Skip to main content
..

സ്റ്റേഡിയങ്ങളുടെ നിർമാണ പ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കാൻ ശ്രമം: മന്ത്രി ഒ ജെ ജനീഷ്

 

ജില്ലയിലെ പ്രധാന സ്റ്റേഡിയങ്ങളിലെ നിർമാണ പ്രവർത്തനം വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമം ഊർജിതമാക്കിയെന്ന് കായിക മന്ത്രി ഒ ജെ ജനീഷ്. ഒളിമ്പ്യൻ സുരേഷ് ബാബു ഇൻഡോർ സ്റ്റേഡിയം, ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയം എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയ ശേഷമാണ് പ്രതികരണം. കായികരംഗത്തെ അടിസ്ഥാന സൗകര്യ വികസനത്തിന് പണം ചിലവഴിക്കുമ്പോൾ അത് കായികതാരങ്ങൾക്ക് ഫലപ്രദമായി ഉപയോഗിക്കാൻ സാധിക്കുന്ന വിധത്തിലാണെന്ന് ഉറപ്പുവരുത്തണമെന്നും മന്ത്രി പറഞ്ഞു.
ഇരവിപുരം എംഎൽഎ വിഷ്ണു മോഹൻ, മേയർ എ കെ ഹഫീസ്, കൗൺസിലർമാരായ കെ കൃഷ്ണ കുമാർ, ഷൈനി ടി, പദ്ധതികളുടെ നിർവഹണ ചുമതലയുള്ള സ്പോർട്സ് കേരള ഫൗണ്ടേഷൻ (എസ് കെ എഫ്), കിറ്റ്കോ എന്നിവയുടെ ഉദ്യോഗസ്ഥർ, കിഫ്ബി പ്രതിനിധികൾ എന്നിവർക്കൊപ്പമായിരുന്നു സന്ദർശനം.

ഇൻഡോർ സ്റ്റേഡിയത്തിന് സമീപം നിലവിൽ ഉപയോഗിക്കാതെ കിടക്കുന്ന നീന്തൽ കുളവും മന്ത്രി സന്ദർശിച്ചു.
എൺപത് ശതമാനത്തിലേറെ നിർമാണം പൂർത്തിയാക്കിയ ഇൻഡോർ സ്റ്റേഡിയത്തിൻ്റെ നിർമാണം വേഗത്തിൽ പൂർത്തിയാക്കാൻ നടപടികളുണ്ടാകണമെന്ന് സന്ദർശന ശേഷം നടന്ന അവലോകന യോഗത്തിൽ മന്ത്രി
ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നിർമാണങ്ങളുടെ ഗുണനിലവാരത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകരുത്. ലാൽ ബഹാദൂർ ശാസ്ത്രി സ്റ്റേഡിയത്തിൽ സിന്തറ്റിക് ട്രാക്കും ഗ്രൗണ്ടും ഉണ്ടെങ്കിലും പരിശീലനത്തിന് മാത്രം ഉപയോഗിക്കാനാകുന്ന സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും സ്റ്റേഡിയം പൂർണ തോതിൽ ഉപയോഗിക്കാൻ എന്ത് ചെയ്യാനാകും എന്നത് സംബന്ധിച്ച് നിർമാണ ചുമതലയുള്ള ഉദ്യോഗസ്ഥരും കോർപറേഷനും കായിക രംഗത്തെ വിദഗ്ധരും ജനപ്രതിനിധികളും യോഗം ചേർന്ന് നിർദേശങ്ങൾ റിപ്പോർട്ട് ആയി സർക്കാരിന് സമർപ്പിക്കണമെന്നും മന്ത്രി നിർദേശിച്ചു. റിപ്പോർട്ട് കായിക വകുപ്പ് പരിശോധിച്ച് തുടർനടപടി സ്വീകരിക്കും. മയ്യനാട് പഞ്ചായത്തിലെ നിര്‍ദിഷ്ട കാവടിവയൽ സ്റ്റേഡിയം നിർമാണം ഉടൻ ആരംഭിക്കണമെന്നും ഉദ്യോഗസ്ഥ തലത്തിൽ മെല്ലെപ്പോക്ക് ഉണ്ടാകരുതെന്നും മന്ത്രി നിർദേശിച്ചു .

ജില്ലയിലെ കായിക അടിസ്ഥാന സൗകര്യ വികസനത്തിന് ഏറെ പ്രാധാന്യമുള്ള പദ്ധതികളാണ് ഇവയെന്നും നിലവിലുള്ള  തടസ്സങ്ങൾ പരിഹരിച്ച് പദ്ധതികൾ വേഗത്തിൽ മുന്നോട്ടുകൊണ്ടുപോകുന്നതിന് മന്ത്രിയുടെ സന്ദർശനം സഹായിക്കുമെന്നും  വിഷ്ണു മോഹൻ എം എൽ എ പറഞ്ഞു. അവലോകന യോഗത്തിൽ മയ്യനാട് പഞ്ചായത്തംഗം വിപിൻ ജോസ്, കിറ്റ്കോ എം ഡി രാജേഷ് ബി, എസ് കെ എഫ് ചീഫ് എഞ്ചിനീയർ അനിൽ കുമാർ പി കെ, കിഫ്ബി സീനിയർ പ്രൊജക്റ്റ് മാനേജർ അഭിലാഷ് വിജയൻ, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് കെ രാധാകൃഷ്ണൻ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.

date