ജനന-മരണ രജിസ്‌ട്രേഷൻ :ജില്ലാതല കോഡിനേഷൻ കമ്മിറ്റി ചേർന്നു
ജനന മരണ രജിസ്‌ട്രേഷൻ നടപടികൾ കൂടുതൽ കൃത്യവും കാര്യക്ഷമവുമാക്കുന്നതിനായി സബ് കളക്ടർ സ്വാതി മോഹൻ റാത്തോഡിന്റെ അധ്യക്ഷതയിൽ ജില്ലാതല കോഡിനേഷൻ കമ്മിറ്റി അവലോകന യോഗം ചേർന്നു.
സർക്കാർ ആശുപത്രികളിൽ നടക്കുന്ന ജനന മരണങ്ങൾ 21 ദിവസത്തിനകം രജിസ്റ്റർ ചെയ്യാനും, അമ്മ ആശുപത്രി വിടുന്നതിന് മുൻപ് തന്നെ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റ് മാതാപിതാക്കൾക്ക് ലഭ്യമാക്കുന്നതിനുമുള്ള നടപടികൾ വേഗത്തിലാക്കാനും യോഗത്തിൽ തീരുമാനമായി. സ്വകാര്യ ആശുപത്രികളിൽ രജിസ്‌ട്രേഷൻ വൈകുന്ന സാഹചര്യങ്ങൾ ഒഴിവാക്കാൻ കൃത്യമായ റിപ്പോർട്ടിംഗ് ഉറപ്പാക്കും. വീടുകളിൽ നടക്കുന്ന മരണങ്ങൾ കൃത്യസമയത്ത് രജിസ്റ്റർ ചെയ്യുന്നതിനായി ആശാ വർക്കർമാർ, അംഗൻവാടി ജീവനക്കാർ തുടങ്ങിയവരുടെ സേവനം പ്രയോജനപ്പെടുത്തും.
മരണകാരണം വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കേഷൻ കാലതാമസം കൂടാതെ ലഭ്യമാക്കാൻ ബന്ധപ്പെട്ട രജിസ്‌ട്രേഷൻ യൂണിറ്റുകൾക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കും യോഗം നിർദ്ദേശം നൽകി. കെ-സ്മാർട്ട് ലോഗിൻ ഉപയോഗിച്ച് അസ്വാഭാവിക മരണങ്ങളും അപകടമരണങ്ങളും യഥാസമയം റിപ്പോർട്ട് ചെയ്യുന്നത് ഉറപ്പാക്കാൻ പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രത്യേക പരിശീലനം നൽകാനും യോഗം തീരുമാനിച്ചു.
കളക്ടറേറ്റിൽ ചേർന്ന യോഗത്തിൽ ജില്ലാ രജിസ്ട്രാർ ജി. ശ്രീകുമാർ, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ജി. സുധാകരൻ, നെടുമങ്ങാട് ആർ.ഡി.ഒ. ജയകുമാർ കെ.പി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു.
- Log in to post comments