Skip to main content

ആറുമാസം റേഷൻ വാങ്ങാത്ത കാർഡുകൾ ഡീആക്ടിവേറ്റ് ചെയ്യും

സ്മാർട്ട് പി ഡി എസ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി ആറുമാസമായി റേഷൻ വിഹിതം കൈപ്പറ്റാത്ത കാർഡുകളെ 'Silent Ration Cards' ആയി കണ്ടെത്തി ഡീആക്ടിവേറ്റ് ചെയ്യും. എല്ലാ മാസവും 21ന് ഇത്തരം കാർഡുകൾ കണ്ടെത്തി അടുത്ത മാസം ഒന്നു മുതൽ റേഷൻ വിഹിതം ലഭിക്കാത്തവിധം ഡീആക്ടിവേറ്റ് ചെയ്യും. ഡീആക്ടിവേറ്റ് ചെയ്ത കാർഡിലെ എല്ലാ ഗുണഭോക്താക്കളും മൂന്ന് മാസത്തിനകം eKYC പൂർത്തിയാക്കിയാൽ മാത്രമേ കാർഡ് വീണ്ടും ആക്ടിവേറ്റ് ചെയ്യുകയുള്ളു. സമയപരിധിക്കുള്ളിൽ eKYC പൂർത്തിയാക്കാത്ത കാർഡുകൾ അസാധുവാക്കി ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്യും.

ആധാർ അധിഷ്ഠിത പരിശോധനയിൽ ഒന്നിലധികം റേഷൻ കാർഡുകളിൽ ഉൾപ്പെട്ടതായി കണ്ടെത്തുന്ന ഗുണഭോക്താക്കളെയും ഡീആക്ടിവേറ്റ് ചെയ്യും. ഇവർ മൂന്ന് മാസത്തിനകം eKYC പൂർത്തിയാക്കി നിലനിർത്തേണ്ട കാർഡ് തെരഞ്ഞെടുത്ത് മറ്റ് കാർഡുകളിൽ നിന്ന് പേര് നീക്കം ചെയ്തശേഷം പരിശോധന പൂർത്തിയാക്കിയാൽ മാത്രമേ റേഷൻ അനുവദിക്കുകയുള്ളൂ. സമയപരിധിക്കുള്ളിൽ നടപടികൾ പൂർത്തിയാക്കാത്തവരുടെ വിവരങ്ങൾ ഡാറ്റാബേസിൽ നിന്ന് നീക്കം ചെയ്യും.

സ്മാർട്ട് പി ഡി എസ് പദ്ധതി സംസ്ഥാനത്ത് നടപ്പാക്കുന്ന അവസരത്തിൽ ഇതു സംബന്ധിച്ച കൂടുതൽ  വിവരങ്ങൾ ഗുണഭോക്താക്കളെ അറിയിക്കുമെന്ന് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു.

പി.എൻ.എക്‌സ്. 3871/2026

date