Skip to main content
ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ഇലക്ട്രോണിക് മാലിന്യ മുക്തമാക്കുന്ന സമഗ്ര പദ്ധതി ഏകോപിപ്പിക്കുന്നതിനായി കൃഷി വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ദിഖിന്റെ അധ്യക്ഷതയില്‍ കല്‍പ്പറ്റ റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗം

*വയനാട് ഇ-മാലിന്യമുക്ത ജില്ലയാകുന്നു; സര്‍ക്കാര്‍ ഓഫീസുകളില്‍ പ്രത്യേക ഇ-മാലിന്യ ശേഖരണം 28 മുതല്‍*

ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും ഇലക്ട്രോണിക് മാലിന്യ മുക്തമാക്കുന്ന സമഗ്ര പദ്ധതിക്ക് തുടക്കമായി. വയനാടിനെ ഒക്ടോബര്‍ രണ്ടിനകം സമ്പൂര്‍ണ്ണ ഇ-മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കാന്‍ കൃഷി വകുപ്പ് മന്ത്രി അഡ്വ ടി. സിദ്ദിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. പദ്ധതിയുടെ ഭാഗമായി ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളില്‍ കെട്ടിക്കിടക്കുന്ന ഇ-മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് താലൂക്ക് അടിസ്ഥാനത്തില്‍ പ്രത്യേക ഡ്രൈവ് സംഘടിപ്പിക്കും. സെപ്റ്റംബര്‍ 28 ന് മാനന്തവാടി ജി.വി.എച്ച്.എസ് സ്‌കൂള്‍ മാനന്തവാടി, 29 ന് സുല്‍ത്താന്‍ ബത്തേരി മിനി സിവില്‍ സ്റ്റേഷന്‍, 30 ന് കല്‍പ്പറ്റ സിവില്‍ സ്റ്റേഷനിലെ പ്ലാനിങ് ഓഫീസ് കെട്ടിടത്തിന്റെ പാര്‍ക്കിങ്ങ് എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് ക്ലീന്‍ കേരള കമ്പനി മാലിന്യ ശേഖരണം നടത്തും. രാവിലെ 10 മുതല്‍ വൈകിട്ട് മുന്ന്  വരെ നിശ്ചിത കേന്ദ്രങ്ങളില്‍ നിന്നും ഇ-മാലിന്യങ്ങള്‍ ശേഖരിക്കും. നിശ്ചിത സമയപരിധിക്കകം ജില്ലയിലെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നുള്ള ഇലക്ട്രോണിക് മാലിന്യങ്ങള്‍ സുരക്ഷിതമായി നീക്കം ചെയ്യതെന്ന് ഉറപ്പാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇ-മാലിന്യം കൈമാറുന്നതിന് മുന്നോടിയായി ബന്ധപ്പെട്ട ഓഫീസുകള്‍ നിര്‍ദ്ദിഷ്ട ഗൂഗിള്‍ ഫോം ലിങ്ക് https://docs.google.com/forms/d/e/1FAIpQLSdpyH30hfREpjBi9zY4R6O7MhNqzlZVQda3aDaBeyL_PYNr9Q/viewform?usp=publish-editor മുഖേന വിവരങ്ങള്‍ നല്‍കണം. പദ്ധതി ഏകോപനത്തിനായി കല്‍പ്പറ്റ റസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ വി. ചെല്‍സസിനി, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി.സി മജീദ്, ജില്ലാ ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.എസ് ശ്രീജേശ്, ജില്ലാ പ്ലാനിങ് ഓഫീസര്‍ എം കലാമുദ്ദീന്‍, ശുചിത്വമിഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു. 

 

date