ജില്ലയെ 2030-ഓടെ ക്ഷയരോഗ മുക്തമാക്കാൻ കർമ്മപദ്ധതി
വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ജില്ലയെ 2030-ഓടെ ക്ഷയരോഗ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സമഗ്ര കർമ്മപദ്ധതി നടപ്പാക്കാൻ ജില്ലാ ടി ബി മുക്ത് കമ്മറ്റി യോഗം തീരുമാനിച്ചു.
ക്ഷയരോഗ പ്രതിരോധം, സമയബന്ധിതമായ രോഗനിർണയം, കൃത്യമായ ചികിത്സ ഉറപ്പാക്കൽ, രോഗികൾക്കാവശ്യമായ പോഷകാഹാര കിറ്റുകളുടെ വിതരണം എന്നിവ കൂടുതൽ കാര്യക്ഷമമാക്കും. പ്രവർത്തനങ്ങൾ താഴെത്തട്ടിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി റവന്യൂ ബ്ലോക്ക് അടിസ്ഥാനത്തിൽ ബി.ഡി.ഒമാരെ ചാർജ് ഓഫീസർമാരാക്കി പ്രത്യേക കമ്മിറ്റികൾ രൂപീകരിക്കും.
ബ്ലോക്ക് മെഡിക്കൽ ഓഫീസർ, ഹെൽത്ത് സൂപ്പർവൈസർ, എന്.സി.സി. കേഡറ്റുകൾ, മൈ ഭാരത് വോളന്റിയർമാർ, എൻ.എസ്.എസ്. വളന്റിയർമാർ എന്നിവർ അടങ്ങുന്നതാണ് ബ്ലോക്ക് തല ടി ബി മുക്ത് കമ്മിറ്റി.
ക്ഷയരോഗവുമായി ബന്ധപ്പെട്ട സാമൂഹിക വിവേചനം അവസാനിപ്പിക്കാനും, രോഗികൾക്ക് ആവശ്യമായ മാനസിക-സാമൂഹിക പിന്തുണ നൽകാനും, പൊതുജനങ്ങളിൽ അവബോധം വളർത്താനും നി-ക്ഷയ് മിത്രമാർ നേതൃത്വം നൽകും.
ഇതിന്റെ ഭാഗമായി വിവിധ കലാപരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും.
എഡിഎം എസ് പ്രേംജി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ ടിബി ഓഫീസർ ഡോ. വി എസ് വിൻസി, ഡെപ്യൂട്ടി ഡിഎംഒ ഡോ. കെ അനൂപ്, ജില്ലയിലെ എം.പി./എം.എൽ.എ. മാരുടെ പ്രതിനിധികൾ, ഗവ. ടിഡി മെഡിക്കൽ കോളേജ് പ്രതിനിധി, എൻ.സി.സി. യൂണിറ്റ് കമാൻഡർ, എൻ.എസ്.എസ്. ജില്ലാ പ്രതിനിധി, ജില്ലാ യൂത്ത് ഓഫീസർ, ജില്ലാ ലേബർ ഓഫീസർ എന്നിവരും വിവിധ വകുപ്പ് പ്രതിനിധികളും പങ്കെടുത്തു.
- Log in to post comments