അറിയിപ്പുകൾ
ഇമ്പിച്ചി ബാവ പുനരുദ്ധാരണ പദ്ധതി : ഒക്ടോബർ പത്ത് വരെ അപേക്ഷിക്കാം
മുസ്ലീം, ക്രിസ്ത്യൻ, ബുദ്ധ, സിഖ്, പാഴ്സി, ജൈൻ എന്നീ ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന വിധവകൾ/വിവാഹബന്ധം വേർപെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്കുള്ള "ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയിൽ" ന്യൂനപക്ഷക്ഷേമ വകുപ്പ് ധനസഹായം നൽകുന്നു. ശരിയായ ജനലുകൾ/വാതിലുകൾ, മേൽക്കൂര, ഫ്ലോറിംഗ്, ഫിനിഷിംഗ്, പ്ലംബിംഗ്, സാനിറ്റേഷൻ/ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകൾ എന്നിങ്ങനെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്.
അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള വീടിൻ്റെ
പരമാവധി വിസ്തീർണ്ണം 1200 സ്ക്വ.ഫീറ്റ് കവിയരുത്. ഒരു വീടിൻറെ അറ്റകുറ്റപ്പണികൾക്ക് 50,000 രൂപയാണ് ധനസഹായം.
തുക തിരിച്ചടക്കേണ്ടതില്ല. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം. ബി.പി.എൽ കടുംബത്തിന് മുൻഗണന. അപേക്ഷകയോ മക്കളോ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള / മക്കളില്ലാത്ത അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന നൽകും. സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിന് മുമ്പ് പത്ത് വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിന് സഹായം ലഭിച്ചവർ എന്നിവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. വകുപ്പ് പ്രത്യേകം തയ്യാറാക്കിയ ഫോമിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള 2026-27 സാമ്പത്തിക വർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിൻറെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവയോടൊപ്പം വീട് റിപ്പയർ ചെയ്യേണ്ടതിനും, വീടിൻ്റെ വിസ്തീർണ്ണം തെളിയിക്കുന്നതിനും, മറ്റു വകുപ്പുകളിൽ നിന്നോ/സമാന ഏജൻസികളിൽ നിന്നോ അപേക്ഷകയ്ക്ക് 10 വർ ഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനോ പുനരുദ്ധാരണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൻറെ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥനിൽ നിന്നും അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷാ ഫോം www.medscholarship.kerala.gov.in ൽ നിന്നും ലഭിക്കും. അപേക്ഷകൾ അതാത് ജില്ലാ കളക്ടറേറ്റിൽ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ പത്ത്. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം അതാത് ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, എറണാകുളം ജില്ലയിലെ അപേക്ഷകർക്ക് ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെൽ(അഡ്മിനിസ്ട്രേഷൻ സെക്ഷൻ), കളക്ടറേറ്റ്, കാക്കനാട്, എറണാകുളം-682030 എന്ന വിലാസത്തിൽ തപാലിലും അപേക്ഷിക്കാം. മറ്റു ജില്ലക്കാർ അതാത് ജില്ലാ കളക്ടറേറ്റിലാണ് അപേക്ഷിക്കേണ്ടത്. ഫോൺ:0484 2422292, 2422294.
വന്യജീവി വാരാഘോഷം: ജില്ലാതല മത്സരങ്ങൾ 24, 25 തീയതികളിൽ
