ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ (സെപ്റ്റ്ബർ 23) മന്ത്രി ബിന്ദു കൃഷ്ണ നിർവഹിക്കും
സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി തൊഴിൽ വകുപ്പ് ആരംഭിക്കുന്ന ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി ബിന്ദുകൃഷ്ണ നിർവഹിക്കും. നാളെ (സെപ്റ്റംബർ 23) ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം വാൻറോസ് ജങ്ഷനിൽ പുതുതായി നിർമിച്ച ഗിഗ് വിശ്രമകേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ അധ്യക്ഷത വഹിക്കും ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ വിശിഷ്ടാതിഥിയാകും. ഡോ. ശശി തരൂർ എം.പി, തിരുവനന്തപുരം മേയർ ഡോ. വി വി രാജേഷ് എന്നിവർ മുഖ്യാതിഥികളാകുന്ന ചടങ്ങിൽ വാർഡ് കൗൺസിലർ സി ഹരികുമാർ, തൊഴിൽ വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ഷീബ ജോർജ്, ലേബർ കമ്മീഷണർ സഫ്‌ന നസറുദീൻ, അഡീഷണൽ ലേബർ കമ്മീഷണർ ബിച്ചു ബാലൻ എന്നിവർ സംബന്ധിക്കും. ഇതോടനുബന്ധിച്ച് കോഴിക്കോട്, എറണാകുളം ഗിഗ് വിശ്രമ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും നടക്കും.
ഓൺലൈൻ ഭക്ഷ്യവിതരണം, ഇ-കൊമേഴ്‌സ്, റൈഡ്-ഹെയിലിംഗ് തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഗിഗ് തൊഴിലാളികൾക്ക് ജോലിക്കിടയിൽ സുരക്ഷിതമായ വിശ്രമസൗകര്യവും അടിസ്ഥാന ക്ഷേമസൗകര്യങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. കസേരകൾ, ശുചിമുറി, വൈ ഫെ, ചാർജിങ് സൗകര്യങ്ങൾ എന്നിവ ഇതിന്റെ ഭാഗമായി സജ്ജീകരിച്ചിട്ടുണ്ട്. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ആദ്യഘട്ടത്തിൽ വിശ്രമകേന്ദ്രങ്ങൾ നിർമിച്ചത്. കേന്ദ്രങ്ങളുടെ നടത്തിപ്പിനായി ജീവനക്കാരെയും തൊഴിൽ വകുപ്പ് നിയോഗിച്ചിട്ടുണ്ട്. രാവിലെ എട്ട് മുതൽ ഉച്ച തിരിഞ്ഞ് മൂന്ന് വരെയും, മൂന്ന് മുതൽ രാത്രി 10 വരെയുമുള്ള രണ്ട് ഷിഫ്റ്റുകളിലായാണ് വിശ്രമകേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്. ഓരോ ഷിഫ്റ്റിലും രണ്ടു ജീവനക്കാർ വീതമുണ്ടാകും.
പി.എൻ.എക്‌സ്. 3886/2026
- Log in to post comments