*ഗ്രാമ വ്യവസായ ഏകോപനം: ബോധവത്ക്കരണ ശില്‍പശാല സംഘടിപ്പിച്ചു*
ഖാദി ഗ്രാമ വ്യവസായ കമ്മീഷനും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായി ഗ്രാമ വ്യവസായ ഏകോപനത്തില്‍ ബോധവത്ക്കരണ ശില്‍പശാല സംഘടിപ്പിച്ചു. മുട്ടില്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ശില്‍പശാല ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന സി നായര്‍ ഉദ്ഘാടനം ചെയ്തു. സൂക്ഷ്മ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ച് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയുമാണ് ഖാദി- ഗ്രാമ വ്യവസായ കമ്മീഷന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പുതിയ സംരംഭങ്ങള്‍ സ്ഥാപിക്കുന്നതിനും നിലവിലുള്ളവ വികസിപ്പിക്കുന്നതിനും സാമ്പത്തിക സഹായം നല്‍കും. കൂടാതെ തേനീച്ചവളര്‍ത്തല്‍ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിച്ച് തേന്‍ ഉത്പാദനം അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പരിശീലനം നല്‍കും. പരിശീലനം ലഭിച്ച ഗുണഭോക്താക്കള്‍ക്ക് ഉത്പാദനം ആരംഭിക്കുന്നതിനും നിലവിലെ ജോലികള്‍ മെച്ചപ്പെടുത്തുന്നതിനും യന്ത്രങ്ങള്‍, ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക പിന്തുണ പദ്ധതിയിലൂടെ നല്‍കുന്നു. ഖാദി ഗ്രാമ വ്യവസായങ്ങളില്‍ ഏര്‍പ്പെട്ട വനിത സംരംഭകര്‍ക്ക് കെ വി ഐ സി പലിശ നിരക്കില്‍ ഇളവ് ഉറപ്പാക്കി സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നു. ശില്‍പശാലയില്‍ ക്ഷമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ആയിഷ അധ്യക്ഷയായി. കെ വി ഐ സി അസിസ്റ്റന്റ് ഡയറക്ടര്‍ പി സഞ്ജീവ്, സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങള്‍, ജില്ലാ വ്യവസായ കേന്ദ്രം ഡയറക്ടര്‍ സി.ജി.രാജേഷ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ പി ജയചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.
- Log in to post comments