വൃക്ക-കരൾ രോഗികൾക്കും ജനിതക രോഗം ബാധിച്ചവർക്കും ആശ്വാസം
*സമാശ്വാസം പദ്ധതിക്ക് 4.8 കോടി രൂപ അനുവദിച്ച് സർക്കാർ
സങ്കീർണമായ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്ന രോഗികൾക്ക് ആശ്വാസമായി സർക്കാരിന്റെ നിർണായക ഇടപെടൽ. സാമൂഹ്യ നീതി വകുപ്പിന് കീഴിലെ കേരള സാമൂഹ്യ സുരക്ഷാ മിഷൻ വഴി നടപ്പാക്കുന്ന 'സമാശ്വാസം' പദ്ധതിയുടെ 2026-27 സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് 4.80 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. ഡയാലിസിസ് ചെയ്യുന്നവർ, വൃക്ക അല്ലെങ്കിൽ കരൾ മാറ്റിവെച്ചവർ, ഹീമോഫീലിയ, അരിവാൾ രോഗം തുടങ്ങിയവ ബാധിച്ച അർഹരായ 3640 ഗുണഭോക്താക്കൾക്ക് പദ്ധതി വഴി പ്രതിമാസ ധനസഹായം ലഭിക്കും.
വൃക്ക അല്ലെങ്കിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരായിട്ടുള്ള 360 പേർക്കും രക്തം കട്ടപിടിക്കാൻ ആവശ്യമായ ക്ലോട്ടിംഗ് ഫാക്ടറുകളുടെ കുറവുമൂലം ഹീമോഫീലിയയും അനുബന്ധ രോഗങ്ങളും ബാധിച്ച 1400 പേർക്കും 1000 രൂപ വീതം പ്രതിമാസം അനുവദിക്കുന്നതാണ് സമാശ്വാസം പദ്ധതി. വൃക്ക സംബന്ധമായ തകരാറ് സംഭവിച്ച് ഡയാലിസിസിന് വിധേയരാകുന്ന 1680 പേർക്ക് പ്രതിമാസം 1100 രൂപ നിരക്കിലും അരിവാൾ രോഗം ബാധിച്ച 200 രോഗികൾക്ക് പ്രതിമാസം 2000 രൂപ നിരക്കിലും 'സമാശ്വാസം' പദ്ധതിയിലൂടെ ധനസഹായം ലഭ്യമാകും.
ജീവൻരക്ഷാ ചികിത്സകൾക്കായി ഭീമമായ തുക ചെലവഴിക്കുന്ന സാധാരണക്കാരായ രോഗികൾക്ക് കൈത്താങ്ങാണ് സമാശ്വാസ പദ്ധതി. കേരള സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറുടെ പ്രൊപ്പോസലും വകുപ്പുതല വർക്കിംഗ് ഗ്രൂപ്പ് യോഗത്തിന്റെ അംഗീകാരവും പരിഗണിച്ചാണ് തുക അനുവദിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. ഗുണഭോക്താക്കൾക്കുള്ള ആദ്യ ഗഡുവായി നാല് മാസത്തെ വിഹിതം വിതരണം ചെയ്യുന്നതിനുള്ള നടപടി പൂർത്തിയായിട്ടുണ്ട്. ധനസഹായം ഉടൻ തന്നെ അർഹരായവരുടെ കൈകളിൽ എത്തിച്ചേരുമെന്ന് സാമൂഹ്യനീതി മന്ത്രി വി ഇ അബ്ദുൽ ഗഫൂർ പറഞ്ഞു.
പി.എൻ.എക്‌സ്. 3855/2026
- Log in to post comments