Skip to main content

അപേക്ഷാ തീയതി നീട്ടി 

 

ന്യൂനപക്ഷ മതവിഭാഗങ്ങളിൽപ്പെടുന്ന വിധവകൾ/ വിവാഹബന്ധം വേർപെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകൾക്ക്  ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ  ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി മുഖേന ധനസഹായം അപേക്ഷിക്കാനുള്ള അവസാന തീയതി ഒക്ടോബർ 10 വരെ നീട്ടി. ജനലുകൾ/വാതിലുകൾ, മേൽക്കൂര, ഫ്ലോറിംഗ്/ ഫിനിഷിംഗ്/ പ്ലംബിംഗ്/ സാനിറ്റേഷൻ/ ഇലക്ട്രിഫിക്കേഷൻ എന്നിവയില്ലാത്ത വീടുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ധനസഹായം നൽകുന്നത്.  ഒരു വീടിൻ്റെ അറ്റകുറ്റപ്പണികൾക്ക് 50,000 രൂപയാണ് ധനസഹായം; ഇത് തിരിച്ചടയ്‌ക്കേണ്ടതില്ല. വീടിൻ്റെ പരമാവധി വിസ്തീർണ്ണം 1200 ചതുരശ്ര അടി കവിയരുത്. അപേക്ഷക കുടുംബത്തിലെ ഏക വരുമാനദായകയായിരിക്കണം.ബി.പി.എൽ കുടുംബത്തിന് മുൻഗണന. അപേക്ഷകയ്ക്കോ, അവരുടെ മക്കൾക്കോ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, പെൺകുട്ടികൾ മാത്രമുള്ള / മക്കളില്ലാത്ത അപേക്ഷക തുടങ്ങിയവർക്ക് മുൻഗണന നൽകും.സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ സ്ഥിരവരുമാനം ലഭിക്കുന്ന മക്കളുള്ള വിധവകൾ, സർക്കാരിൽ നിന്നോ സമാന ഏജൻസികളിൽ നിന്നോ ഇതിന് മുമ്പ് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിന് സഹായം ലഭിച്ചവർ എന്നിവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല. അപേക്ഷകയുടെ സ്വന്തം/പങ്കാളിയുടെ പേരിലുള്ള 2026-27 സാമ്പത്തിക വർഷത്തെ ഭൂമിയുടെ കരം ഒടുക്കിയ രസീതിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവയോടൊപ്പം വീട് റിപ്പയർ ചെയ്യേണ്ടതിനും, വീടിൻ്റെ വിസ്തീർണ്ണം തെളിയിക്കുന്നതിനും, മറ്റു വകുപ്പുകളിൽ നിന്നോ/സമാന ഏജൻസികളിൽ നിന്നോ അപേക്ഷകയ്ക്ക് 10 വർഷത്തിനുള്ളിൽ ഭവന നിർമ്മാണത്തിനോ പുനരുദ്ധാരണത്തിനോ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന സാക്ഷ്യപത്രം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന ഉദ്യോഗസ്ഥനിൽ നിന്നും അപേക്ഷയോടൊപ്പം ലഭ്യമാക്കണം. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകൾ സഹിതം ജില്ലാ കളക്ടറേറ്റിലെ ന്യൂനപക്ഷക്ഷേമ സെക്ഷനിൽ നേരിട്ടോ, ഡെപ്യൂട്ടി കളക്ടർ (ജനറൽ), ജില്ലാ ന്യൂനപക്ഷക്ഷേമ സെക്ഷൻ, ജില്ലാ കളക്ടറേറ്റ് എന്ന വിലാസത്തിൽ തപാൽ മാർഗമോ അപേക്ഷിക്കാം. അപേക്ഷാ ഫോറം www.mwdscholarship.kerala.gov.in  വെബ്സൈറ്റിൽ ലഭ്യമാണ്.

date