തൃശ്ശൂർ ടാലൻ്റ് സോർ പബ്ലിക് സ്കൂളിൻ്റെ അംഗീകാരം പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കാൻ ബാലാവകാശ കമ്മീഷൻ ഉത്തരവ്
തൃശ്ശൂർ തെക്കുംകരയിൽ പ്രവർത്തിക്കുന്ന ടാലൻ്റ് സോർ പബ്ലിക് സ്കൂളിൻ്റെ അംഗീകാരം സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തി തുടർനടപടികൾ സ്വീകരിക്കാൻ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ ഉത്തരവ്.
സ്കൂൾ നിയമാനുസൃതമല്ല പ്രവർത്തിക്കുന്നതെന്ന് തെളിയുന്ന പക്ഷം ആവശ്യമായ തുടർനടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർക്ക് കമ്മീഷൻ അംഗം ടി സി ജലജ മോൾ നിർദ്ദേശം നൽകി.
ഫിറ്റ്നസ് സർട്ടിഫിക്കറ്റ് പോലും ലഭ്യമാകാതെ പ്രവർത്തിച്ചുവരുന്ന സ്കൂളിനെതിരെ കുട്ടികളുടെ സുരക്ഷിതത്വം, സംരക്ഷണം, വിദ്യാഭ്യാസം ഉൾപ്പെടെയുള്ള ഉത്തമ താൽപര്യത്തെ മുൻനിർത്തി ആവശ്യമായ നടപടി സ്വീകരിക്കുന്നതിനും കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ അവബോധം നൽകുന്നതിനുമുള്ള ക്രമീകരണം നടത്തുന്നതിന് തെക്കുംകര ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.
സ്കൂളിൽ പഠിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന് അന്വേഷണം നടത്തുന്നതിനും കുട്ടികൾക്കും രക്ഷിതാക്കൾക്കും ആവശ്യമെങ്കിൽ കൗൺസിലിംഗ് നൽകുന്നതിനും ജില്ലാ ശിശുസംരക്ഷണ ഓഫീസറെ ചുമതലപ്പെടുത്തി.
ശുപാർശകളിൽ എതിർകക്ഷികൾ സ്വീകരിച്ച നടപടികൾ സംബന്ധിച്ച റിപ്പോർട്ട് ഒരു മാസത്തിനകം സമർപ്പിക്കണമെന്നും ടി സി ജലജ മോൾ ഉത്തരവിട്ടു.
ഇന്ത്യയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കേന്ദ്രസർക്കാർ നൽകുന്ന ഔദ്യോഗിക രേഖയായ ഉദ്യം രജിസ്ട്രേഷൻ മാത്രം ആധികാരിക രേഖയാക്കിയാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിലൂടെ കുട്ടികളുടെ ജീവന് ഭീഷണി ഉയർത്തുകയാണെന്നും കമ്മീഷൻ നിരീക്ഷിച്ചു. തൃശ്ശൂർ വടക്കാഞ്ചേരി സ്വദേശി അശോകൻ്റെ ഹർജിയിലാണ് ഉത്തരവ്.
- Log in to post comments