സംസ്ഥാന വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി എറണാകുളം ജില്ലാതല മത്സരങ്ങൾ സെപ്റ്റംബർ 24, 25 തീയതികളിൽ മഹാരാജാസ് കോളേജിൽ നടക്കും. ജില്ലയിലെ എല്ലാ സർക്കാർ, എയ്‌ഡഡ്, അംഗീകൃത സ്വാശ്രയ സ്കൂളുകളിലെയും പ്രൊഫഷണൽ കോളേജുകളിലെയും വിദ്യാർഥികൾക്ക്പങ്കെടുക്കാം. പ്ലസ് വൺ, പ്ലസ് ടു, വൊക്കേഷണൽ ഹയർ സെക്കൻഡറി തലം മുതൽ മുകളിലോട്ടുള്ള വിദ്യാർഥികൾക്ക് കോളേജ് വിഭാഗത്തിൽ മത്സരിക്കാം. സെപ്റ്റംബർ 24 രാവിലെ ഒൻപത് മുതൽ 9.30 വരെ രജിസ്ട്രേഷൻ നടക്കും. 9.30 മുതൽ 11.30 വരെ എൽ.പി/ യു.പി/ ഹൈസ്കൂൾ/ കോളേജ് വിഭാഗങ്ങൾക്കായി പെൻസിൽ ഡ്രോയിംഗ് മത്സരവും, രാവിലെ 11.45 മുതൽ 12.45 വരെ ഹൈസ്കൂൾ, കോളേജ് വിഭാഗങ്ങൾക്കായി ഉപന്യാസ രചന മത്സരവും നടക്കും. ഉച്ചയ്ക്ക് 1.45 മുതൽ 2.15 വരെയുള്ള രജിസ്ട്രേഷന് ശേഷം 2.15 മുതൽ 4.15 വരെ എല്ലാ വിഭാഗങ്ങൾക്കുമായി വാട്ടർ കളർ പെയിന്റിംഗ് മത്സരവും സംഘടിപ്പിക്കും. സെപ്റ്റംബർ 25 ന് രാവിലെ 9.30 മുതൽ പത്ത് വരെ രജിസ്ട്രേഷന് ശേഷം രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ യു.പി/ ഹൈസ്കൂൾ /കോളേജ് വിഭാഗങ്ങൾക്കായി ക്വിസ്സ് മത്സരം നടക്കും. ഉച്ചയ്ക്ക് 1.30 മുതൽ രണ്ട് വരെയുള്ള സമയമായിരിക്കും രജിസ്ട്രേഷൻ. ഉച്ചയ്ക്ക് രണ്ട് മുതൽ നാല് വരെ ഹൈസ്കൂൾ, കോളേജ് വിഭാഗങ്ങൾക്കായി പ്രസംഗ മത്സരവും നടക്കും. എൽ.പി. വിഭാഗത്തിന് പെൻസിൽ ഡ്രോയിംഗ്, വാട്ടർ കളർ പെയിന്റിംഗ് എന്നീ ഇനങ്ങൾ മാത്രമായിരിക്കും. യു.പി. വിഭാഗത്തിന് ഇവ കൂടാതെ ക്വിസ് മത്സരത്തിലും പങ്കെടുക്കാം.
മലയാളമായിരിക്കും മത്സരങ്ങളുടെ മാധ്യമം.
മത്സരങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ സ്കൂൾ അല്ലെങ്കിൽ കോളേജ് മേധാവിയുടെ സാക്ഷ്യപത്രം (പേര്, വിലാസം, വിദ്യാലയത്തിന്റെ പേര്, ഫോൺ നമ്പർ, പഠിക്കുന്ന ക്ലാസ്സ്, മത്സരിക്കുന്ന ഇനം എന്നിവ വ്യക്തമാക്കുന്നത്) അതാത് ദിവസം നിർദ്ദിഷ്ട സമയത്ത് ഹാജരാക്കി പേര് രജിസ്റ്റർ ചെയ്യണം, മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർഥികൾ സ്കൂൾ യൂണിഫോമും ഐ.ഡി. കാർഡും ധരിക്കണം. ക്വിസ് മത്സരത്തിന് ഒരു സ്ഥാപനത്തിൽ നിന്ന് രണ്ടുപേരടങ്ങുന്ന ഒരു ടീമിനും, മറ്റ് ഇനങ്ങൾക്ക് പരമാവധി രണ്ടുപേർക്കുമാണ് പ്രവേശനം നൽകുക. മത്സരത്തിനാവശ്യമായ കടലാസുകൾ സംഘാടകർ നൽകുമെങ്കിലും മറ്റ് വര സാമഗ്രികൾ വിദ്യാർത്ഥികൾ കൊണ്ടു വരേണ്ടതാണ്. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 2500, 1500, 1000 രൂപ ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകും, സെപ്റ്റംബർ 25 ന് മത്സരങ്ങൾ പൂർത്തിയായ ശേഷം മഹാരാജാസ് കോളേജിൽ ചേരുന്ന പൊതുയോഗത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾ ഇടപ്പള്ളിയിലുള്ള എറണാകുളം സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററുടെ ഓഫീസിൽ നിന്ന് ലഭിക്കും.
ഫോൺ: 0484-2344761, ,8547603736, 8547603737, 8547303738.
വിമുക്ത ഭടന്മാർക്ക് രജിസ്ട്രേഷൻ പുതുക്കാൻ അവസരം
2024 ഒക്ടോബർ മുതൽ 2026 ജൂൺ വരെ വിവിധ കാരണങ്ങളാൽ തൊഴിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട് ഒക്ടോബർ 31 വരെ രജിസ്ട്രേഷൻ പുതുക്കാൻ അവസരം. ഉദ്യോഗാർഥികൾ എറണാകുളം ജില്ല സൈനികക്ഷേമ ഓഫീസിൽനിന്നും നൽകിയ ഒറിജിനൽ തൊഴിൽ രജിസ്ട്രേഷൻ തിരിച്ചറിയൽ കാർഡ് സഹിതം അപേക്ഷിക്കണമെന്ന് സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.
