസം, പൈതൃകം എന്നിവ ഉൾപ്പെടുന്ന ക്ലസ്റ്റർ രണ്ടിന്റെ ഭാഗമായി നടന്ന സെഷനിൽ സാംസ്‌കാരിക വകുപ്പ് സെക്രട്ടറി അഞ്ജന.എം ചർച്ചകൾ ഏകോപിപ്പിച്ചു. രാജീവ് സേഥി, ജോഷി മാത്യു, രഞ്ജിത്ത്. എം, ബി. രാകേഷ്, അനിൽ തോമസ് എന്നിവരും സാംസ്‌കാരിക വകുപ്പ് ഡയറക്ടർ കെ.ഇമ്പശേഖർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
പി.എൻ.എക്‌സ്. 3824/2026
- Log in to post comments