സർക്കാർ ആശുപത്രികളിലെ സ്റ്റാഫ് പാറ്റേൺ പരിഷ്‌കരിക്കും: മന്ത്രി കെ.മുരളീധരൻ
#തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ ക്രിട്ടിക്കൽ കെയർ ബ്ലോക്കിന് തറക്കല്ലിട്ടു#
സർക്കാർ ആശുപത്രികളിലെ അമിത ജോലിഭാരം കുറയ്ക്കുന്നതിനായി 1960-കളിലെ പഴയ സ്റ്റാഫ് പാറ്റേൺ പരിഷ്‌കരിക്കാൻ സർക്കാർ തീരുമാനിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ. ധനകാര്യ വകുപ്പിന്റെ സഹകരണത്തോടെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും പുതിയ തസ്തികകൾ സൃഷ്ടിക്കുമെന്നും പ്രൈമറി ഹെൽത്ത് സെന്ററുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ പുതിയ നിയമനങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതിയ ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ തറക്കല്ലിടൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
നിലവിലുള്ള ഒഴിവുകൾ അടിയന്തരമായി നികത്തുന്നതിനൊപ്പമാണ് പുതിയ തസ്തികകളും സൃഷ്ടിക്കുന്നത്. ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്‌പെഷ്യാലിറ്റി സേവനം ഏർപ്പെടുത്തിയപ്പോൾ ഡോക്ടർമാരുടെ സംഘടനകൾ ആശങ്കകൾ പ്രകടിപ്പിച്ചിരുന്നതായും അവരുമായി സംസാരിച്ച് പരിഹാരങ്ങൾ തുടങ്ങിയതായും മന്ത്രി അറിയിച്ചു.
സർക്കാർ ആശുപത്രികളിൽ മരുന്നുകൾ പൂർണമായും ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ആശുപത്രികളുടെ സേവനങ്ങളെ തരംതാഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങളെ പ്രതിരോധിക്കണമെന്നും മന്ത്രി വ്യക്തമാക്കി. എക്കാലത്തും സാധാരണക്കാരുടെ പ്രധാന ആശ്രയം സർക്കാർ ആശുപത്രികളാണെന്നും മികച്ച സൗകര്യങ്ങൾ ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
ആശുപത്രികളിൽ മരുന്ന് ലഭ്യത ഉറപ്പാക്കാൻ അടിയന്തര നടപടികളാണ് സ്വീകരിക്കുന്നത്. അത്യാവശ്യമായ 855 മരുന്നുകളിൽ 664 എണ്ണത്തിനും പർച്ചേസ് ഓർഡർ നൽകിക്കഴിഞ്ഞു. ഇതിൽ 530ലധികം മരുന്നുകൾ നിലവിൽ ലഭ്യമാണ്. ബാക്കിയുള്ളവയ്ക്കായി വീണ്ടും ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. ആസ്പിരിൻ, ഡോക്‌സിസൈക്ലിൻ എന്നിവ ഈ മാസം അവസാനത്തോടെയും, ബാക്കി മുഴുവൻ മരുന്നുകളും ഒക്ടോബർ ആദ്യവാരത്തോടെയും പൂർണതോതിൽ ആശുപത്രികളിൽ ലഭ്യമാക്കുമെന്നും മന്ത്രി അറിയിച്ചു.
എച്ച്.എൽ.എൽ ലൈഫ് കെയർ ലിമിറ്റഡ് വഴി നിർമിക്കുന്ന പുതിയ ക്രിട്ടിക്കൽ കെയർ ബ്ലോക്കിന്റെ പ്രവൃത്തികൾ 18 മാസത്തിനകം പൂർത്തിയാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗുരുതരാവസ്ഥയിലുള്ള രോഗികൾക്ക് അടിയന്തര വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി 36,000 ചതുരശ്രയടി വിസ്തീർണത്തിൽ മൂന്ന് നിലകളായാണ് പുതിയ ബ്ലോക്ക് നിർമിക്കുന്നത്. ഭാവിയിൽ രണ്ട് നിലകൾ കൂടി നിർമിക്കാവുന്ന രീതിയിലാണ് ഇതിന്റെ രൂപകല്പന.
കാഷ്വാൽറ്റി, മെറ്റേണിറ്റി വാർഡ്, ലേബർ-ഡെലിവറി റിക്കവറി യൂണിറ്റുകൾ, എക്സ്റേ, അൾട്രാ സൗണ്ട് സ്‌കാനിംഗ്, മൈനർ ഓപ്പറേഷൻ തിയേറ്റർ എന്നിവയാണ് ഗ്രൗണ്ട് ഫ്ളോറിൽ ഉൾപ്പെടുന്നത്. ഒന്നാം നിലയിൽ ഡയാലിസിസ് യൂണിറ്റ്, ഐസൊലേഷൻ മുറികൾ, വിവിധ വാർഡുകളും രണ്ടാം നിലയിൽ ഇന്റൻസീവ് കെയർ യൂണിറ്റ്, ഹൈ ഡിപ്പൻഡൻസി യൂണിറ്റ്, ഓപറേഷൻ തിയേറ്റർ കോപ്ലക്സ് എന്നിവ ഉൾപ്പെടെ ഗുരുതര പരിചരണത്തിനും ശസ്ത്രക്രിയ സേവനങ്ങൾക്കുമുള്ള സൗകര്യങ്ങളുമാണ് ഒരുക്കുന്നത്.
നിർമാണ പ്രവർത്തനങ്ങൾക്കും മറ്റ് അനുബന്ധ സേവനങ്ങൾക്കുമായി എച്ച്.എൽ.എല്ലിന് 20.97 കോടി രൂപയും മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സിസ്റ്റം, മോഡുലാർ ഓപറേഷൻ തിയേറ്റർ ഫർണിഷിങ്,ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ സ്ഥാപിക്കൽ എന്നിവയ്ക്കായി കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന് 2.78 കോടി രൂപയുടെയും ഭരണാനുമതി നൽകിയിട്ടുണ്ട്.
മെഡിക്കൽ കോളേജ് പഴയ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.വി വിശ്വനാഥൻ, ആരോഗ്യ കേരളം മിഷൻ ഡയറക്ടർ ഡോ. രേണുരാജ്, ഡി.പി.എം ഡോ. അർനോൾഡ് ദീപക്, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. സി.ജി ജയചന്ദ്രൻ, പ്രിൻസിപ്പാൾ ഡോ. രഞ്ജു രവീന്ദ്രൻ തുടങ്ങിയവരും പങ്കെടുത്തു.
- Log in to post comments