ടെൻഡർ ക്ഷണിച്ചു
വനിതാ – ശിശു വികസന വകുപ്പിന്റെ കീഴിലുള്ള കോതമംഗലം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലെ ഔദ്യോഗികാവശ്യങ്ങൾക്കായി ഒരു വർഷത്തേക്ക് വാഹനം (കാർ/ജീപ്പ്) കരാർ അടിസ്ഥാനത്തിൽ ഉപയോഗിക്കുന്നതിനായി വാഹനം വാടകയ്ക്ക് നൽകുവാൻ താല്പര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ടെൻഡർ സമർപ്പിക്കേണ്ട അവസാന തിയതി സെപ്റ്റംബർ 29 ന് ഉച്ചയ്ക്ക് രണ്ട് വരെ. ടെൻഡർ ഫോമിനും കൂടുതൽ വിവരങ്ങൾക്കും
കോതമംഗലം ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്, ബ്ലോക്ക് പഞ്ചായത്ത് കോമ്പൗണ്ട്, കോതമംഗലം പി ഒ–686691എന്ന മേൽവിലാസത്തിലോ 0485-2822372 ലോ ബന്ധപ്പെടുക.
ടെൻഡർ ക്ഷണിച്ചു
വനിത ശിശു വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന അങ്കമാലി അഡീഷണൽ ശിശു വികസന പദ്ധതി ഓഫീസിലേക്ക് ഒക്ടോബർ മുതൽ ഒരു വർഷക്കാലയളവിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം ലഭ്യമാക്കുന്നതിന് ടെൻഡർ ക്ഷണിച്ചു. ടെൻഡറുകൾ ഒക്ടോബർ ആറിന് ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും.
ഫോൺ: 0484 2459255, 9188959721.
താത്ക്കാലിക നിയമനം
തൃപ്പൂണിത്തുറ സർക്കാർ ആയുർവേദ കോളേജ് ആശുപത്രിയിൽ ബയോഗ്യാസ് / ഇൻസിനറേറ്റർ പ്ലാന്റ് ഓപ്പറേറ്റർ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ഏഴാം ക്ലാസ് യോഗ്യതയും 50 വയസ്സിൽ താഴെ പ്രായവുമുള്ളവർക്കും അപേക്ഷിക്കാം. സമാന മേഖലയിലെ പ്രവൃത്തിപരിചയം അഭികാമ്യം.പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ഹാജരാക്കണം.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റുകൾ എന്നിവയുമായി സെപ്റ്റംബർ 23-ന് രാവിലെ 11 മണിക്ക് കോളേജ് ആശുപത്രി ഓഫീസിൽ അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0484 2777489, 0484 2776043, 9400571860 എന്നീ നമ്പറുകളിലോ ആശുപത്രി ഓഫീസിലോ ബന്ധപ്പെടാം.
താല്പര്യപത്രം ക്ഷണിച്ചു
എറണാകുളം ജില്ലയിലെ കരുവേലിപ്പടി ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രിയിൽ പുതിയ മോർച്ചറി മന്ദിരം നിർമ്മിക്കുന്നതിന് പ്രൊജക്ട് മാനേജ്‌മെന്റ് കൺസൾട്ടൻസിക്കായി അംഗീകൃത ഏജൻസികളിൽ നിന്ന് താല്പര്യപത്രം ക്ഷണിച്ചു. താല്പര്യമുള്ള ഏജൻസികൾ പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകളും എസ്റ്റിമേറ്റും സഹിതം സെപ്റ്റംബർ 26-ന് രാവിലെ 11 മണിക്ക് മുൻപായി ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ആശുപത്രി ഓഫീസിൽ നിന്നും ലഭിക്കും.
ഫോൺ: 0484 2210648
ടെൻഡർ ക്ഷണിച്ചു
ഇന്ത്യൻ തപാൽ വകുപ്പിന്റെ ആലുവ ഡിവിഷന് കീഴിൽ ആലുവ - ചെറായി റൂട്ടിൽ തപാൽ ഉരുപ്പടികൾ കൊണ്ടുപോകുന്നതിനായി വാണിജ്യ വാഹനങ്ങൾ വാടകയ്‌ക്കെടുക്കാൻ ടെൻഡർ ക്ഷണിച്ചു. രണ്ടു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് വാഹനം വിളിക്കുന്നത്.
ടെൻഡർസമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 2. കൂടുതൽ വിവരങ്ങൾ ആലുവ സീനിയർ സൂപ്രണ്ട് ഓഫ് പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടുക.
ഫോൺ: 0484- 2624408
- Log in to post comments