Skip to main content
..

ക്ഷീരരംഗത്ത് സ്വയംപര്യാപ്തതയാണ് ലക്ഷ്യം: മന്ത്രി ബിന്ദു കൃഷ്ണ

 

ക്ഷീരസ്വയംപര്യാപ്തതയാണ്  ലക്ഷ്യമെന്നും പ്രതിസന്ധികള്‍ മറികടന്ന് ക്ഷീരവികസന വകുപ്പ്  ലക്ഷ്യം കൈവരിക്കണമെന്നും ക്ഷീരവികസന മന്ത്രി ബിന്ദു കൃഷ്ണ.  ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച റീജിയണല്‍ സെമിനാറുകളുടെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ്  സ‍ർക്കാറിന്റെ ലക്ഷ്യമെന്നും ആ ലക്ഷ്യം അതിന് മുമ്പ് തന്നെ കൈവരിക്കാനാണ്  ശ്രമിക്കേണ്ടതെന്നും മന്ത്രി ഉദ്യാഗസ്ഥരോട് പറഞ്ഞു. കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. യുവാക്കളെ ക്ഷീരമേഖലയിലേക്ക് ആകര്‍ഷിക്കാനുള്ള പദ്ധതികളും നടപ്പാക്കിവരികയാണ്. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാന്‍ മേഖലയിലെ വിജയിച്ച മാതൃകകളും സാങ്കേതിക സാധ്യതകളും പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. 

കൊല്ലത്ത് രണ്ട് ദിവസമായി നടന്നുവന്ന ദക്ഷിണ മേഖല റീജിയണല്‍ സെമിനാറോടെയാണ് ക്ഷീരവികസന വകുപ്പിന്റെ മേഖല സെമിനാറുകള്‍ സമാപിച്ചത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളെ ഉള്‍പ്പെടുത്തി സംഘടിപ്പിച്ച ദക്ഷിണ മേഖല സെമിനാറില്‍ വിവിധ പദ്ധതികളുടെ പുരോഗതി, പ്രവര്‍ത്തനങ്ങള്‍, ജില്ലാതല നേട്ടങ്ങള്‍, ഭാവി പ്രവര്‍ത്തനങ്ങള്‍ എന്നിവ വിശദമായി പരിശോധിച്ചു. 58 ബ്ലോക്ക് തല ഉദ്യോഗസ്ഥരും അഞ്ച് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍മാരും റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചു. ക്ഷീരകര്‍ഷക ക്ഷേമം, ക്ഷീരമേഖലയുടെ വികസനം, ഉത്പാദനക്ഷമത വര്‍ധിപ്പിക്കല്‍, ഗുണനിലവാര നിയന്ത്രണം തുടങ്ങിയ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്തു. ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ ശാലിനി ഗോപിനാഥ്, ക്ഷീരകര്‍ഷക ക്ഷേമനിധി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജിജാ കൃഷ്ണന്‍, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സിനില കൃഷ്ണന്‍, വിവിധ ജില്ലകളിലെ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ എന്നിവര്‍ സെമിനാറിന് നേതൃത്വം നല്‍കി. റീജിയണല്‍ സെമിനാര്‍ പരമ്പരയുടെ ഭാഗമായി ഉത്തര മേഖല റീജിയണല്‍ സെമിനാര്‍ ജൂലൈ 23, 24 തീയതികളില്‍ കാസര്‍കോട് ജില്ലയിലും മധ്യമേഖല റീജിയണല്‍ സെമിനാര്‍ ജൂലൈ 30, 31 തീയതികളില്‍ എറണാകുളം ജില്ലയിലും പൂര്‍ത്തിയാക്കിയിരുന്നു.

date