Skip to main content

റീഇമാജിനിങ്ങ് കേരളം സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ മുതൽക്കൂട്ടാകും: മന്ത്രി കെ മുരളീധരൻ

മൂന്ന് ദിവസമായി തിരുവനന്തപുരത്ത് നടന്ന 'റീഇമാജിനിങ്ങ് കേരളം' റൗണ്ട് ടേബിൾ കോൺഫറൻസ് സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ മുതൽക്കൂട്ടാകുമെന്ന് ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ. ബജറ്റിൽ പ്രഖ്യാപിച്ച വികസന പദ്ധതികൾ സമയബന്ധിതവും കാര്യക്ഷമവുമായി നടപ്പാക്കുന്നതിനായി രൂപരേഖ തയ്യാറാക്കുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിച്ച കോൺഫറൻസിന്റെ സമാപനച്ചടങ്ങ് ഹോട്ടൽ ലെമൺ ട്രീയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ആരോഗ്യം, ടൂറിസം, വ്യവസായം തുടങ്ങിയ വിവിധ വിഷയങ്ങൾ ഉൾപ്പെടുത്തി ക്രിയാത്മക ചർച്ച കഴിഞ്ഞ ദിവസങ്ങളിൽ സംഘടിപ്പിച്ചു. കേരളം വ്യവസായ സൗഹൃദമല്ലെന്ന തെറ്റായ ധാരണ മാറി. സംസ്ഥാനത്ത് നിക്ഷേപം നടത്താൻ പല വ്യവസായികളും തയ്യാറാകുന്നു. വ്യവസായ സംരംഭങ്ങളും പുതിയ തൊഴിലവസരങ്ങളും സൃഷ്ടിക്കുന്നതിന് സർക്കാരിന്റെ പൂർണ പിന്തുണയുണ്ട്. കേരളത്തിന്റെ സമഗ്ര വികസനമാണ് സർക്കാർ ലക്ഷ്യം.

ആരോഗ്യരംഗത്തടക്കം മാറ്റം വന്നു. ടൂറിസം മേഖലയിൽ ഉൾപ്പെടെ കൂടുതൽ നിക്ഷേപങ്ങളും വികസനങ്ങളും എത്തിക്കാനാകും. അനന്തസാധ്യതകളുള്ള മേഖലയാണ് ടൂറിസം.  കേരളത്തിലെ എല്ലാ ജില്ലകളിലും പ്രത്യേകിച്ച് വയനാട്ടിലും ഇടുക്കിയിലും ധാരാളം ടൂറിസം കേന്ദ്രങ്ങളുണ്ട്. ടൂറിസം വികസന സാധ്യതകൾ പ്രയോജനപ്പെടുത്തും. സംസ്ഥാന പുനർനിർമാണത്തിന് റീഇമാജിനിങ്ങ് കേരളത്തിലൂടെ സാധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രാജ്യത്തെ ഏറ്റവും ശക്തമായ സഹകരണ സമ്പദ് വ്യവസ്ഥകളിലൊന്നായ കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമായി മാറിയതായി ചടങ്ങിൽ സംസാരിച്ച സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം ലിജു പറഞ്ഞു. നിക്ഷേപകരുടെ അപേക്ഷകളിൽ കാലതാമസമില്ലാതെ തീരുമാനമെടുക്കും. സഹകരണ മേഖലയുടെ സംഭാവന 10 ശതമാനമായി ഉയർത്തുകയാണ് സർക്കാർ ലക്ഷ്യമെന്നും മന്ത്രി അറിയിച്ചു.

ആരോഗ്യ-കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, വ്യവസായ വകുപ്പ് ഡയറക്ടർ സ്നേഹിൽ കുമാർ സിംഗ് എന്നിവർ പങ്കെടുത്തു.

പി.എൻ.എക്‌സ്. 3844/2026

date